ഭ്രാന്തനെന്ന് വിളിക്കപ്പെട്ട ഈ യാചകന്റെ മരണാന്തര ചടങ്ങിനെത്തിയത് ആയിരങ്ങള്‍!

By Web TeamFirst Published Nov 17, 2021, 4:17 PM IST
Highlights

അദ്ദേഹത്തെ അവസാനമായി കാണാന്‍ എത്തിയത് വമ്പിച്ച ആള്‍ക്കൂട്ടമായിരുന്നു. മാനസിക വൈകല്യമുള്ള, തെരുവില്‍ കഴിയുന്ന ഒരു ഭിക്ഷാടനക്കാരന്‍ എങ്ങനെയാണ് നാട്ടുകാര്‍ക്ക് ഇത്രയും പ്രിയപ്പെട്ടവനായി മാറിയത്?


കര്‍ണാടകയിലെ ബല്ലാരി ജില്ലയില്‍ കഴിഞ്ഞയാഴ്ച ഒരു യാചകന്റെ മരണാന്തര ചടങ്ങ് നടന്നു.  പങ്കെടുക്കാന്‍ എത്തിയത് ആയിരങ്ങളാണ്. ബസവ എന്നാണ് അദ്ദേഹത്തിന്റെ പേരെങ്കിലും ആളുകള്‍ അദ്ദേഹത്തെ ഭ്രാന്തന്‍ ബസ്യ എന്ന് സ്‌നേഹത്തോടെ വിളിച്ചു. ഒരു വാഹനാപകടത്തിലാണ് അദ്ദേഹം മരണപ്പെട്ടത്. അദ്ദേഹത്തെ അവസാനമായി കാണാന്‍ എത്തിയത് വമ്പിച്ച ആള്‍ക്കൂട്ടമായിരുന്നു. മാനസിക വൈകല്യമുള്ള, തെരുവില്‍ കഴിയുന്ന ഒരു ഭിക്ഷാടനക്കാരന്‍ എങ്ങനെയാണ് നാട്ടുകാര്‍ക്ക് ഇത്രയും പ്രിയപ്പെട്ടവനായി മാറിയത്?

ഇവിടത്തെ ഹാദഗലി പട്ടണവാസികള്‍ക്ക് ഭ്രാന്തന്‍ ബസ്യ ഭാഗ്യം കൊണ്ടുവരുന്നവനായിരുന്നു. അദ്ദേഹത്തിന് ഭിക്ഷ കൊടുത്താല്‍ അന്ന് നല്ലതെങ്കിലും നടക്കുമെന്ന് നാട്ടുകാര്‍ വിശ്വസിച്ചു. ഈ വിശ്വാസം മുതലെടുക്കുന്ന ഒരുവനായിരുന്നെങ്കില്‍, ബസ്യയ്ക്ക് പണ്ടേ പണക്കാരനാകമായിരുന്നു. എന്നാല്‍ അവിടെയാണ് അദ്ദേഹം തീര്‍ത്തും വലിയവനായത്. എത്ര പണം കൈയില്‍ വച്ച് കൊടുത്താലും, അതില്‍ നിന്ന് ഒരു രൂപ മാത്രം എടുത്ത് ബാക്കി പണം അതിന്റെ ഉടമയ്ക്ക് തന്നെ അദ്ദേഹം തിരികെ നല്‍കുമായിരുന്നു. 

അതേസമയം വെറുമൊരു ഭിക്ഷകാരനായി മാത്രം അദ്ദേഹത്തെ കാണാന്‍ സാധിക്കില്ല.

മുന്‍ ഉപമുഖ്യമന്ത്രി അന്തരിച്ച എംപി പ്രകാശിനും, മുന്‍ മന്ത്രി പരമേശ്വര നായിക്കിനും സുപരിചിതനാണ് ബസ്യയെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാഷ്ട്രീയക്കാരോട് യാതൊരു മടിയും കൂടാതെ നിഷ്‌കളങ്കതയോടെ അദ്ദേഹം സംസാരിക്കുമായിരുന്നു. ആളുകള്‍ അദ്ദേഹത്തെ അവരുടെ ഭാഗ്യമായി കണക്കാക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റുള്ളവര്‍ക്ക് ഭാഗ്യം സമ്മാനിച്ചിരുന്ന അദ്ദേഹത്തിന് തെരുവ് മാത്രമായിരുന്നു അഭയം.

ജീവിതത്തില്‍ ഒന്നുമല്ലായിരുന്ന അദ്ദേഹം എന്നാല്‍ മരണശേഷം ഇപ്പോള്‍ ഒരു നായകനായി വാഴ്ത്തപ്പെടുകയാണ്. ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. നഗരത്തിലുടനീളം അദ്ദേഹത്തിന്റെ ബാനറുകള്‍ സ്ഥാപിക്കപ്പെട്ടു. ബാന്‍ഡ് വാദ്യമേളങ്ങളോടെ ഘോഷയാത്രയായിട്ടാണ് അദ്ദേഹത്തിന്റെ മൃതദേഹം തെരുവിലൂടെ കൊണ്ടുപോയത്. 

സംസ്‌കാര ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബസ്യ ആളുകളെ 'അപ്പാജി (അച്ഛന്‍)' എന്നായിരുന്നു അഭിസംബോധന ചെയ്തിരുന്നതെന്ന് ആളുകള്‍ ഓര്‍മ്മിച്ചു. നല്ല പ്രവൃത്തികള്‍ക്ക് ഉച്ചഭാഷിണി ആവശ്യമില്ലെന്നും, മനുഷ്യത്വം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും ആളുകള്‍ അഭിപ്രായപ്പെട്ടു.  

click me!