സ്ത്രീധനമായി ഫോര്‍ച്യൂണറിന് പകരം വാഗണര്‍, വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറി!

By Web TeamFirst Published Jan 7, 2023, 2:37 PM IST
Highlights

വധുവിന്റെ വീട്ടുകാര്‍  വിവാഹ സമ്മാനമായി ഒരു വാഗണര്‍ കാര്‍ ബുക്ക് ചെയ്തു. ഇതറിഞ്ഞ വരന്‍ തനിക്ക് ഫോര്‍ച്യൂണര്‍ കാറാണ് ഇഷ്ടമെന്നും അത് വാങ്ങി നല്‍കണമെന്നും അറിയിക്കാന്‍ ബന്ധുവിനെ വിട്ടു
 

സ്ത്രീധനമായി ഫോര്‍ച്യൂണര്‍ കാര്‍ കിട്ടാത്തതിനെ തുടര്‍ന്ന് വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറി. സ്ത്രീധനമായി ആവശ്യപ്പെട്ട ഫോര്‍ച്യൂണര്‍ കാറിനു പകരം വധുവിന്റെ വീട്ടുകാര്‍ വാഗണര്‍ കാര്‍ വാങ്ങി നല്‍കിയതാണ് വരനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ഇയാള്‍ വിവാഹത്തില്‍ നിന്ന് പിന്മാറുന്നതായി വധുവിന് ടെക്സ്റ്റ് മെസേജ് അയക്കുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഗവ. കോളേജ് അധ്യാപകനായ സിദ്ധാര്‍ത്ഥ് വിഹാര്‍ ആണ് ഇഷ്‌പ്പെട്ട കാര്‍ കിട്ടാത്തതിനെ തുടര്‍ന്ന് വിവാഹം വേണ്ടെന്ന് വെച്ചത്. 2022 ഒക്ടോബര്‍ 10-നാണ് വധുവിന്റെ വീട്ടുകാര്‍ ഇരുവര്‍ക്കും ഉള്ള വിവാഹ സമ്മാനമായി ഒരു വാഗണര്‍ കാര്‍ ബുക്ക് ചെയ്തത്. ഇതറിഞ്ഞ വരന്‍ തന്റെ ഒരു ബന്ധുവിനെ വധുവിന്റെ വീട്ടിലേക്ക് അയച്ചു. തനിക്ക് ഫോര്‍ച്യൂണര്‍ കാറാണ് ഇഷ്ടമെന്നും അത് വാങ്ങി നല്‍കണമെന്നും അറിയിക്കാനായിരുന്നു ഇത്. 

ടൊയോട്ട കമ്പനി നിര്‍മിക്കുന്ന ഫോര്‍ച്യൂണര്‍ കാറിന് ഏകദേശം 35 ലക്ഷം രൂപ വില വരും. മാരുതിയുടെ വാഗണറിന് ഏതാണ്ട് ഏഴ് ലക്ഷം രൂപയാണ് വില. 

വിലയിലുള്ള ഈ വലിയ അന്തരം കണക്കിലെടുത്ത്, വധുവിന്റെ വീട്ടുകാര്‍ ഫോര്‍ച്യൂണര്‍ വാങ്ങാന്‍ തയ്യാറായില്ല. ഇതില്‍ ക്ഷുഭിതനായ വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറുന്നതായി വധുവിനെ ടെക്‌സ്റ്റ് മെസേജ് വഴി അറിയിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ വധുവിന്റെ വീട്ടുകാരെ ഭീഷണിപ്പെടുത്തിയതിനും  സ്ത്രീധന നിരോധന നിയമപ്രകാരവും പോലീസ് കേസ് എടുത്തിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ ഈയിടെ മറ്റൊരു സംഭവത്തില്‍ വധു വിവാഹ വേദിയില്‍ വച്ച് വിവാഹത്തില്‍ നിന്നും പിന്മാറിയിരുന്നു.  വരന്‍ കറുത്തതാണ് എന്ന് ആരോപിച്ചായിരുന്നു ഇത്. വരന്‍ എന്നു പറഞ്ഞ് വിവാഹത്തിനു മുന്‍പ് വീട്ടുകാര്‍ തന്നെ പരിചയപ്പെടുത്തിയ ചെറുപ്പക്കാരന്‍ ഇതല്ലെന്നും ഇയാളുടെ നിറം തനിക്ക് ഇഷ്ടമല്ല എന്നും പറഞ്ഞു കൊണ്ടായിരുന്നു വധുവായ നീത യാദവ് വിവാഹ മണ്ഡപത്തില്‍ നിന്നും ഇറങ്ങിപ്പോയത്. ബന്ധുക്കളും സുഹൃത്തുക്കളും മണ്ഡപത്തിലേക്ക് തിരികെ വരണം എന്ന് നിരവധി തവണ അഭ്യര്‍ത്ഥിച്ചിട്ടും തിരികെയെത്താന്‍ പെണ്‍കുട്ടി തയ്യാറായില്ല. ഒടുവില്‍ ആറുമണിക്കൂര്‍ നേരത്തെ കാത്തിരിപ്പിന് ശേഷം വിവാഹത്തില്‍ നിന്നും പിന്മാറാന്‍ തയ്യാറായി വരനും വീട്ടുകാരും മടങ്ങി. 

പിന്നാലെ, വിവാഹത്തിന് മുന്‍പ് വധുവിന് സമ്മാനമായി കൊടുത്ത ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ തങ്ങള്‍ക്ക് ഇതുവരെയും തിരികെ നല്‍കിയിട്ടില്ല എന്ന് ആരോപിച്ചുകൊണ്ട് വരന്റെ പിതാവ് പോലീസില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്.

click me!