വണ്ടിനിര്‍ത്തി പെട്രോള്‍ പമ്പില്‍ ഒന്നുറങ്ങിപ്പോയി, പിന്നെ നടന്നത് വിചിത്രമായ കാര്യങ്ങളാണ്!

Published : Apr 13, 2022, 08:34 PM ISTUpdated : Apr 14, 2022, 11:47 AM IST
 വണ്ടിനിര്‍ത്തി പെട്രോള്‍ പമ്പില്‍ ഒന്നുറങ്ങിപ്പോയി, പിന്നെ നടന്നത് വിചിത്രമായ കാര്യങ്ങളാണ്!

Synopsis

ഒന്നുറങ്ങിപ്പോയി. അതു മാത്രമേ ആ യുവാവിന് ഓര്‍മ്മയുള്ളൂ. പിന്നെ സംഭവിച്ചത് വിചിത്രമായ കാര്യങ്ങളാണ്. Photo: Representational Image 

ഒന്നുറങ്ങിപ്പോയി. അതു മാത്രമേ ആ യുവാവിന് ഓര്‍മ്മയുള്ളൂ. പിന്നെ സംഭവിച്ചത് വിചിത്രമായ കാര്യങ്ങളാണ്. അയാള്‍ക്കരികിലേക്ക് പൊലീസ് വന്നു. അവര്‍ പരിശോധന നടത്തി. വണ്ടിയില്‍നിന്നും ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നുകള്‍ പിടിച്ചു. ഒപ്പം, അയാള്‍ വാഹനത്തില്‍ ഒളിപ്പിച്ച മാരകായുധങ്ങളും പൊലീസിന്റെ പിടിയിലായി. തീര്‍ന്നില്ല, യുവാവ് ജയിലിലായി. അയാളുടെ കൂട്ടാളികള്‍ക്കു വേണ്ടി അന്വേഷണം നടക്കുന്നു. 

അമേരിക്കയിലെ ഹോബര്‍ട്ട് ലോറന്‍സിലാണ് വിചിത്രമായ ഈ സംഭവം നടന്നത്. ലക്ഷക്കണക്കിന് രൂപയുടെ മയക്കുമരുന്നുമായി കാറില്‍ സഞ്ചരിക്കുകയായിരുന്നു ഈ യുവാവ്. വഴിക്കുള്ള ഒരു പെട്രോള്‍ പമ്പില്‍ വണ്ടി നിര്‍ത്തിയ ഇയാള്‍ ഡ്രൈവിംഗ് സീറ്റിലിരുന്ന് മയങ്ങിപ്പോയി. ഉറക്കം ഒരു മണിക്കൂറിലേറെ നീണ്ടപ്പോള്‍ കണ്ടു നിന്ന ആരോ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. 

 

 

'പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട കാറില്‍ ഒരാള്‍ ഒരുപാട് നേരമായി ഉറങ്ങുകയാണ്. അയാളെ ഒന്നെഴുന്നേല്‍പ്പിക്കണം' എന്ന് പറഞ്ഞാണ് പൊലീസിന് ഫോണ്‍കോള്‍ വന്നത്. തുടര്‍ന്ന് കാര്യം എന്താണെന്ന് അന്വേഷിക്കാന്‍ അവര്‍ പമ്പിലേക്ക് ചെന്നു. അവിടെ ചെന്നപ്പോള്‍ വണ്ടി അവര്‍ കണ്ടെത്തി. അതിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഒരാള്‍ ഉറങ്ങുന്നുണ്ടായിരുന്നു. പൊലീസ് ചെന്ന് വിളിച്ചപ്പോള്‍ അയാളുണര്‍ന്നു. പക്ഷേ, പരിഭ്രാന്തനായ അയാള്‍ പോക്കറ്റില്‍നിന്നും കൈയെടുത്തപ്പോള്‍ വിലകൂടിയ മയക്കുമരുന്നിന്റെ കവര്‍ പൊലീസിന്റെ കണ്ണില്‍ പെട്ടു. അതോടെ പൊലീസ് ഇയാളെ വിളിച്ചിറക്കി വാഹനപരിശോധന നടത്തി. തുടര്‍ന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 

ബ്രൗണ്‍ കൗണ്ടിയിലേക്ക് കൊണ്ടുവരികയായിരുന്നു ആ മയക്കുമരുന്ന് എന്നാണ് യുവാവ് പൊലീസിന് മൊഴി നല്‍കിയത്. കൊക്കെയിന്‍, മെത്താഫെറ്റമിന്‍, ഫെന്റ്റാനില്‍, എല്‍ എസ് ഡി, മരിജുവാന, ഹെറോയിന്‍, പാരാഫെര്‍നാലിയ എന്നിവയായിരുന്നു അയാളുടെ വണ്ടിയിലുണ്ടായിരുന്നത്. മാര്‍ക്കറ്റില്‍ ഏകദേശം 50,000 ഡോളര്‍ (38 ലക്ഷം രൂപ) വിലവരുന്നതാണ് ഈ മയക്കുമരുന്ന്. ഇവ പാക്കേജ് ചെയ്ത് വിതരണം ചെയ്യുമ്പോള്‍ വില ഇതിന്റെ ഇരട്ടിയാവും. ഇതോടൊപ്പം ഇയാളില്‍നിന്നും 50,000 ഡോളര്‍ (38 ലക്ഷം രൂപ) കറന്‍സിയും പിടിച്ചെടുത്തു. നാല് ഹാന്‍ഡ് ഗണ്ണുകളും മറ്റ് ആയുധങ്ങളും ഇയാളില്‍നിന്നും കണ്ടെത്തി. ഒപ്പം, ഇയാള്‍ സഞ്ചരിച്ച ഫോര്‍ഡ് എക്‌സ്‌പ്ലോറര്‍ വണ്ടിയും പൊലീസ് പിടിച്ചെടുത്തു.  

യുവാവിന്റെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണം നടക്കുന്നതിനാലാണ് ഇതെന്നും കൂടുതല്‍ ആളുകളിലേക്ക് അന്വേഷണം എത്തുമെന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ
സതീഷും സാജിദും ബാല്ല്യകാലസുഹൃത്തുക്കൾ, ഒരുമിച്ച് പാട്ടത്തിനെടുത്ത സ്ഥലത്ത് തിരഞ്ഞു, കിട്ടിയത് ലക്ഷങ്ങളുടെ വജ്രം!