Covid : പോസിറ്റീവായ മകനെ കാറിന്റെ ഡിക്കിയിലടച്ച് പരിശോധനക്കെത്തി, ശാസ്ത്രാധ്യാപിക അറസ്റ്റില്‍

By Web TeamFirst Published Jan 8, 2022, 7:05 PM IST
Highlights

കൊവിഡ് പരിശോധനാ കേന്ദ്രത്തിലേക്ക് എത്തിയ കാറിലാണ് കുട്ടി ഉണ്ടായിരുന്നത്. കൊവിഡ് പരിശോധനയ്ക്ക് വന്നു മടങ്ങുന്ന ഒരാളാണ്, കാറിന്റെ ഡിക്കിയില്‍ ആരോ ഉണ്ടെന്ന് പൊലീസിനെ വിവരമറിയിച്ചത്. 

കൊവിഡ് പോസിറ്റീവായ മകനെ കാറിന്റെ ഡിക്കിയില്‍ അടച്ച് പരിശോധനയ്ക്ക് കൊണ്ടുവന്ന അമേരിക്കന്‍ അധ്യാപിക അറസ്റ്റിലായി. കൊവിഡ് ടെസ്റ്റ് ചെയ്യാന്‍ സമീപപ്രദേശത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുമ്പോഴാണ് 13 വയസ്സുകാരനായ മകനെ ഇവര്‍ കാറിന്റെ ഡിക്കിയില്‍ അടച്ചത്. തനിക്ക് രോഗം പകരാതിരിക്കാനാണ് ഇങ്ങനെ ചെയ്തത് എന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. 

അമേരിക്കയിലെ ടെക്‌സസിലാണ് സംഭവം. ഇവിടെയുള്ള ഹാരിസ് കൗണ്ടിയിലെ കൊവിഡ് പരിശോധനാ കേന്ദ്രത്തിലേക്ക് എത്തിയ കാറിലാണ് കുട്ടി ഉണ്ടായിരുന്നത്. കൊവിഡ് പരിശോധനയ്ക്ക് വന്നു മടങ്ങുന്ന ഒരാളാണ്, കാറിന്റെ ഡിക്കിയില്‍ ആരോ ഉണ്ടെന്ന് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ്  ഉടന്‍ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. കാറിന്റെ ഡിക്കി തുറക്കാന്‍ ആദ്യം അധ്യാപിക വിസമ്മതിച്ചുവെങ്കിലും പൊലീസ് നിര്‍ബന്ധിച്ച് തുറപ്പിക്കുകയായിരുന്നു. 

അപ്പോഴാണ് ഡിക്കിയ്ക്കുള്ളില്‍ പനിച്ചു കിടക്കുന്ന 13 വയസ്സുകാരനെ കണ്ടെത്തിയത്. ഡിക്കിക്കകത്ത് ചെരിഞ്ഞു കിടക്കുകയായിരുന്നു കുട്ടി. എട്ടു കിലോ മീറ്ററോളം ഇങ്ങനെ യാത്ര ചെയ്തതായി പൊലീസ് അധികൃതര്‍ പറഞ്ഞു. 

തനിക്ക് അസുഖം പകരാതിരിക്കാനാണ് മകനെ കാറിന്റെ ഡിക്കിയില്‍ അടച്ചതെന്ന് 41-കാരിയായ അമ്മ സാറാ ബീം പറഞ്ഞു. മകന്‍ കൊവിഡ് പോസിറ്റീവ് ആണോ എന്നുറപ്പിക്കാനുള്ള രണ്ടാമത്തെ പരിശോധനയ്ക്കാണ് ഇവര്‍ ആരോഗ്യ കേന്ദ്രത്തിലെ കൊവിഡ് ടെസ്റ്റ് സെന്ററില്‍ എത്തിയത്. മകനെ കാറില്‍ കയറ്റിയാല്‍ തനിക്ക് അസുഖം പകരുമെന്ന് ഭയന്നതായി അമ്മ പറഞ്ഞു. ദീര്‍ഘനേരം ഡിക്കിക്കകത്ത് കിടക്കേണ്ടി വന്നുവെങ്കിലും കുട്ടിയുടെ ആരോഗ്യ നില ഭദ്രമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. 

കുട്ടിയെ കൊവിഡ് പരിശോധനയ്ക്ക് കൊണ്ടുവന്നപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കുട്ടിയെ കാറിന്റെ പിന്‍സീറ്റിലിരുത്തി കൊണ്ടുപോവുമെന്ന് ഉറപ്പു നല്‍കിയാലേ, കൊവിഡ് പരിശോധന നടത്തൂ എന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.  

2011-മുതല്‍ സൈപ്രസ് ഫാള്‍സ് ഹൈ സ്‌കൂളിലെ ശാസ്ത്ര അധ്യാപികയാണ് അറസ്റ്റിലായ സാറാ ബീം. ഈയടുത്തായി ഇവര്‍ സ്‌കൂളിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ചുമതലയിലാണ്. ഇവര്‍ക്കെതിരെ വകുപ്പ് തല അന്വേഷണമാരംഭിച്ചതായി വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു.  യാത്രയ്ക്കിടയില്‍ ഏതെങ്കിലും വാഹനം ഇടിച്ചിരുന്നുവെങ്കില്‍, ഡിക്കിക്കുള്ളില്‍ കിടക്കുന്ന കുട്ടിയ്ക്ക് ഗുരുതരമായി പരിക്ക് പറ്റുമായിരുന്നുവെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു. 
 

click me!