
തൃശൂര്‍: എഴുപത്തിയേഴാമത്തെ വയസ്സില്‍ ആദ്യത്തെ ചിത്രപ്രദര്‍ശനം... പാലക്കാട്ടുകാരിയായ വത്സലാ നാരായണന് ഇത് തന്‍റെ സ്വപ്നസാക്ഷാത്കാരമല്ല. മറിച്ച്, അത്രമേല്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ചൊരിഷ്ടത്തെ മറ്റുള്ളവര്‍ കൂടി കാണുന്നതിലുള്ള ആഹ്ളാദത്തിന്‍റെ നിമിഷം കൂടിയാണ്.
ജൂലൈ 18 -ന് തൃശൂര്‍ ലളിത കലാ അക്കാദമി ഹാളില്‍ ആരംഭിച്ച വത്സല നാരായണന്‍റെ ചിത്രപ്രദര്‍ശനം നാളെയാണ് സമാപിക്കുക. ഇതുവരെ വരച്ചതില്‍ മികച്ചുനില്‍ക്കുന്ന അറുപത്തഞ്ചോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. പ്രായം തളര്‍ത്താത്ത മനസും ഉള്ളില്‍ കലയുമുണ്ടെങ്കില്‍ ഇതൊക്കെ എത്ര എളുപ്പവും സന്തോഷവുമാണെന്ന് വത്സല നാരായണന്‍റെ പുഞ്ചിരിയില്‍ നിന്നറിയാം. ചിത്രകാരിയാകണമെന്ന തീരാത്ത ആഗ്രഹത്തില്‍ നിന്ന് തുടങ്ങിയതല്ല ഈ ചിത്രപ്രദര്‍ശനത്തിലേക്കുള്ള യാത്ര. അത് എവിടെവെച്ച് തുടങ്ങി എന്നറിയണമെങ്കില്‍ കുറച്ചുവര്‍ഷം പിറകോട്ട് പോകണം.
വിവാഹം കഴിഞ്ഞയുടനെ ഭര്‍ത്താവ് ശങ്കരനാരായണനൊപ്പം കൊല്‍ക്കത്തയിലേക്ക് പോയ കാലം... അന്ന് പ്രത്യേകിച്ച് ജോലിയൊന്നുമില്ല. വീട്ടിലെ പണി കഴിഞ്ഞാല്‍ കയ്യില്‍ ഇഷ്ടം പോലെ സമയം. അങ്ങനെയാണ് ആ ഒഴിവുവേളകളിലിത്തിരി കല കലരുന്നത്. ചിത്രകല തുടങ്ങുന്നത് പരീക്ഷണത്തോടെയാണ്... പലനിറത്തിലുള്ള പഴയ തുണികള്‍ പൊടിച്ചുചേര്‍ത്ത് പേസ്റ്റ് ചെയ്തുള്ളതായിരുന്നു ആദ്യത്തെ ചിത്രങ്ങള്‍. അതുപിന്നെ മരപ്പൊടിയായി, ചായപ്പൊടിയായി, അരിപ്പൊടിയായി... അങ്ങനെ കയ്യില്‍ കിട്ടിയ പൊടികളെല്ലാം ചിത്രങ്ങളിലേക്ക് മാറി.
