
ഒരിക്കലും താനൊരു അമ്മയാവില്ല എന്നായിരുന്നു 42 -കാരിയായ എമ്മ കരുതിയിരുന്നത്. എന്നാൽ, അത്യപൂർവങ്ങളിൽ അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു കാര്യം അവളുടെ ജീവിതത്തിലും സംഭവിച്ചു. അവൾ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. അതുകൊണ്ട് മാത്രമായില്ല, അവർ മൂന്നുപേരും ജനിച്ചത് ഒരേ ദിവസം.
ഈ വർഷം ജൂൺ 20 -നാണ് അവളുടെ ഏറ്റവും ഇളയ മകൻ ആർലി ജെയ് ജനിച്ചത്. മൂത്ത മകൻ ആൽഫി ജെയിംസിന് ഏഴ് വയസ്, രണ്ടാമൻ ജെസ്സി ജോയ്ക്ക് നാല് വയസും. വാറിംഗ്ടണിൽ നിന്നുള്ള എമ്മയ്ക്ക് ഗർഭപാത്രവുമായി ബന്ധപ്പെട്ട് സ്ഥിരമായി ഒരു രോഗാവസ്ഥയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവൾക്ക് കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ കഴിഞ്ഞിരുന്നില്ല. ഗർഭം ധരിച്ചാലും അത് അലസിപ്പോവും.
അതിനാൽ തന്നെ 2016 -ൽ ആദ്യത്തെ കുഞ്ഞ് ആൽഫിക്ക് ജന്മം നൽകിയപ്പോൾ അവളും പങ്കാളി ഡേവും ശരിക്കും അമ്പരന്നുപോയി. മൂന്ന് വർഷത്തിന് ശേഷം ആൽഫി ജനിച്ച അതേ ദിവസം തന്നെ രണ്ടാമത്തെ മകനും ജനിച്ചപ്പോൾ അത് സന്തോഷം നിറഞ്ഞ അമ്പരപ്പായി മാറുകയായിരുന്നു. മൂന്നാമത്തെയാളും കൂടി അതേ ദിവസം തന്നെ ജനിച്ചപ്പോൾ അവരുടെ സന്തോഷത്തിന് അതിരില്ലായിരുന്നു.
കുട്ടികളുണ്ടാവാത്ത വേദനയും കടുത്ത നിരാശയും കീഴ്പ്പെടുത്തിയിരുന്ന എമ്മയുടെ ജീവിതത്തിലേക്കാണ് മൂന്ന് 'റെയിൻബോ ബേബി'കൾ എത്തിയിരിക്കുന്നത്. ഗർഭമലസിയ കാലത്ത് അവൾ കടന്നുപോയ കാറും കോളും ഇരുട്ടും നിറഞ്ഞ ആ കാലത്തിന് ശേഷമുണ്ടായ ഈ റെയിൻബോ ബേബികളുമായി ഇന്ന് സന്തോഷത്തിലാണ് എമ്മയും പങ്കാളിയും. ഒപ്പം ഒരേ ദിവസം തന്നെ അവരെല്ലാവരും പിറന്നാൾ ആഘോഷിക്കുന്നു എന്നത് ആ സന്തോഷത്തിന്റെ മധുരം ഒരുപാട് ഇരട്ടിയാക്കുന്നു.