Column: ജീവിച്ച് കാണിച്ച് കൊടുക്കങ്ങട്, എല്ലാവരും ചമ്മട്ടെ; ആത്മഹത്യക്കൊരുങ്ങുന്നവരോട് ചില കാര്യങ്ങള്‍!

Published : Sep 25, 2025, 10:37 AM IST
Tulu Rose Tony column

Synopsis

ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതിയ കുറിപ്പുകള്‍ തുടരുന്നു. ഇന്ന് ആത്മഹത്യ ചെയ്യുന്നവര്‍ അറിയാന്‍ ചില കാര്യങ്ങള്‍.  Tulunadan kathakal A column on humour by Tulu Rose Tony 

എന്റെ ആത്മഹത്യാ ഭീഷണികള്‍ ഏറ്റവും കൂടുതല്‍ നേരിട്ടിട്ടുള്ള ഹതഭാഗ്യര്‍ എന്റെ കാമുകന്മാരും എന്റെ അമ്മയുമാണ്. പിന്നെ ഒറ്റത്തവണ മാത്രം കെട്ട്യോനും. പക്ഷേ, അങ്ങേര്‍ക്കത് കേട്ട് വലിയ ഞെട്ടലൊന്നും ഇല്ലെന്ന് കണ്ടപ്പോള്‍ ഞാന്‍ ആ പരിപാടി നിര്‍ത്തി.

 

അത്യാവശ്യം നല്ലത് പോലെ ആത്മഹത്യാ പ്രവണത ഉള്ള ഒരുത്തിയാണ് ഞാന്‍. ഇന്നും ഇന്നലെയൊന്നും തുടങ്ങിയതല്ല, കൊല്ലം കുറേയായി 'എനിക്കിപ്പ ചാവണം, ഞാനിപ്പ ചാവും' എന്നൊക്കെ പറഞ്ഞ് നടക്കാന്‍ തുടങ്ങീട്ട്.

എന്റെ ആത്മഹത്യാ ഭീഷണികള്‍ ഏറ്റവും കൂടുതല്‍ നേരിട്ടിട്ടുള്ള ഹതഭാഗ്യര്‍ എന്റെ കാമുകന്മാരും എന്റെ അമ്മയുമാണ്. പിന്നെ ഒറ്റത്തവണ മാത്രം കെട്ട്യോനും. പക്ഷേ, അങ്ങേര്‍ക്കത് കേട്ട് വലിയ ഞെട്ടലൊന്നും ഇല്ലെന്ന് കണ്ടപ്പോള്‍ ഞാന്‍ ആ പരിപാടി നിര്‍ത്തി.

ഓരോരുത്തരെ ലൈനടിക്കുമ്പോഴും 'ഹോ ഇയാളില്ലാതെ ഞാന്‍ മരിക്കും' എന്ന് തോന്നും. പക്ഷേ, എവിടെ! ആരും മരിക്കുന്നുമില്ല, എല്ലാവരും സുഖമായി ജീവിക്കുന്നുമുണ്ട്.

ലൈഫിലെ ഓരോരോ സ്റ്റേജിലും ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങള്‍ പലതായിരുന്നു എനിക്ക്. അതൊക്കെ കേട്ട് പേടിച്ച്, വിഷമിച്ച്, ബഹളം വെച്ച് നടന്നിട്ടുള്ള അമ്മയും അവസാനം ഏതോ ഒരു സെക്കന്റില് 'എന്നാ നീ പോയി ചാവ്' എന്ന് പറയും.

അതോടെ ചാവാനുള്ള ആ മൂഡങ്ങ് പോയിക്കിട്ടും.

ഒരു കല്യാണം കഴിഞ്ഞാലോ, അന്നേ വരെ കണ്ടിട്ടില്ലാത്ത കുറേ വ്യക്തികളുടെ അഭിപ്രായങ്ങള്‍ നമ്മുടേതുമായി ചേരുന്നില്ല എന്ന് തോന്നുമ്പോഴും 'ജീവിതം കോഞ്ഞാട്ട ആയല്ലോ' എന്നൊരു കുറിപ്പെഴുതി മരിക്കാന്‍ വെമ്പും.