പക്ഷെ, ജീവിതമല്ലേ, പുതിയത് പലതും സംഭവിച്ചുകൊണ്ടേയിരിക്കും. അതിനിടെ കുട്ടികളായി, പഠനമായി വീണ്ടും സാധാരണ ജീവിതത്തിന്‍റെ തിരക്കുകളിലേക്ക്... പിന്നെ, മക്കളും കൊച്ചുമക്കളുമെല്ലാമായി ജീവിതം മാറി. പക്ഷെ, കലയണ്... അങ്ങനെയങ്ങ് വിട്ടുപോകുമോ? അറുപതാമത്തെ വയസ്സിനു ശേഷം വീണ്ടും കലാപരീക്ഷണങ്ങളില്‍ സജീവമായി വത്സല. ഒന്നുകില്‍ അവര്‍ തന്നെ വരയ്ക്കും, അല്ലെങ്കില്‍ ഔട്ട്ലൈന്‍ പ്രിന്‍റ് എടുത്ത് കിട്ടുന്ന ചിത്രങ്ങള്‍... അതില്‍ പൊടി ചേര്‍ത്തു. പൊടി മാത്രമല്ല, പൂക്കളുടെ ചെറിയ വിത്തുകള്‍ വരെ ചിത്രരചനയ്ക്ക് നിറം പകരും. അതുതന്നെയാണ് വത്സലയുടെ ചിത്രങ്ങളുടെ പ്രത്യേകതയും. എല്ലാം ഇങ്ങനെ പൊടികളും വിത്തും പഴയതുണികളുമൊക്കെയാണ് നിറങ്ങളായി മാറുന്നത്.
നേരത്തെ വീട്ടുകൂടലിനോ, അടുത്തവരുടെ പിറന്നാളിനോ ഒക്കെ സമ്മാനമായി നല്‍കും വരച്ച ചിത്രങ്ങള്‍. ചിത്രപ്രദര്‍ശനത്തിലേക്കെത്തുന്നത് വളരെ യാദൃച്ഛികമായാണ്... പാലക്കാട് ചെര്‍പ്പുള്ളശ്ശേരിക്കടുത്ത് പനമണ്ണയിലാണ് ഇപ്പോള്‍ മക്കളോടൊപ്പം താമസം. പക്ഷെ, ഗുരുവായൂര്‍ സന്ദര്‍ശനം പതിവാണ്. അങ്ങനെ ഒരു സന്ദര്‍ശനത്തിലാണ് അമ്പലത്തിന് മുന്നില്‍ സ്റ്റാളില്‍ ശില്‍പങ്ങളൊക്കെ വില്‍ക്കുന്നൊരാളെ പരിചയപ്പെടുന്നതും സംസാരിക്കുന്നതും. അമ്മയുടെ ചിത്രങ്ങള്‍ കാണണമെന്ന് അയാള്‍ ആഗ്രഹം പറഞ്ഞു. പിന്നത്തെ സന്ദര്‍ശനത്തില്‍ രണ്ടുമൂന്നു ചിത്രങ്ങളും കൂടെക്കരുതി. ആ ചിത്രങ്ങള്‍ കണ്ടൊരു പരിചയക്കാരനാണ് ചിത്രപ്രദര്‍ശനം നടത്തിയാലെന്താ എന്ന് ചോദിക്കുന്നത്. അങ്ങനെ നേരെ പ്രദര്‍ശനത്തിലേക്ക്. തൃശൂര്‍ ഫൈന്‍ ആര്‍ട്സ് കോളേജ് അധ്യാപകനും ബന്ധുവുമായ വിനോദ് കണ്ണേരിയുടെ സഹായത്തോടെയാണ് പ്രദര്‍ശനം നടത്തുന്നത്.
പ്രായമായില്ലേ എവിടേലും ഒതുങ്ങിയിരിക്ക് എന്നൊന്നും പറയണ്ട ഈ എഴുപത്തിയേഴുകാരിയോട്... ആളിന് വെറുതെയിരിക്കാന്‍ ഇഷ്ടമില്ല... എപ്പോഴും ചുറുചുറുക്കോടെ ഇഷ്ടപ്പെട്ടത് ചെയ്യാനായി ഓടിനടക്കുന്ന ആളാണ് വത്സല. ചിത്രപ്രദര്‍ശനത്തിന്‍റെ സന്തോഷം പറഞ്ഞറിയിക്കാനാകില്ലെന്നും, ഒരുപാടാളുകള്‍ വരുന്നുണ്ടെന്നും സംസാരിക്കുന്നുണ്ടെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. പ്രായം വെറും നമ്പറാണെന്നും കഴിയുന്നിടത്തോളം കാലം ഇഷ്ടമുള്ളത് ചെയ്യണമെന്നും കൂടി അവര്‍ ഓര്‍മ്മിപ്പിക്കുന്നു.