അമേരിക്കയിലെ ഏറ്റവും വലിയ കൊവിഡ് ഹോട്ട്സ്പോട്ട് ചൈനീസ് ഉടമസ്ഥതയിലുള്ള ഈ പോർക്ക് ഫാക്ടറി

By Web TeamFirst Published Apr 18, 2020, 11:39 AM IST
Highlights

ഒരു ദിവസം ഏതാണ്ട് 20,000 പന്നികളെ വരെ അറുത്ത്, പ്രോസസ്സ് ചെയ്‌തെടുക്കുന്ന ഈ വൻ സ്ഥാപനത്തിൽ ഇതുവരെ 733 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 

'സ്മിത്ത്ഫീൽഡ്സ് ഫുഡ്‌സ്' എന്നത് ലോകത്തിലെ തന്നെ ഏറ്റവും വലിയ പോർക്ക് പ്രോസസിംഗ് കമ്പനികളിൽ ഒന്നാണ്. സിയൂക്സ് ഫാൾസിലുള്ള അവരുടെ ഫാക്ടറിയിലുണ്ടായ കൊവിഡ് ഹോട്ട്സ്പോട്ടിന്റെ പേരിൽ ഈ സ്ഥാപനം തുടർച്ചയായി മാധ്യമങ്ങളിൽ ഇടം പിടിച്ചിട്ട് കുറച്ചു ദിവസങ്ങളായി. അമേരിക്കയിലെ മൂന്നു സ്റ്റേറ്റുകളിലെ സ്മിത്ത്ഫീൽഡ്സ് ഫാക്ടറികൾ അടച്ചു പൂട്ടിക്കഴിഞ്ഞു. ഇവിടെയും അധികമാരുമറിയാത്ത ഒരു ചൈനീസ് ബന്ധമുണ്ട്. ഈ പ്രസിദ്ധമായ മാംസ സംസ്കരണ സ്ഥാപനം ചൈനീസ് ശതകോടീശ്വരൻ വാൻ ലോങിന്റെ ഉടമസ്ഥതയിലാണ് പ്രവർത്തിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് നഷ്ടത്തിൽ ഓടിക്കൊണ്ടിരുന്ന ഒരു പൊതുമേഖലാ മീറ്റ് പ്രോസസിംഗ് സ്ഥാപനം വിലക്കുവാങ്ങി അതിനെ ഒരു ആഗോള പോർക്ക് പ്രോസസിംഗ് സ്ഥാപനമാക്കി മാറ്റുകയായിരുന്നു അദ്ദേഹം. ഇന്ന് വർഷാവർഷം 2400 കോടി ഡോളറിന്റെ വാർഷികവിറ്റുവരവുള്ള സ്മിത്ത്ഫീൽഡ്സ് തങ്ങളുടെ സൗത്ത് ഡക്കോട്ട ഫാക്ടറിയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊവിഡ് വ്യാപനത്തിന്റെ പേരിൽ ഏറെ പഴികേൾക്കുന്ന അവസ്ഥയിലാണ്. ജീവനക്കാർക്കിടയിൽ അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് ബാധ നിയന്ത്രണാധീനമാക്കാൻ പണിപ്പെട്ടുകൊണ്ടിരിക്കുകയാണ്.  

 

 

ഇന്നലെ വരെ കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത് 533 ഫാക്ടറി ജീവനക്കാർക്കും, അവരുമായി സമ്പർക്കം പുലർത്തിയ 135 പേർക്കുമാണ്. അതോടെ സ്മിത്ത് ഫീൽഡ്‌സുമായി ബന്ധമുള്ള മൊത്തം സംക്രമണങ്ങളുടെ എണ്ണം 733 ആയി. ഈ ഫാക്ടറി സൗത്ത് ഡക്കോട്ട എന്ന അമേരിക്കയുടെ മധ്യ പശ്ചിമ ഭാഗത്തുള്ള ഒരു സ്റ്റേറ്റിലാണ്. 1936 മുതൽ പ്രവർത്തിക്കുന്ന സ്മിത്ത് ഫീൽഡ്സ് ഫുഡ്‌സിന്റെ ഹെഡ് ക്വാർട്ടേഴ്‌സ് വിർജിനിയയിലുള്ള സ്മിത്ത് ഫീൽഡ്‌സിലാണെങ്കിലും അവർക്ക് അമേരിക്കയിൽ മൊത്തമായി 40,000 -ൽ പരം ജീവനക്കാരും, 50 ലധികം ഫാക്ടറികളുമുണ്ട്. 2013 -ലാണ് ചൈനീസ് കമ്പനിയായ WH ഗ്രൂപ്പ് നഷ്ടത്തിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഈ കമ്പനിയെ വിലക്കുവാങ്ങുന്നത്. എൺപതുകാരനായ വാൻ ലോങ്ങ് തന്റെ പ്രവർത്തനപാടവത്തിലൂടെയാണ് സ്ഥാപനത്തെ ലാഭത്തിലാക്കിയെടുത്തത്. 