ഫൈനാന്‍ഷ്യല്‍ പ്രശ്‌നങ്ങള്‍ വരുന്നവര്‍ക്കും 'ഇനിയൊന്നും അനുഭവിക്കാന്‍ വയ്യ' എന്ന് പറഞ്ഞ് മരിക്കാന്‍ തോന്നും. പരീക്ഷക്ക് തോല്‍ക്കുമ്പോള്‍ മരിക്കാന്‍ പോകുന്നവരെ ഓര്‍ക്കുമ്പോഴാണ് ചിരി വരുന്നത്.

ദേ, ഞാനൊക്കെ പഠിച്ചിട്ടാണോ ഇവിടെ വരെയെത്തിയത്!

എവിടെ വരെ!

തമ്പുരാനറിയാം!

എന്നിട്ടെനിക്ക് വല്ല ഉളുപ്പും ഉണ്ടോ, ങേഹേ!

മനുഷ്യനായി ജനിച്ചാല്‍ അത്യാവശ്യം തൊലിക്കട്ടി വേണം. അതിപ്പോ കാണ്ടാമൃഗത്തിന്റെ ആയാലും കൊള്ളാം, മുതലക്കുഞ്ഞിന്റെ ആയാലും കൊള്ളാം.

മരിക്കാന്‍ തീരുമാനമെടുത്തവരേ, ശ്രദ്ധിച്ച് കേള്‍ക്ക് കൂ....യ്

ഞാന്‍ മരിച്ചാല്‍, എല്ലാവരും ജീവിതകാലം മുഴുവന്‍ വിഷമിക്കും, എല്ലാവരേയും ഒരു പാഠം പഠിപ്പിക്കും, ഞാനില്ലാതാകുമ്പോള്‍ എന്റെ വില മനസ്സിലാകും, എന്റെ ശല്യം ഇനിയുണ്ടാവണ്ട ഇങ്ങനെ ഒക്കെ ചിന്തിച്ച് കൊണ്ടല്ലേ നിങ്ങള്‍ മരിക്കാന്‍ തീരുമാനം എടുക്കുന്നത്.

ഞാനും ഏറെക്കുറെ ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു.

എന്നാല്‍ കേട്ടോ മനുഷ്യന്മാരേ..., നിങ്ങള്‍ മരിച്ചാല്‍ നിങ്ങളെ സ്‌നേഹിച്ചിരുന്നവര്‍ ഒരുപാട് വിഷമിക്കും. കരഞ്ഞ് കരഞ്ഞ് ഒരുപാട് നാളങ്ങനെ പോകും...

പിന്നെ പിന്നെ.., അവരതൊക്കെ പതുക്കെ മറക്കും. വിഷമത്തിന്റെ കാഠിന്യം കുറയും.

പതുക്കെ ഓരോ കൊല്ലം എത്തുമ്പോഴും ഓര്‍മ്മ വരുന്ന ഒരു 'പാവം' ആയി നിങ്ങള്‍ മാറും.

നിങ്ങളുടെ വീട്ടില്‍ വിരുന്നുകാര്‍ വന്നാല്‍, അവര്‍ നിങ്ങളുടെ ഫോട്ടോ നോക്കി നെടുവീര്‍പ്പിടും. അത് കാണുന്ന നിങ്ങളുടെ അച്ഛനും അമ്മയും മുഖത്തോട് മുഖം നോക്കും. ചിലപ്പോള്‍ അവരുടെ കണ്ണുകള്‍ നിറയും. അതും ഓപ്ക്ഷണല്‍ ആണ്.

'ഇപ്പോള്‍ അവന്‍/അവള്‍ ഉണ്ടായിരുന്നെങ്കില്‍' എന്നൊരു വാചകം ഉറപ്പായും ആരുടെയെങ്കിലും വായില്‍ നിന്നും വരും.

