ചെടികളെ ചികിത്സിക്കാനും ഒരു ആശുപത്രിയോ? ലോകത്തിലെ ആദ്യ ട്രീ ക്ലിനിക്ക് ഇതാണോ?

By Web TeamFirst Published Feb 24, 2021, 2:45 PM IST
Highlights

75 മനുഷ്യനിർമിത വനങ്ങൾ വിജയകരമായി സൃഷ്ടിച്ച ആളാണ് രോഹിത്. ഇന്ത്യയിലുടനീളം ഇത്തരം മിനി വനങ്ങൾ വച്ച് പിടിപ്പിക്കാൻ അദ്ദേഹം പദ്ധതിയിടുന്നു. 

ആളുകൾക്ക് അസുഖം വരുമ്പോൾ അവരെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയും, അവിടെ അവർക്ക് ആവശ്യമായ ചികിത്സകൾ നൽക്കുകയും ചെയ്യാറുണ്ടല്ലോ. എന്നാൽ, ചെടികൾക്ക് അസുഖം വന്നാലോ? അതിനെ മുറിച്ച് കളയും, അല്ലെ? എന്നാൽ അസുഖമുള്ള മനുഷ്യരെ മാത്രമല്ല, അസുഖമുള്ള ചെടികളെയും, മരങ്ങളെയും കൊണ്ടുപോകാനും ആംബുലൻസുണ്ട്. അവരെ ചികിത്സിക്കാൻ ഒരു ആശുപത്രിയുമുണ്ട്. വിശ്വസിക്കാൻ പ്രയാസമാണെങ്കിലും, സംഭവം ശരിയാണ്. കരിഞ്ഞുപോയതും അവഗണിക്കപ്പെട്ടതും ചീഞ്ഞഴുകിപ്പോയതുമായ ചെടികൾക്കും മരങ്ങൾക്കും പരിചരണവും ശ്രദ്ധയും ആവശ്യമാണ്. ‘ദി ഗ്രീൻ മാൻ ഓഫ് ഇന്ത്യ’ എന്നറിയപ്പെടുന്ന ഐ.ആർ.എസ് ഉദ്യോഗസ്ഥൻ രോഹിത് മെഹ്‌റ അവരുടെ രക്ഷകനാവുകയാണ്. അമൃത്സറിലെ രോഗം ബാധിച്ച സസ്യങ്ങൾക്കും വൃക്ഷങ്ങൾക്കുമായി അദ്ദേഹം ഒരു ട്രീ ആംബുലൻസും ഒരു ആശുപത്രിയും സ്ഥാപിക്കുകയുണ്ടായി.    

പണ്ട് പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ പരാജയപ്പെട്ട അദ്ദേഹം പിന്നീട് അതിൽ നിന്ന് കരകയറി, പരീക്ഷയിൽ വിജയിക്കുകയും 2004 -ൽ സിവിൽ സർവീസ് പൂർത്തിയാക്കുകയും ചെയ്‌തു. ഒരുപാട് വർഷത്തെ സേവനത്തിന് ശേഷം തന്റെ ജീവിതത്തിന്റെ ഒരു ഭാഗം പരിസ്ഥിതിക്കുവേണ്ടി സമർപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചു. വിവിധ സസ്യങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്നതിന് സസ്യശാസ്ത്രജ്ഞർ, വൃക്ഷപ്രേമികൾ എന്നിവരുമായി ചേർന്ന് അദ്ദേഹം ആരംഭിച്ചതാണ് ഈ സംരംഭം. നമ്മുടെ ശാസ്ത്രജ്ഞനായ ജഗദീഷ് ചന്ദ്രബോസ് തെളിയിച്ചതുപോലെ മരങ്ങൾക്കും ജീവനുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു.  

എല്ലാ മരങ്ങൾക്കും തൈകൾക്കും രോഗശാന്തി നൽകുന്ന ലോകത്തിലെ ആദ്യത്തെ ട്രീ ഹോസ്പിറ്റലാണ് മെഹ്‌റയുടെത്. വൃക്ഷം മാറ്റിവയ്ക്കൽ പോലുള്ള ബുദ്ധിമുട്ടുള്ള നടപടിക്രമങ്ങളും അവിടെ ചെയ്യുന്നു. 75 മനുഷ്യനിർമിത വനങ്ങൾ വിജയകരമായി സൃഷ്ടിച്ച ആളാണ് രോഹിത്. ഇന്ത്യയിലുടനീളം ഇത്തരം മിനി വനങ്ങൾ വച്ച് പിടിപ്പിക്കാൻ അദ്ദേഹം പദ്ധതിയിടുന്നു. ഏകദേശം മൂന്ന് വർഷത്തിനുള്ളിൽ 2,000 ചതുരശ്ര അടി മുതൽ 66,000 ചതുരശ്ര അടി വരെ വിസ്തീർണ്ണത്തിലാണ് ആ ചെറിയ വനങ്ങൾ വളരുന്നത്. കൂടാതെ അദ്ദേഹത്തിന്റെ ട്രീ ആംബുലൻസും ക്ലിനിക് സേവനവും നഗരത്തിലെ ചീഞ്ഞതും അനാരോഗ്യകരവുമായ സസ്യങ്ങളെയും വൃക്ഷങ്ങളെയും സുഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ഈ സംരംഭം വളരെയധികം ജനശ്രദ്ധ ആകർഷിക്കുന്നു. നിലവിൽ ട്രീ ആംബുലൻസും ക്ലിനിക് സേവനവും പഞ്ചാബിലെ അമൃത്സറിൽ മാത്രമാണ് ഉള്ളത്. എന്നിരുന്നാലും, ഉടൻ തന്നെ ഇത് മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കാൻ അദ്ദേഹം പദ്ധതിയിടുന്നു.


 

click me!