പ്രശ്നങ്ങളുടെ തുടക്കം മാർച്ച് 25 നാണ്. 'ആർഗസ് ലീഡർ' എന്ന ഒരു പ്രാദേശിക പത്രമാണ് ഒരു കൊവിഡ് പോസിറ്റീവ് കേസുണ്ടായിരുന്നിട്ടും തുറന്നു പ്രവർത്തിക്കുന്ന സിയൂക്സ് ഫാൾസിലുള്ള പോർക്കിറച്ചി പ്രോസസിംഗ് ഫാക്ടറിയെപ്പറ്റിയുള്ള വാർത്ത പ്രസിദ്ധീകരിക്കുന്നത്. അത് ബിഗ് സിയൂക്സ് നദിയോട് ചേർന്നുകിടക്കുന്ന ഒരു എട്ടുനിലക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ മാംസസംസ്കരണ സ്ഥാപനങ്ങളിൽ ഒന്നാണ്. ഒരു ദിവസം ഏതാണ്ട് 20,000 പന്നികളെ വരെ അറുത്ത് മാംസമാക്കി പ്രോസസ്സ് ചെയ്‌തെടുക്കുന്ന വൻ സ്ഥാപനം. പന്നിക്കുട്ടന്മാരെ കശാപ്പുചെയ്യൽ, കഷ്ണങ്ങളാക്കി മുറികൾ, ഗ്രൈൻഡ് ചെയ്തെടുത്ത് ബേക്കൺ ആക്കി മാറ്റുക തുടങ്ങിയ പ്രോസസിംഗ് പണികളാണ് ഇവിടെ നടക്കുന്നത്. ഈ ഫാക്ടറിയിൽ മാത്രം പ്രവർത്തിക്കുന്നത് 4000 -ത്തോളം  തൊഴിലാളികളാണ്. 

 

കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച തൊഴിലാളിയെ ക്വാറന്റൈനിൽ ആക്കിയെന്നും, ഫാക്ടറി പരിസരങ്ങൾ പലതവണ സാനിറ്റൈസ് ചെയ്തു എന്നും, ഇനി കുഴപ്പമൊന്നും തന്നെ ഉണ്ടാവില്ലെന്നുമാണ് ഫാക്ടറി അധികൃതർ വാർത്ത വന്ന ശേഷവും പറഞ്ഞുകൊണ്ടിരുന്നത്. ട്രംപ് 'ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ച്ചർ ഇൻഡസ്ട്രി' എന്ന വിഭാഗത്തിൽ പെടുത്തി പ്രവർത്തനാനുമതി നൽകിയിരുന്ന ഫാക്ടറി അപ്പോഴും പ്രവർത്തിച്ചുകൊണ്ടിരുന്നു. "ജോലിക്കാരുടെ ആരോഗ്യത്തിനു പ്രഥമ പരിഗണന കൊടുത്തുകൊണ്ട്, പരമാവധി മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ട്' എന്നൊക്കെയാണ് ഫാക്ടറി അധികൃതർ പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ അന്ന് പത്രത്തിൽ വന്ന കേസ് ആദ്യത്തേതല്ല എന്ന് പിന്നീട് തെളിഞ്ഞു. കേസുകളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. ആദ്യം 80 ആയി, പിന്നെ 190 ആയി, പിന്നെ അത്  238 ആയി. ഏപ്രിൽ 9 -ന് ഫാക്ടറി ആദ്യം മൂന്നു ദിവസത്തേക്ക് അടച്ചിട്ടു. ഏപ്രിൽ 15 ആയപ്പോഴേക്കും 644 സ്ഥിരീകരണങ്ങളോടെ അമേരിക്കയിലെ ഏറ്റവും വലിയ കോവിഡ് ഹോട്ട്സ്പോട്ട് ആയി ഫാക്ടറി മാറി. സൗത്ത് ഡക്കോട്ടയിലെ കേസുകളിലെ 55  ശതമാനവും ഈ ഫാക്ടറിയിൽ നിന്നായിരുന്നു.

