മോദിക്ക് കത്തെഴുതിയ 49 പേർക്കെതിരെ കേസെടുപ്പിച്ച സീരിയൽ വ്യവഹാരി, സുധീർ കുമാർ ഓജ

By Web TeamFirst Published Oct 5, 2019, 4:24 PM IST
Highlights

അമ്പതുകാരനായ  ഓജ , തന്റെ 23  വർഷക്കാലത്തെ  അഭിഭാഷകജീവിതത്തിനിടെ,  കോടതിയിൽ ഫയൽ ചെയ്തിട്ടുള്ളത് 745  പൊതു താല്പര്യ ഹർജി(PIL) കളാണ്.  
 

സുധീർ കുമാർ ഓജ മുസഫർപൂർ കേന്ദ്രീകരിച്ച്  പ്രവർത്തിക്കുന്ന ഒരു അഭിഭാഷകനാണ്. ഇദ്ദേഹം നൽകിയ ഒരു പരാതിയിന്മേൽ കഴിഞ്ഞ ദിവസം ഒരു എഫ്‌ഐആർ ഫയൽ ചെയ്യപ്പെട്ടു. അതിൽ പ്രതി ചേർക്കപ്പെട്ടിരിക്കുന്നത് ചില്ലറക്കാരൊന്നുമല്ല, ചരിത്രകാരനായ രാമചന്ദ്ര ഗുഹ, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ,  സംവിധായകരായ മാണി രത്നം, അനുരാഗ് കശ്യപ്, ഗായിക ശുഭ മുദ്ഗൽ തുടങ്ങി ഇന്ത്യയുടെ സാമൂഹിക, സാംസ്കാരിക, കലാരംഗങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള നാല്പത്തൊമ്പതു പേർക്കെതിരെ ദേശദ്രോഹം, ജനദ്രോഹം, മതവികാരങ്ങൾ വ്രണപ്പെടുത്തൽ തുടങ്ങിയ അതീവഗൗരവമുള്ളതും ജാമ്യം പോലും കിട്ടാത്തതുമായ പലവിധ വകുപ്പുകളും ചാർത്തിയാണ് കേസ് ചാർജ്ജ് ചെയ്തിരിക്കുന്നത്.  ഇവരെല്ലാം ചേർന്നുകൊണ്ട് മാസങ്ങൾക്കു മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു തുറന്ന കത്തെഴുതിയിരുന്നു. രാജ്യത്ത് വർധിച്ചുവരുന്ന ആൾക്കൂട്ട കൊലപാതകങ്ങളോടുള്ള ശക്തമായ എതിർപ്പ് അറിയിച്ചുകൊണ്ട്, ജയ് ശ്രീറാം വിളികൾ കൊലവിളികളായി മാറുന്നതിനെതിരെ,  അത്തരത്തിലുള്ള കൊലകൾക്ക് ഒരറുതി വരുത്താൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചുകൊണ്ടുള്ള ഒന്നായിരുന്നു ആ എഴുത്ത്. അതിനെതിരെയാണ് ഓജ ഹർജി നൽകിയത്.

ഇപ്പോൾ, മുസഫർപൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആയ സൂര്യകാന്ത് തിവാരി, പ്രസ്തുത ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ട്  ഉത്തരവായതോടെയാണ്, പോലീസ് എഫ്‌ഐആർ ഇടുന്നത്. പ്രസ്തുത കത്ത് രാഷ്ട്രത്തിന്റെ പ്രതിച്ഛായക്ക് ഭംഗമുണ്ടാക്കി എന്നും, പ്രധാനമന്ത്രിയുടെ ഭരണനേട്ടങ്ങൾ കുറച്ചുകാണുന്ന ഒന്നാണ് എന്നും, രാജ്യത്തെ വിഘടിപ്പിക്കുന്ന ശക്തികൾക്ക് കരുത്തുപകരുന്ന ഒന്നാണ് എന്നും ഒക്കെയുള്ള പരാതിയിലെ ആക്ഷേപങ്ങൾക്ക് കൂടുതൽ ബലം പകരുന്നതാണ് ഇപ്പോൾ കോടതിയിൽ നിന്ന് പ്രസ്തുത വിഷയത്തിൽ എഫ്‌ഐആർ ഇടാൻ ആവശ്യപ്പെട്ടുകൊണ്ട് വന്നിട്ടുള്ള ഈ ഉത്തരവ്. 

മേൽപ്പറഞ്ഞ 49 വ്യക്തികളിൽ പലരും തങ്ങളുടെ ജീവിതത്തിൽ ഒരുപക്ഷേ, ആദ്യമായിട്ടായിരിക്കും കോടതി കേറുന്നത്. എന്നാൽ സുധീർ കുമാർ ഓജയ്ക്ക് കോടതി വ്യവഹാരങ്ങൾ നിത്യാഭ്യാസങ്ങളാണ്.  ബോളിവുഡ് സിനിമകളിലെ ചുംബന രംഗങ്ങളുടെ പേരിൽ തുടങ്ങി, ജങ്ക് ഫുഡിന്റെ പരസ്യത്തിന്റെ പേരിൽ വരെ  പല പ്രമുഖരെയും കോടതികയറ്റിയ ചരിത്രമുണ്ട് ഓജ വക്കീലിന്.  ആ പട്ടികയിൽ ഹൃഥ്വിക് റോഷൻ, അമിതാഭ് ബച്ചൻ, ലാലുപ്രസാദ് യാദവ്, എന്തിന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങ് പോലുമുണ്ട്.  അമ്പതുകാരനായ  ഓജ , തന്റെ 23  വർഷക്കാലത്തെ  അഭിഭാഷകജീവിതത്തിനിടെ,  കോടതിയിൽ ഫയൽ ചെയ്തിട്ടുള്ളത് 745  പൊതു താല്പര്യ ഹർജി(PIL) കളാണ്.  

