Beggar accepts digital payment : ഭിക്ഷ നൽകാൻ ചില്ലറയില്ലെങ്കിലും സാരമില്ല, ​ഗൂ​ഗിൾ പേയുണ്ടെന്ന് രാജു

Published : Feb 09, 2022, 07:00 AM IST
Beggar accepts digital payment : ഭിക്ഷ നൽകാൻ ചില്ലറയില്ലെങ്കിലും സാരമില്ല, ​ഗൂ​ഗിൾ പേയുണ്ടെന്ന് രാജു

Synopsis

'പലപ്പോഴും കൈയിൽ ചില്ലറയിലെന്ന് പറഞ്ഞ് ആളുകൾ എനിക്ക് ഭിക്ഷ നിഷേധിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിൽ പണവും കൊണ്ട് നടക്കേണ്ട ആവശ്യമില്ലെന്ന് നിരവധി യാത്രക്കാർ പറഞ്ഞു. അതുകൊണ്ട് തന്നെ ഞാൻ ഒരു ബാങ്ക് അക്കൗണ്ടും ഇ-വാലറ്റും തുറന്നു.'

പകർച്ചവ്യാധി( മൂലം ഇപ്പോൾ ഇടപാടുകൾ കൂടുതൽ പണരഹിതമായി. ശേഷം ആളുകൾ പഴയപോലെ നോട്ടുകെട്ടുകൾ കൈയിൽ കൊണ്ട് നടക്കാറില്ല. പലരും ഡിജിറ്റൽ പേമെന്റുകളിലേയ്ക്ക് മാറിയിരിക്കുന്നു. ഓട്ടോക്കാരനായാലോ, വഴിയരികിൽ പച്ചക്കറി വിൽക്കുന്ന ആളായാലോ എല്ലാവരുടെയും കൈയിൽ കാണും ഗൂഗിൾ പേ. ബിഹാറിലെ ഒരു ഭിക്ഷാടകനും(beggar) കാര്യങ്ങൾ അല്പമൊന്ന് മാറ്റിപ്പിടിക്കാൻ തീരുമാനിക്കുകയുണ്ടായി. എങ്ങനെയെന്നല്ലേ?

ബെട്ടിയ റെയിൽവേ സ്റ്റേഷനിൽ(Bettiah Railway Station) ഭിക്ഷ യാചിക്കുന്ന 40 -കാരനാണ് രാജു പട്ടേൽ(Raju Patel). ഭിക്ഷയായി ചില്ലറ നൽകാൻ ഇല്ലാത്തവർക്കായി ഒരു പുതിയ മാർ​ഗം അദ്ദേഹം കണ്ടെത്തി, പണം ഡിജിറ്റൽ മണിയായി നൽകാനുള്ള സൗകര്യം. ഇതിനായി അദ്ദേഹം കഴുത്തിൽ ക്യുആർ കോഡ് പതിച്ച കാർഡും ധരിച്ചാണ് നടപ്പ്. ഫോൺ പേ, പേടിഎം എന്നിവയിലൂടെ അദ്ദേഹം പണം സ്വീകരിക്കും. അങ്ങനെ ഒരു ഡിജിറ്റൽ യാചകനായി മാറിയിരിക്കയാണ് രാജു. വ്യത്യസ്‌ത ഓൺലൈൻ പേമെന്റ് പ്ലാറ്റ്‌ഫോമുകളുടെ ക്യുആർ കോഡുകളുമായി ബെട്ടിയ റെയിൽവേ സ്റ്റേഷനിൽ ഭിക്ഷ തേടി അലയുന്നത് നമുക്ക് കാണാം. മുമ്പ് ഭിക്ഷ ചോദിച്ച് ചെല്ലുമ്പോൾ അദ്ദേഹത്തെ ആളുകൾ ആട്ടിയോടിക്കുമായിരുന്നു. എന്നാൽ, ഈ പുതിയ മാർഗം കൂടുതൽ ഫലപ്രദമാണ് എന്ന് അദ്ദേഹം പറയുന്നു.

ഇതിനായി രാജുവിന് സ്വന്തമായി ഒരു ബാങ്ക് അക്കൗണ്ടുമുണ്ട്. ഇതിലൂടെയാണ് അദ്ദേഹം ഡിജിറ്റൽ പണമിടപാടുകൾ സ്വീകരിക്കുന്നത്. ഇത് വഴി തന്റെ വയർ നിറയാനുള്ളത് കിട്ടുന്നുണ്ടെന്ന് രാജു പറയുന്നു. മുൻ സംസ്ഥാന മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ അനുയായിയാണ് താനെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ രാജു കേൾക്കാറുമുണ്ട്. പ്രധാനമന്ത്രി മോദിയുടെ 'മൻ കി ബാത്ത്' എന്ന റേഡിയോ പരിപാടി കേൾക്കാനും താൻ ഒരിക്കലും മറക്കാറില്ലെന്ന് യാചകൻ പറഞ്ഞു. മോദിയുടെ ഡിജിറ്റൽ ഇന്ത്യ കാമ്പെയ്‌നിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് രാജു ഇത് ചെയ്തത്. മാനസിക വെല്ലുവിളി നേരിടുന്ന അദ്ദേഹം കാലങ്ങളായി ഭിക്ഷാടനത്തിലൂടെയാണ് തന്റെ ഉപജീവനം കഴിക്കുന്നത്.

"കുട്ടിക്കാലം മുതൽ ഞാൻ ഇവിടെ യാചിച്ചാണ് ജീവിക്കുന്നത്. എന്നാൽ, ഈ ഡിജിറ്റൽ യുഗത്തിൽ ഞാൻ യാചനയുടെ രീതി ഒന്ന് മാറ്റി. ഭിക്ഷാടനം കഴിഞ്ഞ് ഞാൻ സ്റ്റേഷനിൽ തന്നെയാണ് ഉറങ്ങുന്നത്. എനിക്ക് മറ്റ് ഉപജീവനമാർഗ്ഗമൊന്നും അറിയില്ല. പലപ്പോഴും കൈയിൽ ചില്ലറയിലെന്ന് പറഞ്ഞ് ആളുകൾ എനിക്ക് ഭിക്ഷ നിഷേധിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിൽ പണവും കൊണ്ട് നടക്കേണ്ട ആവശ്യമില്ലെന്ന് നിരവധി യാത്രക്കാർ പറഞ്ഞു. അതുകൊണ്ട് തന്നെ ഞാൻ ഒരു ബാങ്ക് അക്കൗണ്ടും ഇ-വാലറ്റും തുറന്നു" അദ്ദേഹം പറഞ്ഞു. 

ഇപ്പോൾ ആളുകൾ തന്റെ ഇ-വാലറ്റിലേക്ക് പണം കൈമാറാൻ തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ബാങ്ക് അക്കൗണ്ട് തുറക്കാൻ ആധാറും പാൻ കാർഡും വേണമെന്ന് ബാങ്ക് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം ഒരു പാൻ കാർഡും സംഘടിപ്പിച്ചു. തുടർന്ന്, അദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബെട്ടിയയിലെ പ്രധാന ശാഖയിൽ ഒരു അക്കൗണ്ട് തുറക്കുകയും ഒരു ഇ-വാലറ്റ് ഉണ്ടാക്കുകയും ചെയ്തു. അദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കാൻ ഇപ്പോൾ നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.  

PREV
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!