'എനിക്കു കഴിയുമെങ്കിൽ നിങ്ങൾക്കും കഴിയും', ടൈം മാ​സികയുടെ കിഡ് ഓഫ് ദ ഇയര്‍ ​ഗീതാഞ്ജലി പറയുന്നു

By Web TeamFirst Published Dec 4, 2020, 4:30 PM IST
Highlights

ഓരോ തവണ ടിവിയില്‍ ശാസ്ത്രജ്ഞരെ കാണുമ്പോഴും അവര്‍ പ്രായം ചെന്ന, വെളുത്ത ആളുകളായിരിക്കും. പ്രായം, തൊലിയുടെ നിറം, ലിംഗം എന്നിവയെ അടിസ്ഥാനമാക്കി ഓരോരുത്തരും ഇന്നത് ചെയ്യണമെന്ന് നിശ്ചയിക്കുന്ന രീതിയോട് എനിക്ക് വിയോജിപ്പുണ്ട്. 

ടൈം മാഗസിന്‍ ആദ്യത്തെ കിഡ് ഓഫ് ദ ഇയര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ഗീതാഞ്ജലി റാവു എന്ന പതിനഞ്ചുകാരിയാണ് പുരസ്‌കാരത്തിന് അര്‍ഹയായത്. പത്താമത്തെ വയസില്‍ കാര്‍ബണ്‍ നാനോട്യൂബ് സെന്‍സര്‍ ടെക്‌നോളജിയില്‍ നടത്തിയ ഗവേഷണത്തത്തോടെയാണ് അവള്‍ക്ക് സയന്‍സിനോടുള്ള ഇഷ്ടം ആരംഭിക്കുന്നത്. പിന്നീട്, നിത്യജീവിതത്തില്‍ നാമിന്ന് അനുഭവിക്കുന്നതടക്കമുള്ള നിരവധി പ്രശ്‌നങ്ങളില്‍ സഹായിക്കുന്ന തരത്തിലുള്ള കണ്ടുപിടിത്തങ്ങള്‍ ഗീതാഞ്ജലി നടത്തി. അതാണിപ്പോള്‍ പുരസ്‌കാരം വരെയെത്തി നില്‍ക്കുന്നത്.

5000 പേരില്‍ നിന്നാണ് ഗീതാഞ്ജലിയെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. നിത്യജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, സൈബര്‍ ആക്രമണങ്ങള്‍ എന്നിവയ്‌ക്കെല്ലാം പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയാണ് ഈ പതിനഞ്ചുകാരി. ടൈമിനുവേണ്ടി ആഞ്ചലീനാ ജോളിയാണ് ഗീതാഞ്ജലിയുമായി അഭിമുഖം നടത്തിയത്. 

ഓരോ തവണ ടിവിയില്‍ ശാസ്ത്രജ്ഞരെ കാണുമ്പോഴും അവര്‍ പ്രായം ചെന്ന, വെളുത്ത ആളുകളായിരിക്കും. പ്രായം, തൊലിയുടെ നിറം, ലിംഗം എന്നിവയെ അടിസ്ഥാനമാക്കി ഓരോരുത്തരും ഇന്നത് ചെയ്യണമെന്ന് നിശ്ചയിക്കുന്ന രീതിയോട് എനിക്ക് വിയോജിപ്പുണ്ട്. നാം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക എന്നത് മാത്രമല്ല. മറ്റുള്ളവരെക്കൂടി കണ്ടുപിടിത്തങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുക എന്നതാണ്. എനിക്കിത് കഴിഞ്ഞുവെങ്കില്‍ നിങ്ങള്‍ക്കും ഇതിന് കഴിയും. ആര്‍ക്കും ഇതിന് കഴിയും എന്ന സന്ദേശമാണ് ഞാന്‍ നല്‍കാനാഗ്രഹിക്കുന്നത് -ഗീതാഞ്ജലി പറയുന്നു. 

ഇന്ത്യന്‍-അമേരിക്കനായ ഗീതാഞ്ജലി റാവു കൊളറാഡോയിലാണ് താമസിക്കുന്നത്. മൂന്ന് തവണ TEDx  സംസാരിച്ച അവള്‍ 2018 -ല്‍ യുഎസ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി പ്രസിഡന്റിന്റെ എന്‍വയോണ്‍മെന്റല്‍ യൂത്ത് അവാര്‍ഡ് നേടി. എങ്കിലും 2017 -ല്‍ പന്ത്രണ്ടാമത്തെ വയസില്‍ നിലവില്‍ ഉപയോഗത്തിലുള്ള മറ്റ് സാങ്കേതിക വിദ്യകളേക്കാള്‍ വേഗത്തില്‍ വെള്ളത്തില്‍ ഈയം കണ്ടെത്തുന്ന ഒരു സെന്‍സര്‍ കണ്ടുപിടിച്ചതിന് അമേരിക്കയിലെ മികച്ച യുവ ശാസ്ത്രജ്ഞ എന്ന ബഹുമതി അവള്‍ നേടി.

Tethys എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണം എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതും ആവശ്യം വരുമ്പോഴെല്ലാം വെള്ളത്തിന്റെ സുരക്ഷ നോക്കാനാവുന്നതുമാണ്. ഏത് സ്മാര്‍ട്ട്‌ഫോണിനോടും ബന്ധിപ്പിക്കാവുന്ന രീതിയിലാണിത്. ബ്ലൂടൂത്ത് ഉപയോഗിച്ചാണിത് പ്രവര്‍ത്തിക്കുന്നതെന്നും 2017 -ലെ അഭിമുഖത്തില്‍ ഗീതാഞ്ജലി പറഞ്ഞിരുന്നു.

ഭാവിയിൽ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ജനറ്റിക്സും എപ്പിഡെമിയോളജിയും പഠിക്കണമെന്നാണ് അവളുടെ ആ​ഗ്രഹം.

Angelina Jolie interviews 's first ever kid of the year, Gitanjali Rao.

pic.twitter.com/DDYwDyeUy9

— best of angelina jolie (@bestofajolie)
click me!