Latest Videos

Uber| ഒടുവില്‍ ഊബറും കഞ്ചാവ് കച്ചവടത്തിലേക്ക്, കാനഡയില്‍ ഇനി ഊബര്‍ ആപ്പ് വഴി കഞ്ചാവും!

By Web TeamFirst Published Nov 23, 2021, 7:15 PM IST
Highlights

അങ്ങനെ ഒടുവില്‍ ഊബറും കഞ്ചാവ് ബിസിനസിലേക്ക് തിരിയുന്നു. കാനഡയിലാണ്, ഊബര്‍ കഞ്ചാവ് വിതരണം ആരംഭിക്കുന്നത്. കാനഡയിലെ ഒന്റാരിയോയില്‍ ഇനി ആളുകള്‍ക്ക് ഊബര്‍ ഈറ്റ്‌സ് വഴി കഞ്ചാവ് ഓര്‍ഡര്‍ ചെയ്യാനാവും. ആവശ്യക്കാര്‍ക്ക് ഊബര്‍ കഞ്ചാവ് വീട്ടിലെത്തിക്കും. 

അങ്ങനെ ഒടുവില്‍ ഊബറും (Uber) കഞ്ചാവ്  (Cannabis) ബിസിനസിലേക്ക് തിരിയുന്നു. കാനഡയിലാണ് (Canada)  ഊബര്‍ കഞ്ചാവ് വിതരണം ആരംഭിക്കുന്നത്. കാനഡയിലെ ഒന്റാരിയോയില്‍ ഇനി ആളുകള്‍ക്ക് ഊബര്‍ ഈറ്റ്‌സ് വഴി കഞ്ചാവ് ഓര്‍ഡര്‍ ചെയ്യാനാവും. ആവശ്യക്കാര്‍ക്ക് ഊബര്‍ കഞ്ചാവ് വീട്ടിലെത്തിക്കും. 

കാനഡയില്‍ നിയമവിധേയമായി കഞ്ചാവ് വില്‍പ്പന നടത്തുന്ന കമ്പനിയായ ടോക്കിയോ സ്‌മോക്കുമായി ചേര്‍ന്നാണ് ഊബര്‍ കഞ്ചാവ് എത്തിക്കുന്നത്. ഇതിനായി ഊബര്‍ ഈറ്റ്‌സ് ആപ്പില്‍ പ്രത്യേക വിഭാഗം തുടങ്ങുമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഓര്‍ഡര്‍ ചെയ്ത് ഒരു മണിക്കൂറിനകം കഞ്ചാവ് എത്തിക്കുമെന്ന് വാര്‍ത്താ കുറിപ്പില്‍ ഊബര്‍ അറിയിച്ചു. ഉപയോക്താക്കളുടെ വയസ്സ് സ്ഥിരീകരിക്കാനുള്ള സംവിധാനം ഊബര്‍ ഈറ്റ്‌സ് ആപ്പില്‍ ലഭ്യമാക്കുമെന്നും വാര്‍ത്താ കുറിപ്പ് വ്യക്തമാക്കി. 

2018-ലാണ് കാനഡയില്‍ കഞ്ചാവ് നിയമവിധേയമാക്കിയത്. എന്നാല്‍, ഇത് എത്തിച്ചു കൊടുക്കുന്നത് കനേഡിയന്‍ നിയമപ്രകാരം നിയമവിരുദ്ധമാണ്. അതിനിടെയാണ്, ഊബര്‍ നേരിട്ട് വില്‍പ്പനയിലേക്ക് ഇറങ്ങുന്നത്. കാനഡയിലെ മറ്റിടങ്ങളില്‍ കൂടി ഈ സംവിധാനം ലഭ്യമാക്കി കഞ്ചാവ് വിപണിയിലേക്ക് ഇറങ്ങാനുള്ള ആലോചനയിലാണ് ഊബര്‍. കാനഡയിലെ മറ്റിടങ്ങളിലും അമേരിക്കയിലും കൂടി ഈ സേവനം ലഭ്യമാക്കാന്‍ ആലോചനയുണ്ടോ എന്ന ചോദ്യത്തിന് എന്നാല്‍ ഊബര്‍ പ്രതികരിച്ചില്ല.  

മൂന്ന് വര്‍ഷം മുമ്പാണ് വിനോദ ആവശ്യത്തിനുള്ള കഞ്ചാവ് വില്‍പ്പന കാനഡയില്‍ നിയമവിധേയമായത്. എന്നാല്‍, ഇപ്പോഴും കഞ്ചാവ് വില്‍പ്പനയുടെ ഭൂരിഭാഗവും നടത്തുന്നത് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്്ഥാപനങ്ങളാണ്. ഈ പ്രശ്‌നത്തിനുള്ള പരിഹാരം സര്‍ക്കാറിന്റെ പരിഗണനയിലാണ്. അതിനിടെയാണ് ഊബറിന്റെ പുതിയ നീക്കം.  ഏപ്രില്‍ മാസമാണ്, നിയമവിധേയമായി കഞ്ചാവ് വിതരണം ചെയ്യാനുള്ള കാര്യം പരിഗണനയിലാണെന്ന് ഊബര്‍ ചീഫ് എക്‌സിക്യൂട്ടീവ് ദാരാ ഖൊരോഷാഹി അറിയിച്ചത്. 

ടോക്കിയോ സ്‌മോക് കമ്പനിയുമായി ചേര്‍ന്ന് നിയമവിധേയമായ കഞ്ചാവ് സുരക്ഷിതമായി വാങ്ങാന്‍ കഴിയുന്ന സാഹചര്യമാണ് ഒരുക്കുന്നതെന്ന് ഊബര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. നിയമവിരുദ്ധ കച്ചവടം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നും വാര്‍ത്താ കുറിപ്പ് വ്യക്തമാക്കി. 

കാനഡയിലെ പ്രധാനപ്പെട്ട വാണിജ്യ വസ്തുവാണ് കഞ്ചാവ്. പ്രതിവര്‍ഷം നാല് ബില്യന്‍ യു എസ് ഡോളറിന്റെ (2.7 ലക്ഷം കോടി രൂപ) കഞ്ചാവ് ബിസിനസാണ് ഇവിടെ നടക്കുന്നത്. ലോക്ക്ൗണ്‍ വന്നതിനു ശേഷം കാനഡയില്‍ കഴിഞ്ഞ വര്‍ഷം കഞ്ചാവ് വില്‍പ്പനയില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായതായി കണക്കുകളുണ്ടായിരുന്നു. അടുത്ത വര്‍ഷത്തോടെ 6.7 ബില്യന്‍ ഡോളര്‍ ആയി (4.98 ലക്ഷം കോടി രൂപ) ബിസിനസ് വര്‍ദ്ധിപ്പിക്കാനാണ് ആലോചിക്കുന്നത്. കഞ്ചാവ് ബിസിനസ് കൂടുതല്‍ വ്യാപകമാക്കാനുള്ള ശ്രമങ്ങളിലാണ് കാനഡയിലെ വാണിജ്യലോകം. 

നിയമങ്ങളും അവസരങ്ങളും സൂക്ഷ്മമായി പരിശോധിച്ച് കൂടുതല്‍ സ്ഥലങ്ങളിലേക്ക് നിയമവിധേയമായി കഞ്ചാവ് എത്തിക്കാനുള്ള ശ്രമങ്ങളിലാണ് തങ്ങളെന്നാണ് ഊബര്‍ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. 

click me!