" പ്രധാനമന്ത്രിക്ക് കത്തെഴുതാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ അതുപരസ്യമാക്കുകയും, മാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തതിലൂടെ അവർ രാജ്യത്തിൻറെ പ്രതിച്ഛായ തകർക്കാൻ മാത്രമാണ് ശ്രമിച്ചത്. ഉത്തരവാദിത്തമുള്ള പൗരൻ എന്ന നിലയ്ക്ക് അതിനെ ചെറുക്കാൻ ഞാൻ ബാധ്യസ്ഥനാണ്.." എന്ന് ഓജ മാധ്യമങ്ങളോട് പറഞ്ഞു. 

2007-ൽ ധൂം 2  സിനിമയിലെ ഒരു ചുംബനരംഗമാണ് ഋഥ്വിക് റോഷനെ കോടതി കയറ്റിയത്.രംഗത്തിൽ അശ്ലീലം ആരോപിച്ച് കേസ് ഫയൽ ചെയ്‌തെങ്കിലും, പിന്നീട്  ആ രംഗം വെട്ടിമാറ്റാം എന്ന ഉറപ്പ് സിനിമയുടെ നിർമാതാക്കൾ ഉറപ്പുനല്കിയതോടെ താൻ കേസ് പിൻവലിക്കുകയായിരുന്നു എന്ന് ഓജ പറയുന്നു. അതേ വർഷം തന്നെയാണ്, ദേശീയപാതയിൽ ഹെലികോപ്റ്റർ ലാൻഡ് ചെയ്തതിന്റെ പേരിൽ ലാലുപ്രസാദ് യാദവിനെതിരെ ഓജ കേസുകൊടുക്കുന്നത്.  ആ കേസ് മജിസ്‌ട്രേറ്റ് കോടതി തള്ളിക്കളഞ്ഞെങ്കിലും, മേൽക്കോടതിയിൽ കേസ് തുടരുകയാണ് ഓജ. എന്തായാലും താൻ കേസുകൊടുത്തതിൽ പിന്നെ ആരും തന്നെ ദേശീയപാതയിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങാനുള്ള ധൈര്യം കാണിച്ചിട്ടില്ല എന്ന് ഓജ അവകാശപ്പെടുന്നുണ്ട്.

2006-ൽ ഛട്ട് പൂജയെ നാടകം എന്ന് വിശേഷിപ്പിച്ച രാജ് താക്കറെയും ഓജ കോടതി കയറ്റുകയുണ്ടായി. ബിഹാറികളുടെ മതവികാരം വ്രണപ്പെടുത്തിയതിനായിരുന്നു കേസ്. ആ കേസിൽ താക്കറെക്ക് സുപ്രീം കോടതിയിൽ ചെന്ന് ജാമ്യം എടുക്കേണ്ടി വന്നു എന്നാണ് ഓജ പറയുന്നത്. തമിഴ്‌നാടിനും ശ്രീലങ്കയ്ക്കുമിടയിലുള ശ്രീരാമസേതു പ്രകൃതിദത്തമാണ്, മനുഷ്യ നിർമ്മിതമല്ല എന്ന് പരസ്യമായി പറഞ്ഞതിനാണ് മുൻ പ്രധാനമന്ത്രിക്കും മുൻ ബെംഗാൾ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാർജിക്കുമെതിരെ ഓജ കേസുകൊടുക്കുന്നത്.  മാഗിയുടെ പരസ്യത്തിൽ അഭിനയിച്ചു എന്നതിന്റെ പേരിലായിരുന്നു അമിതാഭ് ബച്ചനെതിരെ ഓജയുടെ പടപ്പുറപ്പാട്. മാഗി പോലുള്ള ജങ്ക് ഫുഡുകൾ മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമാണ് എന്ന പക്ഷക്കാരനാണ് ഓജ. 

തന്റെ നയങ്ങളെ, ഇടക്കിടെയുള്ള തന്റെയീ കോടതിവ്യവഹാരങ്ങളെ, പബ്ലിസിറ്റി സ്റ്റണ്ട് എന്നാക്ഷേപിച്ച് പരിഹസിച്ചുതള്ളുന്നവരോട് ഓജയ്ക്ക് ഒന്നേ പറയാനുള്ളൂ, " നിങ്ങൾ എന്നെപ്പറ്റി എന്തുതന്നെ ധരിച്ചാലും ശരി, ഈ രാജ്യത്തിൻറെ നീതിന്യായ വ്യവസ്ഥ പ്രയോജനപ്പെടുത്തിക്കൊണ്ട് ജനങ്ങളുടെ ദുരിതങ്ങൾക്ക് പരിഹാരം കാണുന്നത് ഞാൻ തുടരുക തന്നെ ചെയ്യും.." 

click me!