വോട്ടവകാശം ഉൾപ്പെടെ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു...

By Web TeamFirst Published Apr 18, 2019, 1:15 PM IST
Highlights

വോട്ടവകാശം ഉണ്ടായിട്ടും വോട്ട് ചെയ്യുവാൻ താത്പര്യമില്ലാത്തവരോടായി ഒന്നേ പറയാനുള്ളൂ... നിങ്ങൾ വിനിയോഗിക്കാത്ത വോട്ടവകാശം നേടുവാനായി കഠിനശ്രമം നടത്തുന്നൊരു ജനതയും ഈ രാജ്യത്തുണ്ട്. അവർക്ക് ലഭിക്കാത്ത ഭാഗ്യമാണ് നിങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. അത് തീർച്ചയായും വിനിയോഗിക്കുക എന്ന് പറഞ്ഞുകൊണ്ടാണ് സുകന്യ തന്‍റെ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. 

വോട്ടവകാശമുണ്ടായിട്ടും വോട്ട് രേഖപ്പെടുത്താത്തവരോട് സുകന്യ കൃഷ്ണ എന്ന ട്രാന്‍സ് വ്യക്തിക്ക് പറയുവാനുള്ളത് ഇതാണ്, നിങ്ങള്‍ സമ്മതിദാനാവകാശം വിനിയോഗിക്കാതിരിക്കുമ്പോള്‍ വോട്ടവകാശം നേടാന്‍ കഠിനപരിശ്രമം നടത്തുന്ന ഒരു ജനത ഇവിടെയുണ്ട് അത് മറക്കരുത് എന്ന്. സുകന്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയമായിക്കഴിഞ്ഞു.

കയറിയിറങ്ങാത്ത സ്ഥാപനങ്ങളും ആശുപത്രികളും ഇല്ല എന്ന് തന്നെ പറയാം എന്നും സുകന്യ പറയുന്നു. ജനിച്ചു വളർന്ന രാജ്യത്ത് പൗരത്വം ഇല്ലാത്ത അവസ്ഥ ഭയാനകമാണ്. അവകാശങ്ങൾക്കായി പോരാടുവാൻ പോലും കഴിയാത്ത ഒരു തരം മരവിച്ച അവസ്ഥ ഭയാനകമാണ് എന്നും സുകന്യ വ്യക്തമാക്കുന്നു. 'നേരത്തെ വോട്ടർ പട്ടികയിൽ എന്റെ പേരുണ്ടായിരുന്നു. പക്ഷേ, ഞാൻ ജീവനോടെയില്ല എന്ന് പറഞ്ഞു പ്രിയപ്പെട്ടവർ എന്റെ പേര് നീക്കം ചെയ്തു' എന്നും സുകന്യ എഴുതുന്നു. 

വോട്ടവകാശം ഉണ്ടായിട്ടും വോട്ട് ചെയ്യുവാൻ താത്പര്യമില്ലാത്തവരോടായി ഒന്നേ പറയാനുള്ളൂ... നിങ്ങൾ വിനിയോഗിക്കാത്ത വോട്ടവകാശം നേടുവാനായി കഠിനശ്രമം നടത്തുന്നൊരു ജനതയും ഈ രാജ്യത്തുണ്ട്. അവർക്ക് ലഭിക്കാത്ത ഭാഗ്യമാണ് നിങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. അത് തീർച്ചയായും വിനിയോഗിക്കുക എന്ന് പറഞ്ഞുകൊണ്ടാണ് സുകന്യ തന്‍റെ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്:

ഈ ഇലക്ഷനിൽ ഞാൻ വോട്ട് ചെയ്ത സ്ഥാനാർഥി ജയിക്കണമെന്നില്ല... പക്ഷേ, ഒരു വ്യക്തി എന്ന നിലയിൽ എന്റെ വലിയ വിജയമാണിന്ന്... എന്തെന്നല്ലേ?

വോട്ടവകാശം ഉൾപ്പെടെ എന്റെ അവകാശങ്ങൾ എല്ലാം നിഷേധിക്കപ്പെട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇങ്ങനെ ഒരു വ്യക്തി ഈ രാജ്യത്ത് ജീവിച്ചിരിക്കുന്നു എന്ന് തന്നെ തെളിയിക്കാൻ യാതൊരു രേഖകളും ഇല്ലാതിരുന്ന ഒരു കാലം. ജനിച്ചു വളർന്ന രാജ്യത്ത് തന്നെ ഒരു പൗരത്വം ഇല്ലാത്ത അവസ്ഥ ഭയാനകമാണ്. അവകാശങ്ങൾക്കായി പോരാടുവാൻ പോലും കഴിയാത്ത ഒരു തരം മരവിച്ച അവസ്ഥ. നിയമപരമായി രേഖകൾ നേടിയെടുക്കാൻ വർഷങ്ങളെടുത്തു. കയറി ഇറങ്ങാത്ത സർക്കാർ സ്ഥാപനങ്ങളില്ല എന്ന് തന്നെ പറയാം. സർക്കാർ സ്ഥാപനങ്ങൾ മാത്രമല്ല, ആശുപത്രികൾ, യൂറോളജിസ്റ്റും എൻഡോക്രൈനോളജിസ്റ്റും ഗൈനക്കോളജിസ്റ്റും കൗൺസലിങ്ങും എന്തിനധികം പറയുന്നു... സൈക്യാട്രിസ്റ്റും ക്ലിനിക്കൽ സൈക്കോളജിസ്റ്റും തുടങ്ങി ഒരുവിധം എല്ലാ തരം ഡോക്ടറുമാരുടെയും പരിശോധനകളും സർട്ടിഫിക്കറ്റുകളും. അര ഡസനോളം ശസ്ത്രക്രിയകളും കോടതികളും സത്യവാങ്മൂലങ്ങളും പോലീസ് വെരിഫിക്കേഷനുകളും ഒക്കെ കഴിഞ്ഞു ഐഡന്റിറ്റി മാറ്റി കിട്ടിയ ശേഷം ഒരു ഓട്ടമായിരുന്നു. നേരത്തെ ലഭിച്ച രേഖകൾ മാറ്റാനും പുതിയവ നേടാനും ഒക്കെ. ഒടുവിൽ ഒക്കെ നേടിയെടുത്തു.

