പുടിന് 50 ദിവസത്തെ അന്ത്യശാസനം; യുക്രൈനുമായി സമാധാനക്കരാർ അല്ലെങ്കിൽ 100 ശതമാനം തീരുവയെന്ന് ട്രംപ്

Published : Jul 14, 2025, 10:41 PM IST
Donald trump

Synopsis

50 ദിവസത്തിനുള്ളിൽ യുക്രൈനുമായി സമാധാനക്കരാര്‍ ഒപ്പിട്ടില്ലെങ്കില്‍ റഷ്യയ്ക്ക് 100 ശതമാനം തീരുവയെന്ന് ട്രംപ്. ഒപ്പം  യുക്രൈന് പാട്രിയറ്റ് മിസൈലുകൾ കൈമാറും. 

 

യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപും റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിർ പുട്ടിനും തമ്മിലുള്ള സൗഹൃദത്തിന് അവസാനമാകുന്നെന്ന് സൂചന. ഏറ്റവും ഒടുവില്‍ യുക്രൈയ്ന്‍ യുദ്ധം അവസാനിപ്പിച്ച് സമാധാനക്കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ റഷ്യയ്ക്കെതിരെ 100 ശതമാനം തീരുവ ചുമത്തുമെന്നാണ് ട്രംപിന്‍റെ അന്ത്യശാസനം. ഇതിനായി പുടിന് 50 ദിവസമാണ് ട്രംപ് അനുവദിച്ചിരിക്കുന്നത്. നേരത്തെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ്, പുടിന് മേല്‍ നടത്തിയ സമ്മര്‍ദ്ദമല്ലൊം പാഴായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുടിനുമായി നടത്തിയ സംഭാഷണത്തിന് പിന്നാലെ എയര്‍ഫോഴ്സ് വണില്‍ വച്ച് മാധ്യമ പ്രവര്‍ത്തകരെ കണ്ട ട്രംപ്, 'പുടിൻ എല്ലാവരെയും ബോംബിട്ട് കൊല്ലും' എന്ന് പറഞ്ഞിരുന്നു.

യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിൽ എത്തിയില്ലെങ്കിൽ 50 ദിവസത്തിനുള്ളിൽ റഷ്യയ്ക്ക് മേൽ 'വളരെ ശക്തമായ' തീരുവ ചുമത്തുമെന്ന് ട്രംപ് പറഞ്ഞു. ഓവൽ ഓഫീസിൽ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ട്രംപ്, പുടിനെതിരെ ആഞ്ഞടിച്ചത്. 'പ്രസിഡന്‍റ് പുടിന് മേൽ ഞാൻ നിരാശനാണ്. രണ്ട് മാസം മുമ്പ് നമുക്ക് ഒരു കരാർ ഉണ്ടാകുമായിരുന്നു എന്ന് ഞാൻ കരുതിയെന്നും ട്രംപ് പറഞ്ഞു. ഒപ്പം റഷ്യന്‍ ആക്രമണം തടയുന്നതിനായി പാട്രിയറ്റ് മിസൈലുകൾ ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങൾ യുക്രൈന് നല്‍കാനുള്ള കരാറിലും ട്രംപ് ഒപ്പു വച്ചു. ഇതോടെ യുദ്ധം മറ്റൊരു തലത്തിലേക്ക് നീങ്ങുമെന്ന് വ്യക്തമായി.

യുക്രൈയ്ന്‍ നാറ്റോയില്‍ അംഗത്വത്തിന് അപേക്ഷിക്കാനുള്ള സാധ്യത കൂടി മുന്നില്‍ കണ്ടാണ് റഷ്യ, യുക്രൈനെതിരെ 'പ്രത്യേക സൈനിക പദ്ധതി' എന്ന പേരിട്ട് യുദ്ധം ആരംഭിച്ചത്. 2022 ഫെബ്രുവരിയില്‍ ആരംഭിച്ച യുദ്ധം ഏതാനും ആഴ്ചകൾക്കുള്ളില്‍ അവസാനിക്കുമെന്നായിരുന്നു റഷ്യയുടെ വിശ്വാസം. എന്നാല്‍ ആദ്യമായി യുക്രൈയ്ന്‍റെ പ്രസിഡന്‍റായി അധികാരമേറ്റ ടിവി ഹാസ്യ നടനായ വ്ലഡിമിര്‍ സെലന്‍സ്കിയുടെ നേതൃത്വത്തില്‍ അതിശക്തമായ തിരിച്ചടിയാണ് യുക്രൈയ്ന്‍ റഷ്യയ്ക്ക് സമ്മാനിച്ചത്. യുക്രൈയ്ന്‍റെ സ്പൈഡർ വെബ് പോലുള്ള, റഷ്യയ്ക്ക് കനത്ത പ്രഹരമേല്‍പ്പിച്ച പുതിയ യുദ്ധ തന്ത്രങ്ങൾ റഷ്യയെ മാത്രമല്ല, ലോകത്തെ തന്നെ അമ്പരപ്പിച്ചിരുന്നു.

ഇസ്രയേല്‍ - ഇറാന്‍ യുദ്ധവും ഇസ്രയേല്‍ ഹമാസ് യുദ്ധവും ട്രംപിന്‍റെയും അമേരിക്കയുടെയും ഇടപെടലിലൂടെ വെടിനിര്‍ത്തൽ കരാറില്‍ ഒപ്പ് വയ്ക്കുന്നതിലേക്ക് എത്തിയിരുന്നു. എന്നാല്‍ അപ്പോഴെല്ലാം റഷ്യ ഒഴിഞ്ഞ് മാറി. നിരവധി തവണ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് ആവശ്യപ്പെട്ടെങ്കിലും പുടിന്‍ തയ്യാറായില്ല. ഇതിനൊടുവിലാണ് യുക്രൈയ് ആയുധങ്ങൾ നല്‍കാനുള്ള കരാറില്‍ ട്രംപ് ഒപ്പുവച്ചത്. യുക്രൈയ്ന് നല്‍കുന്ന ആയുധങ്ങൾക്ക് പകരമായി യൂറോപ്പ് യുഎസിന് പണം നല്‍കുമെന്നും ഒപ്പം റഷ്യയ്ക്കെതിരെ 100 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്നും ട്രംപ് അറിയിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