താലിബാനെത്തുംമുമ്പേ വന്‍രക്ഷാ പദ്ധതി; ആയിരക്കണക്കിന്  അഫ്ഗാനികളെ അമേരിക്കയിലേക്ക് കടത്തുന്നു

By Web TeamFirst Published Jul 24, 2021, 1:30 PM IST
Highlights

ആയിരക്കണക്കിന് അഫ്ഗാന്‍ പൗരന്‍മാരെ വ്യോമമാര്‍ഗം തങ്ങളുടെ രാജ്യത്തേക്ക് കൊണ്ടുപോവാനും അവിടെ അവര്‍ക്ക് വിസയും താമസസൗകര്യങ്ങളും നല്‍കാനാണ് ശ്രമം. 

താലിബാന്‍ മുന്നേറ്റ വാര്‍ത്തകള്‍ തുടരുന്നതിനിടെ അഫ്ഗാനിസ്ഥാനില്‍ വന്‍ രക്ഷാപദ്ധതി. അതിവേഗം അഫ്ഗാന്‍ പിടിക്കുന്ന താലിബാന്‍കാരില്‍നിന്നും തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ രക്ഷിക്കാനാണ് അമേരിക്കയും കാനഡയുമടക്കമുള്ള വന്‍രാജ്യങ്ങളുടെ ശ്രമം. ആയിരക്കണക്കിന് അഫ്ഗാന്‍ പൗരന്‍മാരെ വ്യോമമാര്‍ഗം തങ്ങളുടെ രാജ്യത്തേക്ക് കൊണ്ടുപോവാനും അവിടെ അവര്‍ക്ക് വിസയും താമസസൗകര്യങ്ങളും നല്‍കാനാണ് ശ്രമം. 

അഫ്ഗാനിസ്ഥാനില്‍ തങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചവരെ രക്ഷപ്പെടുത്തുന്നതിനായി കോടികളുടെ പദ്ധതിയാണ് അമേരിക്ക ആവിഷ്‌കരിച്ചത്. ഇതിനായി, അടിയന്തിര ഫണ്ടില്‍നിന്നും 100 മില്യന്‍ ഡോളര്‍ (744 കോടി രൂപ) അനുവദിച്ച് പ്രസിഡന്റ് ജോ ബൈഡന്‍ ഇന്നലെ ഉത്തരവായി. ഇതിനു തൊട്ടുമുമ്പായി മറ്റൊരു 200 മില്യന്‍ ഡോളര്‍ 1480 കോടി രൂപ) കൂടി അദ്ദേഹം അനുവദിച്ചിരുന്നു. 

അഫ്ഗാനിലെ കൂടുതല്‍ സ്ഥലങ്ങള്‍ താലിബാന്റെ നിയന്ത്രണത്തിലാവുന്നതിനിടെയാണ്, സ്‌പെഷ്യല്‍ ഇമിഗ്രേഷന്‍ വിസയ്ക്ക് അപേക്ഷിച്ചവരെ രക്ഷിക്കാനായി വന്‍ പലായനത്തിന് അമേരിക്ക പദ്ധതിയിടുന്നത്. ഇവരിലെ ആദ്യ ബാച്ച് ആ മാസം അവസാനം അമേരിക്കയിലെ വിര്‍ജീനിയയിലുള്ള ഫോര്‍ട്ട് ലീ വിമാനത്താവളത്തില്‍ എത്തുമെന്നാണ് കരുതുന്നത്. വിസ കാര്യങ്ങള്‍ ശരിയാവുന്നതുവരെ അവര്‍ ഇവിടെ തുടരും. സൗത്ത് റിച്ച്മണ്ടില്‍നിന്നും 48 കിലോ മീറ്റര്‍ അകലെയുള്ള പുനരവധിവാസ കേന്ദ്രത്തില്‍  2500 പേരെയെങ്കിലും താമസിപ്പിക്കാന്‍ സൗകര്യമുണ്ടാവുമെന്ന് പെന്റഗണ്‍ അറിയിച്ചു. അഫ്ഗാനില്‍നിന്നു വരുന്നവരെ താമസിപ്പിക്കാനുള്ള കൂടുതല്‍ സ്ഥലങ്ങള്‍ തയ്യാറാക്കുന്ന തിരക്കിലാണ് ബൈഡന്‍ ഭരണകൂടം ഇപ്പോള്‍.

2001-ലെ അഫ്ഗാന്‍ അധിനിവേശത്തിനു പിന്നാലെ അമേരിക്കയ്ക്കു വേണ്ടി പ്രവര്‍ത്തിച്ച വിവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് സ്‌പെഷ്യല്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. നിലവില്‍ 18,000 പേരുടെ സ്‌പെഷ്യല്‍ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. അര്‍ഹരായ എല്ലാവരെയും ഉള്‍പ്പെടുത്തുന്ന വിധത്തില്‍ എണ്ണായിരം പേരെ കൂടി പരിധിയില്‍ കൊണ്ടുവരുന്നതിന് വ്യാഴാഴ്ച പ്രതിനിധി സഭ നിയമനിര്‍മാണം നടത്തിയിരുന്നു. 

തങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ആയിരക്കണക്കിന് അഫ്ഗാന്‍കാരെ രക്ഷപ്പെടുത്തുന്നതിന് അടിയന്തിര പദ്ധതികള്‍ നടപ്പാക്കുകയാണെന്ന് കഴിഞ്ഞ ദിവസം കാനഡയും അറിയിച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍ കനേഡിയന്‍ സൈന്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചവരെയാണ് സഹായിക്കുക. എന്നാല്‍, എത്രപേരെയാണ് രക്ഷിച്ച് കാനഡയിലേക്ക് കൊണ്ടുവരിക എന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. തങ്ങള്‍ക്കു വേണ്ടി ജീവന്‍ പണയം വെച്ച് പ്രവര്‍ത്തിച്ചവരും അവരുടെ കുടുംബാംഗങ്ങളും താലിബാന്റെ ശിക്ഷയ്ക്കിരയാവുമെന്ന മുന്‍സൈനികരുടെ ശക്തമായ സമ്മര്‍ദ്ദം കനേഡിയന്‍ സര്‍ക്കാറിനുമേലുണ്ട്. 

അതിനിടെ, സമാധാന ചര്‍ച്ച നടത്താനുള്ള അമേരിക്കന്‍ ശ്രമങ്ങള്‍ക്ക് മറുപടിയുമായി താലിബാന്‍ വക്താവ് രംഗത്തുവന്നു. അമേരിക്കന്‍ പിന്തുണയുള്ള പ്രസിഡന്റ് അഷ്‌റഫ് ഘനിയെ നീക്കം ചെയ്ത് പുതിയ സര്‍ക്കാറിനെ കൊണ്ടുവന്നാലല്ലാതെ അഫ്ഗാനില്‍ സമാധാനം ഉണ്ടാവില്ലെന്നാണ് താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ എ പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. 
  

click me!