വെറുതെ എന്തിനാ ഇതൊക്കെ നമ്മള്‍ കേള്‍ക്കുന്നത്. ചത്താലും നമുക്കും വേണ്ടേ ഒരു അന്തസ്സൊക്കെ. ങ്‌ഹേ!

സാമാന്യം വലിയൊരു പ്രശ്‌നം വരുമ്പോള്‍ അത് ഫെയ്‌സ് ചെയ്ത് ജീവിക്കുന്നിടത്താണ് നമ്മള്‍ ജയിക്കുന്നത്.

അല്ലാതെ 'ദേ നമ്മടെ ടുലൂല്ല്യേ, അവളിന്നലെ തൂങ്ങി ചത്തൂട്ടാ' എന്ന് മറ്റുള്ളവര്‍ പറയുന്നതില് എന്താ ഒരു ത്രില്ലുള്ളത്?

അപ്പോള്‍ ഞാന്‍ 'തോറ്റ് തൊപ്പിയിട്ടവള്‍' ആവില്ലേ?

ദേ, ദിങ്ങട് നോക്ക്യേ..

ഒരു ദിവസം വരും. നമ്മളെ തള്ളിപ്പറഞ്ഞവരും തള്ളാതെ പറഞ്ഞവരും നമ്മളെ അംഗീകരിക്കുന്ന ഒരു ദിവസം. അതിന് കുറച്ചൊക്കെ കഷ്ടപ്പെടേണ്ടി വരും. പക്ഷേ, കാത്തിരിക്കണം!

പിന്നെ ഒരു കാര്യം. കൈ മുറിക്കുമ്പോഴും, തൂങ്ങിച്ചാവുമ്പോഴും, മുങ്ങിച്ചാവുമ്പോഴും, വിഷം കഴിക്കുമ്പോഴും നല്ല വേദനയാണെന്ന് ദേ വടക്കേതിലെ ചത്ത് പോയ നാരാണേടത്തി പറഞ്ഞിട്ടുണ്ട്.

'മരിക്കാന്‍ എളുപ്പമാണ്, ജീവിക്കാനാണ് പ്രയാസം' - എന്നാരൊക്കെയോ പറഞ്ഞിട്ടുള്ളത് വെറുതെയല്ല.

ജീവിച്ച് കാണിച്ച് കൊടുക്കങ്ങട്. എല്ലാവരും ചമ്മട്ടെ!

ആരുമില്ലാത്തവര്‍ക്ക് ഒരാളെങ്കിലും ഉണ്ടാവും ഒരു പിടിവള്ളിയായി. അത് മതിയല്ലോ മുന്നോട്ട് പോകാന്‍!

സോ... ഇനി ആരെങ്കിലുമൊക്കെ ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങുന്നുണ്ടെങ്കില്‍ എനിക്കവരോട് ഒന്നേ പറയാനുള്ളൂ.

'ആഹ്! അനുഭവിച്ചോ, കേട്ടാ!'

മരിക്കാന്‍ ഓരോരോ കാരണങ്ങള്‍ നോക്കി നടക്കുന്നവരോട് ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല.

 

Note : നമ്മള് മരിച്ച് കിടക്കുമ്പോള്‍ നമ്മളെ കാണാന്‍ ഒരു ഭംഗിയുമില്ലെങ്കില്‍ പിന്നെ ജീവിച്ചിട്ട് കാര്യമുണ്ടോ..?

 

PREV
Read more Articles on
click me!

Recommended Stories

'വിവാഹം അടുത്ത മാസം, അച്ഛനുമമ്മയും കരയുകയാണ്'; കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വിഗ്ഗി ഡെലിവറി ഏജൻറായ സുഹൃത്തിനെ കുറിച്ച് കുറിപ്പ്
കള്ളൻ വിഴുങ്ങിയത് ഒന്നുംരണ്ടുമല്ല 17 ലക്ഷം വിലയുള്ള പെൻഡൻ്റ്, കാവലിരുന്ന് പൊലീസ്!