കഴിഞ്ഞ മാസം ആദ്യം ഇലക്ഷൻ സംബന്ധമായ ഒരു ചർച്ചയിൽ എന്റെ അഭിപ്രായങ്ങൾ ആരായുകയുണ്ടായി. അന്ന് ഞാൻ പറഞ്ഞത്, ഈ ഇലക്ഷനിൽ എനിക്ക് വോട്ട് ചെയ്യുവാൻ സാധിക്കുമോ എന്ന് അറിയില്ല എന്നായിരുന്നു. അത്രയ്ക്ക് കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലായിരുന്നു കാര്യങ്ങൾ. നേരത്തെ വോട്ടർ പട്ടികയിൽ എന്റെ പേരുണ്ടായിരുന്നു. പക്ഷേ, ഞാൻ ജീവനോടെയില്ല എന്ന് പറഞ്ഞു പ്രിയപ്പെട്ടവർ എന്റെ പേര് നീക്കം ചെയ്തു. അതുകൊണ്ട് തന്നെ എന്റെ ഇപ്പോഴത്തെ വിലാസത്തിലെ വോട്ടർ പട്ടികയിലേക്ക് പേര് മാറ്റുക എന്നത് വലിയ ഒരു പ്രശ്നമായി മാറിയിരുന്നു. ഒടുവിൽ ഇലക്ഷൻ കമ്മീഷനുമായി തന്നെ നേരിട്ട് ബന്ധപ്പെട്ടു. അവിടുന്ന് കിട്ടിയ നിർദ്ദേശപ്രകാരം കാര്യങ്ങൾ ചെയ്തു. ദൈവാനുഗ്രഹം പോലെ, വോട്ടർ പട്ടികയിൽ പേര് ചേർക്കേണ്ട അവസാന ദിവസം (ഒരുപക്ഷേ അവസാന നിമിഷങ്ങളിൽ) ഒരു അത്ഭുതം പോലെ എല്ലാ കടമ്പകളും കടന്ന് വോട്ടർ പട്ടികയിൽ പേരു ചേർക്കുവാനുള്ള അപേക്ഷ നൽകി. കുറച്ച് ദിവസങ്ങൾക്കുള്ളിൽ എന്റെ പേരും വോട്ടർ പട്ടികയിൽ ചേർക്കപ്പെട്ടു. ഇന്നും ഒരു അത്ഭുതം പോലെയാണ് എനിക്ക് ആ ശ്രമവും അതിന്റെ വിജയവും.

സങ്കടപ്പെടുത്തുന്ന ഒരു വസ്തുത കൂടിയുണ്ട്. ഈ അടുത്ത് ഒരു മാധ്യമ സ്ഥാപനം പുറത്തുവിട്ട അനൗദ്യോഗിക കണക്കുകൾ പ്രകാരം, ട്രാൻസ്‌ജെന്റർ സമൂഹത്തിൽ അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ് വോട്ടവകാശം ഉള്ളവർ എന്ന ഞെട്ടിപ്പിക്കുന്ന വാർത്ത. എനിക്ക് നേടാൻ സാധിച്ച വിജയം, എന്റെ സമൂഹത്തിലടക്കം ഈ രാജ്യത്ത് എല്ലാവരും നേടണം എന്ന് തന്നെയാണ് എന്റെയും ആഗ്രഹം. അതിനാൽ തന്നെ രേഖകൾ മാറ്റുന്നതുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകൾ നേരിടുന്നവരെ സഹായിക്കാൻ ഒരു സംരംഭവും കഴിഞ്ഞ വർഷം തുടങ്ങിയിരുന്നു. ഓടി ഓടി ഏകദേശം എല്ലാ നിയമവശങ്ങളും പഠിച്ചു എന്ന് തന്നെ പറയാല്ലോ. ആ ഉദ്യമത്തിന്റെ ഭാഗമായി 7 പേർക്ക് കൂടി അവരുടെ പേരുകൾ വോട്ടർ പട്ടികയിൽ ചേർക്കുവാനുള്ള സഹായങ്ങൾ ചെയ്തു നൽകുവാനായി എന്ന സന്തോഷം കൂടി ഈ അവസരത്തിൽ അഭിമാനപൂർവം പങ്കുവെയ്ക്കുന്നു.

വോട്ടവകാശം ഉണ്ടായിട്ടും വോട്ട് ചെയ്യുവാൻ താത്പര്യമില്ലാത്തവരോടായി ഒന്നേ പറയാനുള്ളൂ. നിങ്ങൾ വിനിയോഗിക്കാത്ത വോട്ടവകാശം നേടുവാനായി കഠിനശ്രമം നടത്തുന്നൊരു ജനതയും ഈ രാജ്യത്തുണ്ട്. അവർക്ക് ലഭിക്കാത്ത ഭാഗ്യമാണ് നിങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. അത് തീർച്ചയായും വിനിയോഗിക്കുക.

 


 

click me!