
പുതുവർഷാഘോഷത്തിന്റെ പടക്കപ്പൊട്ടലുകളും പാർട്ടികളും കഴിഞ്ഞ് ലോകം പതുക്കെ ശാന്തമാകുന്ന ജനുവരി 2. ഈ ദിനം ലോകമെമ്പാടുമുള്ള ഇൻട്രോവേർട്ടുകൾക്ക് ഉള്ളതാണ്. ആൾക്കൂട്ടത്തിനിടയിൽ നിൽക്കുമ്പോൾ "എപ്പോഴൊന്നു വീട്ടിൽ പോയി സമാധാനമായി ഇരിക്കാം" എന്ന് ചിന്തിക്കുന്നവർ..ഇവരെ പലപ്പോഴും നാണംകുണുങ്ങികൾ എന്നും വിളിക്കാറുണ്ട്.
ക്രിസ്മസ് മുതൽ ന്യൂ ഇയർ വരെ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ തിരക്കിൽ ഇൻട്രോവേർട്ടുകൾ ശരിക്കും തളർന്നുപോകാറുണ്ട്. ഈ സോഷ്യൽ ബാറ്ററി റീചാർജ് ചെയ്യാൻ അവർക്ക് കുറച്ച് ഏകാന്തത ആവശ്യമാണ്. അതുകൊണ്ടാണ് ആഘോഷങ്ങളെല്ലാം കഴിഞ്ഞുള്ള ജനുവരി 2 ഈ ദിനമായി തിരഞ്ഞെടുത്തത്.
ഇതൊരു വെറും സ്വഭാവമല്ല, ശാസ്ത്രീയമായ പ്രത്യേകതയാണ്. ബഹിർമുഖരെ (Extroverts) അപേക്ഷിച്ച് അന്തർമുഖരുടെ തലച്ചോറിൽ ഡോപാമൈൻ എന്ന രാസവസ്തുവിനോടുള്ള പ്രതികരണം കുറവാണ്. അവർക്ക് സന്തോഷം കിട്ടാൻ വലിയ ബഹളങ്ങൾ വേണ്ട, പകരം ഒരു നല്ല പുസ്തകമോ പ്രിയപ്പെട്ട പാട്ടോ മതിയാകും.
ലോകത്തെ മാറ്റിമറിച്ച പല വലിയ കണ്ടുപിടുത്തങ്ങളും വിപ്ലവങ്ങളും ഉണ്ടായത് അന്തർമുഖരുടെ ശാന്തമായ ചിന്തകളിൽ നിന്നാണ്.
നിങ്ങളുടെ കൂട്ടത്തിൽ മിണ്ടാതിരിക്കുന്ന ആ സുഹൃത്ത് അഹങ്കാരിയല്ല, മറിച്ച് സ്വന്തം ചിന്തകളിൽ സന്തോഷം കണ്ടെത്തുന്ന ആളാണ്. അവരെ നിർബന്ധിച്ച് ആൾക്കൂട്ടത്തിലേക്ക് വലിച്ചിഴയ്ക്കാതെ, അവരുടെ നിശബ്ദതയെ ബഹുമാനിക്കുക എന്നതാണ് ഈ ദിനത്തിൽ നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം.
സിംഹം ഗർജിക്കുന്നതിന് മുൻപ് കാട്ടിൽ ഉണ്ടാകുന്ന നിശബ്ദത പോലെയാണ് ചിലരുടെ മിണ്ടാതിരിക്കൽ. അതിന് പിന്നിൽ വലിയൊരു ശക്തിയുണ്ട്..
അപ്പോ ഹാപ്പി ഇൻട്രോവേർട്ട് ഡേ…