 

 

വിവിധ രാജ്യങ്ങളിൽ നിന്നും വന്നു പാർക്കുന്ന കുടിയേറ്റ തൊഴിലാളികളായിരുന്നു ഈ ഫാക്ടറിയിലെ ജോലിക്കാർ. മ്യാന്മാർ, എത്യോപ്യ, നേപ്പാൾ, കോംഗോ, എൽസാൽവദോർ എന്നിങ്ങനെ പല രാജ്യങ്ങളിൽ നിന്ന് അമേരിക്കയിൽ വന്നു തൊഴിലെടുത്തിരുന്ന ഈ ഫാക്ടറിയിലെ പ്ലാന്റിൽ 80 -ലധികം ഭാഷകൾ സംസാരിക്കപ്പെട്ടിരുന്നു. തുച്ഛമായ ശമ്പളമായിരുന്നു ഇവിടെ എങ്കിലും സ്വന്തം നാട്ടിലെ ദയനീയമായ അവസ്ഥയിൽ നിന്ന് രക്ഷപ്പെടാൻ അമേരിക്കൻ സ്വപ്നവുമായി വന്നെത്തുന്നവർക്ക് മണിക്കൂറൊന്നിന് പതിനഞ്ചു ഡോളർ കിട്ടിയാൽ അതും സ്വർഗ്ഗം തന്നെയായിരുന്നു. ജോലിയുടെ ഷിഫ്റ്റ് പലപ്പോഴും വളരെ നീണ്ടതായിരുന്നു. പ്രൊഡക്ഷൻ ലൈനിൽ നിന്നുള്ള പണിയാണ്, പലപ്പോഴും കൂടെ ജോലി ചെയ്യുന്നയാൾ  മറ്റൊരാളിൽ നിന്ന് ഒന്നോ രണ്ടോ അടി അകലെയാവും നിൽക്കുന്നത്. സാമൂഹിക അകലം പാലിക്കലൊക്കെ ഏറെ പ്രയാസമായിരുന്നു. തൊഴിലാളികളെ പരമാവധി ചൂഷണം ചെയ്തുകൊണ്ടുള്ള തൊഴിൽ സാഹചര്യങ്ങളാണ് ഫാക്ടറിയിൽ നിലനിൽക്കുന്നത് എന്നും, അതുതന്നെയാണ് ഇത്രയും കൂടുതലായി രോഗവ്യാപനമുണ്ടാവാൻ ഇടയാക്കിയത് എന്നും തൊഴിലാളികൾക്കിടയിൽ മുറുമുറുപ്പുണ്ട്. 

കാര്യം കൊവിഡ് ഹോട്ട് സ്പോട്ടൊക്കെ ആണെങ്കിലും, അമേരിക്കൻ തീന്മേശകളിൽ പോർക്ക് എത്തിക്കുന്ന ഫാക്ടറി ആയതുകൊണ്ടും, പോർക്ക് അമേരിക്കൻ ഭക്ഷണശീലങ്ങളുടെ ഒഴിവാക്കാനാകാത്ത ഒരു ഭാഗമായതിനാലും എത്രയും പെട്ടെന്ന് അസുഖമുള്ളവർ ഐസൊലേറ്റ് ചെയ്ത് അസുഖം നിയന്ത്രണാധീനമാക്കി ഫാക്ടറി വീണ്ടും തുറന്നുപ്രവർത്തിക്കാൻ വേണ്ടി സിഡിസി അധികൃതരുമായി ചേർന്ന് കഠിനപ്രയത്നം നടത്തുകയാണ് ഫാക്ടറി അധികൃതർ ഇപ്പോൾ.   

click me!