
മറ്റുള്ളവർക്കുണ്ടാകുന്ന നാണക്കേടിനെ ഉള്ളടക്കം ആക്കി അവതരിപ്പിക്കുന്ന പുതിയ ടിക് ടോക് ട്രെൻഡാണ് 'ഫ്ലിപ്പ് ദ ക്യാമറ ചലഞ്ച്'. ഇത് ഒരുതരത്തിലും അംഗീകരിക്കാൻ ആകില്ലെന്ന് വിദഗ്ദ്ധർ. ഇത്തരം ട്രെൻഡുകൾ ഓൺലൈൻ ബുള്ളിയിങ്ങായി മാറാൻ സാധ്യതയുണ്ടെന്ന് രക്ഷിതാക്കളും വിദഗ്ദ്ധരും ഒരുപോലെ മുന്നറിയിപ്പ് നൽകുന്നു. ഈ വീഡിയോകൾ ആരംഭിക്കുന്നത് കൗമാരക്കാർ ഒരുമിച്ച് നൃത്തം ചെയ്യുന്നതോടെയാണ്. തുടർന്ന് കൂട്ടത്തിലെ അത്യാവശ്യം നാണംകുണുങ്ങിയായ ഒരാൾക്ക് റെക്കോർഡ് ചെയ്യാനായി പെട്ടെന്ന് ഫോൺ കൈമാറുന്നു. അപ്പോൾ തന്നെ, നൃത്തം ചെയ്യുന്നവരിൽ ഒരാൾ ക്യാമറ ഫ്ലിപ്പ് ചെയ്യുകയും, റെക്കോർഡ് ചെയ്യുന്നയാളുടെ ഭാവം പകർത്തുകയും ചെയ്യുന്നു. ഈ ക്ലിപ്പ് പിന്നീട് തമാശയ്ക്കായി ഓൺലൈനിൽ പങ്കുവെക്കുകയും, ആ വ്യക്തിയെ പരസ്യമായി അപമാനിക്കുകയും ചെയ്യുന്നു.
ഇത്തരം വീഡിയോകളിലൂടെ അപമാനിതനാകുന്നത് അന്തർമുഖനായ, മറ്റുള്ളവരെ സഹായിക്കാൻ മനസ്സുള്ള വ്യക്തിയാണ്. ഇത് അവരിലുണ്ടാക്കുന്ന മാനസികാഘാതം വളരെ വലുതായിരിക്കും എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 'ബുള്ളി സീറോ ഓസ്‌ട്രേലിയ'യുടെ സിഇഒ ജാനറ്റ് ഗ്രിമയുടെ അഭിപ്രായത്തിൽ, ഒരാളെ അസ്വസ്ഥനാക്കുകയോ വിഷമിപ്പിക്കുകയോ ചെയ്യുന്നതിൽ നിന്നാണ് ഈ വീഡിയോ ഉണ്ടാകുന്നത്. ഇത് ക്രൂരമായ പ്രവണതയാണെന്ന് ഗ്രിമ അഭിപ്രായപ്പെടുന്നു. ക്രൂരമായ ഓൺലൈൻ ബുള്ളിയിങ്, ചലഞ്ച് അല്ലെങ്കിൽ ട്രെൻഡ് എന്ന ലേബലിലേക്ക് മാറ്റപ്പെടുന്നതിന്റെ അപകടകരമായ വശവും ഗ്രിമ പങ്കുവയ്ക്കുന്നു. ഒരാളുടെ അറിവില്ലാതെ അവരെ റെക്കോർഡ് ചെയ്യുന്നത് യഥാർത്ഥത്തിൽ അവർക്ക് വൈകാരികമായ ദോഷം വരുത്താൻ സാധ്യതയുണ്ട്.
ടിക്ടോക്ക് പോലുള്ള സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകൾക്കും ഇത്തരത്തിൽ ഉണ്ടാകുന്ന മാനസികാഘാതങ്ങളിൽ വലിയ പങ്കുണ്ട്. മറ്റുള്ളവർക്കുണ്ടാകുന്ന അപമാനത്തെ വിനോദമായി അംഗീകരിക്കുന്ന രീതിയെ പ്രതിഫലം നൽകി പ്രോത്സാഹിപ്പിക്കരുതെന്നും ഗ്രിമ മുന്നറിയിപ്പ് നൽകുന്നു. ഇത്തരം ചലഞ്ചുകളിൽ അറിയാതെ ഭാഗമാകുമ്പോൾ മറ്റുള്ള വ്യക്തികൾക്കുണ്ടാകുന്ന അപമാനത്തെക്കുറിച്ചും മാനസികാഘാതത്തെക്കുറിച്ചും കുട്ടികളെ ബോധവൽക്കരിക്കാൻ അവർ രക്ഷിതാക്കളോട് അഭ്യർത്ഥിച്ചു.