ലോക്ക്ഡൗണിനെ തുടര്‍ന്ന് കഷ്‍ടത്തിലായവര്‍ക്ക് സഹായവുമായി പ്രിന്‍സിപ്പലും ഭര്‍ത്താവും; ചെലവഴിച്ചത് നാലുലക്ഷം രൂപ

By Web TeamFirst Published Jul 26, 2020, 1:00 PM IST
Highlights

അത് മാത്രമായിരുന്നില്ല, ലോക്ക്ഡൗണ്‍ കാരണം മാതാപിതാക്കള്‍ക്ക് തൊഴിലില്ലാതായതിനെ തുടര്‍ന്ന് പല വീടുകളിലും കുട്ടികള്‍ക്ക് രണ്ടുനേരം പോലും ഭക്ഷണം കഴിക്കാനുണ്ടായിരുന്നില്ല. 

മുംബൈയിലെ മലാഡിലുള്ള ഈ ദമ്പതികള്‍ ലോക്ക്ഡൗണ്‍ സമയത്ത് എങ്ങനെയാണ് മറ്റുള്ളവര്‍ക്ക് കരുതലാവുക എന്ന് പ്രവൃത്തിയിലൂടെ കാണിച്ചുതരികയാണ്. സുഹൃത്തുക്കളുടെ സഹായത്തോടെ പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിക്കുന്നതോടൊപ്പം ഇപ്പോള്‍ തെരുവുകളില്‍ കഴിയുന്ന മനുഷ്യര്‍ക്ക് രണ്ടുനേരവും ഭക്ഷണം കിട്ടുന്നുണ്ട് എന്നുകൂടി ഉറപ്പിക്കുകയാണിവര്‍. ഇങ്ങനെ 1500 പേര്‍ക്കാണ് ഇവര്‍ ഭക്ഷണസാധനങ്ങള്‍ നല്‍കിയതെന്ന് നവ്ഭാരത് ടൈംസില്‍ വന്ന ഒരു റിപ്പോര്‍ട്ട് പറയുന്നു. ഇതിനായി തങ്ങളുടെ നിക്ഷേപത്തില്‍ നിന്ന് നാലുലക്ഷം രൂപ അവര്‍ ചെലവഴിച്ചു. 

മിര്‍സ ഷെയ്ഖ്, മലാഡിലെ മാല്‍വാനിയിലാണ് താമസിക്കുന്നത്. പ്രദേശത്തെ ഒരു സ്‍കൂളിലെ പ്രിന്‍സിപ്പലായ മിര്‍സയും ലോക്ക്ഡൗണ്‍ സമയത്ത് മറ്റുള്ളവരെപ്പോലെ വീടിനകത്ത് കുടങ്ങിയിരിക്കുകയാണ്. ലോക്ക്ഡൗണ്‍ ആയതുകാരണം ഫീസടക്കാനാവില്ലെന്ന് അവരുടെ ചില വിദ്യാര്‍ത്ഥികള്‍ അവരെ വിളിച്ചറിയിച്ചു. 'അതു സാരമാക്കാനില്ലെന്നും പഠിത്തത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി'യെന്നുമാണ് മിര്‍സ അവരോട് പറഞ്ഞത്. അങ്ങനെ മൂന്നുമാസത്തെ ഫീസ് കുട്ടികളില്‍ നിന്നും വാങ്ങേണ്ടതില്ലെന്നും അവര്‍ തീരുമാനിച്ചു. 

അതുമാത്രമായിരുന്നില്ല, പല കുട്ടികളും വേറെയും ഒരുപാട് പ്രതിസന്ധിയിലൂടെ കടന്നുപോവുന്നുണ്ടായിരുന്നു. മിക്കവീടുകളിലും ഒറ്റ സ്‍മാര്‍ട്ട് ഫോണ്‍ മാത്രമാണുണ്ടായിരുന്നത്. അതാണെങ്കില്‍ അവരുടെ മാതാപിതാക്കള്‍ ഉപയോഗിക്കുന്നതുമായിരിക്കും. അത് പലപ്പോഴും ക്ലാസുകള്‍ കിട്ടുന്നതിന് തടസമാകുന്നു. അത് മാത്രമായിരുന്നില്ല, ലോക്ക്ഡൗണ്‍ കാരണം മാതാപിതാക്കള്‍ക്ക് തൊഴിലില്ലാതായതിനെ തുടര്‍ന്ന് പല വീടുകളിലും കുട്ടികള്‍ക്ക് രണ്ടുനേരം പോലും ഭക്ഷണം കഴിക്കാനുണ്ടായിരുന്നില്ല. 

അങ്ങനെ മിര്‍സ ഭര്‍ത്താവ് ഫയാസിനൊപ്പം ചേര്‍ന്ന് ചില സുഹൃത്തുക്കളുടെ കൂടി സഹായത്തോടെ ഈ പാവപ്പെട്ട മനുഷ്യര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ തീരുമാനിച്ചു. കുറേക്കാലം കൊണ്ട് സമ്പാദിച്ചുവച്ചിരുന്ന നാലുലക്ഷം രൂപയും ഇരുവരും എടുത്തു. അതുകൊണ്ട് മലാഡിലും പരിസരത്തുമുള്ള 1500 പേര്‍ക്ക് ഭക്ഷണസാധനങ്ങളെത്തിച്ചു നല്‍കി. 

ഓട്ടോ ഡ്രൈവറായ സാഗിര്‍ അഹമ്മദിന്‍റെ കൈക്ക് ചില പരിക്ക് പറ്റിയിരുന്നു. അതേത്തുടര്‍ന്ന് അദ്ദേഹത്തിന് ജോലി ചെയ്യാന്‍ പറ്റാതാവുകയും വരുമാനമാര്‍ഗം നിലക്കുകയും ചെയ്‍തു. ആ സമയത്ത് മിര്‍സയാണ് അദ്ദേഹത്തെ സഹായിച്ചത്. അതുപോലെത്തന്നെ വീട്ടുവേലക്കാരിയായി ജോലി നോക്കുകയായിരുന്ന ഷബാന ഷെയ്‍ഖിനും ലോക്ക്ഡൗണിനെത്തുടര്‍ന്ന് ജോലിയില്ലാതായി. അവര്‍ക്കും സഹായവുമായെത്തിയത് മിര്‍സയായിരുന്നു. ഇങ്ങനെ, ഒരുപാടുപേര്‍ക്ക് കരുതലാവുകയായിരുന്നു ഈ ദമ്പതികള്‍. ഇതുവരെയായി ഒരു വീടിനുവേണ്ടി സ്വരുക്കൂട്ടിയ പണമാണ് മിര്‍സയും ഭര്‍ത്താവും ലോക്ക്ഡൗണില്‍ കഷ്‍ടപ്പെട്ടുപോയവര്‍ക്കായി നല്‍കിയത്. 

click me!