പലചരക്കും പച്ചക്കറിയും വാങ്ങാൻ യുവതിക്ക് നടത്തേണ്ടത് രണ്ട് ദിവസത്തെ യാത്ര, ശരിക്കും ഒരു സാഹസികയാത്ര തന്നെ!

By Web TeamFirst Published Nov 17, 2021, 11:45 AM IST
Highlights

അവൾ പോകുമ്പോൾ $1,000 രൂപയുടെ സാധനങ്ങൾ വാങ്ങി സംഭരിക്കും. മീഡർ കൂടുതലും ടിന്നിലടച്ചതോ ശീതീകരിച്ചതോ ആയ ഭക്ഷണമാണ് വാങ്ങുന്നത്. കാരണം അത്തരം കാലാവസ്ഥയിൽ പച്ചക്കറികളും പഴങ്ങളും പോലുള്ള ആഹാരസാധനങ്ങൾ അധികകാലം നിലനിൽക്കില്ല. 

നമ്മൾ എന്തിനാണ് യാത്രകൾ പോകുന്നത്? മനസ്സിനെ ഒന്ന് ശാന്തമാക്കാൻ അല്ലെങ്കിൽ പുതിയ സ്ഥലങ്ങൾ കാണാൻ, അല്ലെ? എന്നാൽ കാനഡയിൽ താമസിക്കുന്ന ഒരു സ്ത്രീ യാത്രകൾ പോകുന്നത് പലചരക്ക് സാധനങ്ങൾ വാങ്ങാനാണ്. കേൾക്കുമ്പോൾ തമാശയാണെന്ന് തോന്നിയേക്കാം. സിനൈഡ് മീഡർ എന്നാണ് യുവതിയുടെ പേര്. ഒരു പോഷകാഹാര പരിശീലകയാണ് അവൾ. കാനഡയിലെ ജനസാന്ദ്രത ഏറെക്കുറഞ്ഞ യുക്കോൺ പ്രവിശ്യയിലാണ് യുവതി താമസിക്കുന്നത്.  

അടുത്തുള്ള പലചരക്ക് കടയിൽ പോയി സാധനങ്ങൾ വാങ്ങി വരാൻ രണ്ട് ദിവസമെടുക്കും. കാരണം തീർത്തും ഒറ്റപ്പെട്ട അവരുടെ താമസസ്ഥലത്ത് നിന്ന് ഏറ്റവും അടുത്തുള്ള പലചരക്ക് കടയിലേയ്ക്ക് ഏകദേശം 544 കിലോമീറ്റർ ഭൂരമുണ്ട്. എല്ലാ ആറാഴ്ചകളിലും മെയ്ഡർ ഇത്തരത്തിൽ ദീർഘയാത്ര നടത്തുന്നു. ഒരു ടിക് ടോക്കറായ അവർ തന്റെ ജീവിതത്തെ കുറിച്ചുള്ള വീഡിയോകൾ ലോകവുമായി പങ്കിടുന്നു. അക്കൂട്ടത്തിൽ പലചരക്ക് സാധനങ്ങൾ വാങ്ങാൻ അവർ നടത്തിയ 2 ദിവസത്തെ യാത്രയെ കുറിച്ചുള്ളതായിരുന്നു സമീപകാല വീഡിയോ. അത് പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു.    

കാര്യം പച്ചക്കറിയോ, പഞ്ചാരസാരയോ ഒക്കെ വാങ്ങാൻ പോകുന്നതാണെങ്കിലും, തീർത്തും വെല്ലുവിളികൾ നിറഞ്ഞതാണ് ഓരോ യാത്രയും. 5 മണിക്കൂർ ദൂരം വണ്ടിയോടിച്ച് വേണം ടൗണിൽ എത്താൻ. വൺ വേയിലൂടെയുള്ള ആ യാത്രയിലുടനീളം ഫോൺ സേവനമില്ല എന്നതാണ് അതിന്റെ യഥാർത്ഥ വെല്ലുവിളി. പ്രവചനാതീതമായ കാലാവസ്ഥയും കൂടിയാകുമ്പോൾ പറയുകയും വേണ്ട. ശൈത്യകാലത്ത് യാത്ര ചെയ്യുമ്പോഴാണ് കൂടുതൽ ബുദ്ധിമുട്ട്. മിക്കപ്പോഴും അവൾ രാത്രിയിൽ പട്ടണത്തിൽ തങ്ങി പകലാണ് യാത്ര പുനരാരംഭിക്കുന്നത്. കാലാവസ്ഥ മോശമായാൽ, റോഡ് നേരെ കാണാൻ സാധിക്കില്ല. അതുമല്ല, മൃഗങ്ങൾ വണ്ടിയ്ക്ക് കുറുകെ ചാടാം അല്ലെങ്കിൽ വണ്ടിയ്ക്ക് എന്തെങ്കിലും തകരാർ സംഭവിക്കാം. അങ്ങനെ സംഭവിച്ചാൽ അവിടെ വേറെ ഒരു കാറോ, വാഹനങ്ങളോ കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ട. ആരെങ്കിലും വിളിച്ച് സഹായം തേടാം എന്ന് കരുതിയാലും, സെൽ ഫോൺ പ്രവർത്തിക്കില്ല, സിഗ്നൽ ഇല്ല.    
   
അതുകൊണ്ട് തന്നെ അവൾ പോകുമ്പോൾ $1,000 രൂപയുടെ സാധനങ്ങൾ വാങ്ങി സംഭരിക്കും. മീഡർ കൂടുതലും ടിന്നിലടച്ചതോ ശീതീകരിച്ചതോ ആയ ഭക്ഷണമാണ് വാങ്ങുന്നത്. കാരണം അത്തരം കാലാവസ്ഥയിൽ പച്ചക്കറികളും പഴങ്ങളും പോലുള്ള ആഹാരസാധനങ്ങൾ അധികകാലം നിലനിൽക്കില്ല. ഇനി അഥവാ അവ വാങ്ങിയാലും വളരെ പെട്ടെന്ന് തന്നെ അത് ഉപയോഗിച്ച് തീർക്കുകയോ, ഫ്രീസറിൽ വച്ച് ഉപയോഗിക്കുകയോ ചെയ്യുന്നു. ആദ്യ വീഡിയോകളിൽ ഒന്നിൽ അവളുടെ ഒറ്റപ്പെട്ട പലചരക്ക് കടയും കാണിക്കുന്നുണ്ട്. എന്നാൽ പിന്നെ എന്തിനാണ് ഇത്ര കഷ്ടപ്പാട് സഹിച്ച് അത്തരമൊരു സ്ഥലത്ത് താമസിക്കുന്നതെന്ന് ചോദിച്ചാൽ "യാത്രകൾ മടുപ്പിക്കുന്നതാണെങ്കിലും, പ്രകൃതി മനോഹരമാണ് സ്ഥലം" എന്നാണ് അവളുടെ മറുപടി.  
 

click me!