
കമ്പനികൾക്ക് ലാഭമുണ്ടായാൽ തൊഴിലാളികൾക്കും ലാഭമുണ്ടാകുമോ? ചിലപ്പോൾ ശമ്പളവും ബോണസും എല്ലാം കൂടിയേക്കും അല്ലേ? എന്നാൽ, ചൈനയിൽ നിന്നുള്ള ഒരു റെസ്റ്റോറന്റ് ഇതൊന്നുമല്ല ചെയ്തത്. ലാഭം വന്നതിൽ നിന്നുള്ള 64 ലക്ഷത്തിലധികം രൂപ ജീവനക്കാർക്ക് വിതരണം ചെയ്തു. റെസ്റ്റോറന്റിനെ അഭിനന്ദിക്കുകയാണ് ഇപ്പോൾ ചൈനീസ് സോഷ്യൽ മീഡിയ.
സൗത്ത് ചൈന മോണിംഗ് പോസ്റ്റിൻ്റെ റിപ്പോർട്ട് പ്രകാരം, തെക്കുപടിഞ്ഞാറൻ ചൈനയിലെ ക്വിലിച്ച്‌വാൻ ഹോട്ട്‌പോട്ട് റെസ്റ്റോറൻ്റിൻ്റെ ഉടമയായ ഹുവാങ് ഹൗമിംഗാണ് ലാഭം ജീവനക്കാർക്ക് വിതരണം ചെയ്തത്. ഇത് പ്രശസ്തനാവാൻ വേണ്ടി ചെയ്തതാണോ എന്ന് പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ, ഇത് അങ്ങനെ ചെയ്തതല്ല എന്നും വർഷങ്ങളായി തങ്ങളുടെ സ്ഥാപനം തുടരുന്ന ഒരു ശീലമാണ് എന്നുമാണ് ഹുവാങ് പറയുന്നത്.
ചൈനയിൽ തന്നെ ഇവരുടെ റെസ്റ്റോറന്റിന് എട്ട് ബ്രാഞ്ചുകളുണ്ട്. ചൈനീസ് സ്പ്രിംഗ് ഫെസ്റ്റിവൽ നടന്ന മൂന്ന് ദിവസങ്ങളിലായി 1.2 കോടിയിലധികം രൂപയുടെ വിൽപ്പനയാണ് ഈ റെസ്റ്റോറന്റുകളിൽ നടന്നത്. ജീവനക്കാരുടെ കഠിനാധ്വാനം കൂടിയാണ് ഇതിന് പിന്നിലെന്ന് മനസിലാക്കിയാണ് അതിൽ നിന്നുള്ള ലാഭം ജീവനക്കാർക്കിടയിൽ തന്നെ വിതരണം ചെയ്യാൻ തീരുമാനിച്ചതത്രെ.
ഏറ്റവും കൂടുതൽ വരുമാനമുള്ള ബ്രാഞ്ചിലെ മാനേജർമാർക്ക് 2.18 ലക്ഷം രൂപ വരെയാണ് ഇങ്ങനെ ലഭിച്ചത്. മറ്റ് ചിലർക്ക് 84,000 രൂപയിലധികം ലഭിച്ചു. ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്ന ജീവനക്കാർക്ക് പോലും 7,200 മുതൽ 8,400 രൂപ വരെ വരുന്ന തുക ലഭിച്ചു എന്നും റിപ്പോർട്ടുകൾ പറയുന്നു. ജീവനക്കാരുടെ സന്തോഷത്തിന് വേണ്ടിയാണ് ഇത് ചെയ്തത് എന്നും ഹുവാങ് പറയുന്നു.
200 -ലധികം ജീവനക്കാരാണ് ഈ റെസ്റ്റോറൻ്റിൽ ജോലി ചെയ്യുന്നത്. എന്നാൽ 140-ഓളം ജീവനക്കാർക്ക് മാത്രമാണ് ബോണസിന് അർഹത ലഭിച്ചത്. ചില തൊഴിലാളികൾ ഈ തിരക്കേറിയ സമയങ്ങളിൽ അവധിയെടുത്തിരുന്നു എന്നും അവർക്ക് തുക കിട്ടിയിരുന്നില്ല എന്നും പറയുന്നു.
(ചിത്രം പ്രതീകാത്മകം)