വെല്‍ഡിങ്ങ് തൊഴിലാളിക്ക് 'നാഷണല്‍ ഇന്നവേഷന്‍ അവാര്‍ഡ്'; നിര്‍മ്മിച്ചത് കിടപ്പിലായ ഭാര്യയ്ക്കുള്ള 'സ്പെഷ്യല്‍' ബെഡ്ഡ്

By Web TeamFirst Published Mar 25, 2019, 12:22 PM IST
Highlights

മുത്തു നിര്‍മ്മിച്ച ബെഡ്ഡില്‍ ഫ്ലഷ് ടാങ്ക്, ക്ലോസറ്റ്, സെപ്റ്റിക്ക് ടാങ്കിലേക്കുള്ള കണക്ഷന്‍ എന്നിവയെല്ലാം ഉണ്ട്. മൂന്ന് ബട്ടണുകളാണ് ബെഡ്ഡിനുള്ളത്. ഒന്ന് ബെഡ്ഡ് ഉയര്‍ത്തുന്നതിന്, രണ്ട് ക്ലോസറ്റ് തുറക്കാന്‍, മൂന്ന് ഫ്ലഷ് ചെയ്യാനുള്ളതും. 

നാഗര്‍കോവിലിലുള്ള ഒരു സാധാരണ വെല്‍ഡിങ്ങ് തൊഴിലാളി.. പക്ഷെ, അദ്ദേഹത്തിന് നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് കിട്ടിയിരിക്കുകയാണ്. കണ്ടുപിടിച്ചത്, റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഒരു ബെഡ്ഡ്. ഇത്, എന്തെങ്കിലും അവാര്‍ഡുകള്‍ കിട്ടാന്‍ വേണ്ടി അദ്ദേഹം തയ്യാറാക്കിയതല്ല. മറിച്ച്, രോഗബാധിതയായി കട്ടിലില്‍ തന്നെ അഭയം പ്രാപിക്കേണ്ടി വന്ന തന്‍റെ ഭാര്യയ്ക്കായി തയ്യാറാക്കിയതാണ്. 42 വയസ്സുകാരന്‍ ശരവണ മുത്തു ഭാര്യയ്ക്ക് വേണ്ടി തയ്യാറാക്കിയ ബെഡ്ഡാണ് നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്‍റെ രണ്ടാം സമ്മാനത്തിന് അര്‍ഹമായത്. 

ഒരു ശസ്ത്രക്രിയയെ തുടര്‍ന്നാണ് മുത്തുവിന്‍റെ ഭാര്യയ്ക്ക് എഴുന്നേല്‍ക്കാന്‍ വയ്യാതെ കട്ടിലില്‍ തന്നെ കഴിയേണ്ടി വന്നത്. ഭാര്യയുടെ ബുദ്ധിമുട്ട് കണ്ടപ്പോള്‍ അവള്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിക്കുകയായിരുന്നു മുത്തു. അങ്ങനെയാണ് റിമോട്ട് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ബെഡ്ഡിനെ കുറിച്ച് ചിന്തിക്കുന്നത്. ടോയിലെറ്റ് സൗകര്യമടക്കമുള്ള ബെഡ്ഡായിരുന്നു മുത്തുവിന്‍റെ മനസ്സില്‍.

''ബെഡ്ഡില്‍ തന്നെ കഴിയേണ്ടി വരുന്ന രോഗികളുടെ അവസ്ഥ എനിക്ക് മനസ്സിലാകുമായിരുന്നു. എല്ലാത്തിനുമെന്ന പോലെ അവര്‍ക്ക് പരസഹായം ആവശ്യമായിരുന്നു. ചിലപ്പോള്‍ അവരെ നോക്കേണ്ടി വരുന്ന ബന്ധുക്കള്‍ വരെ മടുപ്പ് കാണിച്ചു തുടങ്ങും. ചിലപ്പോള്‍ രോഗികളുടെ സ്വകാര്യതയും ഒരു പ്രശ്നമായി മാറും. രോഗികള്‍ക്ക് തന്നെ താന്‍ മറ്റുള്ളവര്‍ക്ക് ഭാരമാകുന്നതായി തോന്നും. അങ്ങനെ തോന്നാതിരിക്കാനാണ് ഇങ്ങനെയൊരു ബെഡ്ഡ് രൂപകല്‍പ്പന ചെയ്തത്'' -മുത്തു പറയുന്നു. 

മുത്തു നിര്‍മ്മിച്ച ബെഡ്ഡില്‍ ഫ്ലഷ് ടാങ്ക്, ക്ലോസറ്റ്, സെപ്റ്റിക്ക് ടാങ്കിലേക്കുള്ള കണക്ഷന്‍ എന്നിവയെല്ലാം ഉണ്ട്. മൂന്ന് ബട്ടണുകളാണ് ബെഡ്ഡിനുള്ളത്. ഒന്ന് ബെഡ്ഡ് ഉയര്‍ത്തുന്നതിന്, രണ്ട് ക്ലോസറ്റ് തുറക്കാന്‍, മൂന്ന് ഫ്ലഷ് ചെയ്യാനുള്ളതും. 

രാഷ്ട്രപതിയായിരുന്ന എ പി ജെ അബ്ദുള്‍ കലാം മരിക്കുന്നതിന് കുറച്ചു മുമ്പ് മുത്തു അദ്ദേഹത്തോട് സംസാരിച്ചിരുന്നു. അദ്ദേഹമാണ് നാഷണല്‍ ഇന്നവേഷന്‍ അവാര്‍ഡിന് അയക്കാന്‍ മുത്തുവിനോട് പറഞ്ഞത്. രണ്ട് ലക്ഷം രൂപയടങ്ങുന്ന അവാര്‍ഡാണ് മുത്തുവിന് ലഭിച്ചത്. മാത്രമല്ല ഇത്തരം ബെഡ്ഡുകള്‍ നിര്‍മ്മിക്കാനായി ഇന്ത്യയുടെ പല ഭാഗത്തുനിന്നുമായി 350 ഓര്‍ഡറുകളെങ്കിലും മുത്തുവിന് ലഭിച്ചു കഴിഞ്ഞു. 

click me!