ചൈനയിലെ തടങ്കല്‍പ്പാളയങ്ങളില്‍ കടുത്ത മനുഷ്യാവകാശലംഘനം, വീഡിയോ പുറത്ത്...

By Web TeamFirst Published Aug 6, 2020, 2:22 PM IST
Highlights

ഗാപ്പറില്‍ നിന്നും പിടിച്ചുവച്ച സാധനങ്ങളെല്ലാം ആ സമയത്ത് തിരികെ നല്‍കി. അബദ്ധത്തില്‍ ഫോണും. അങ്ങനെയാണ് അയാള്‍ തന്‍റെ വീട്ടുകാര്‍ക്ക് മെസ്സേജ് അയക്കാന്‍ തുടങ്ങിയത്. 

സിന്‍ജിയാങ്ങിലെ ഉയ്‍ഗര്‍ വംശജരും മറ്റ് ന്യൂനപക്ഷങ്ങളും നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് തെളിയിക്കുന്ന  വീഡിയോ പുറത്ത്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ Taobao -ലെ മോഡലായ മെർദാൻ ഗാപ്പറിനെ മയക്കുമരുന്ന് കേസ് ചാര്‍ജ്ജ് ചെയ്‍ത് ഒരു വർഷത്തോളം ജയിലിലിലും പിന്നീട് തടങ്കല്‍ പാളയത്തിലും തടഞ്ഞുവച്ചതായി അദ്ദേഹത്തിന്‍റെ അടുത്തവര്‍ പറയുന്നു. ബിബിസിയും ഗ്ലോബ് ആന്‍ഡ് മെയിലുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. തടങ്കലിലിരിക്കെ ഗാപ്പര്‍ ഉറ്റവര്‍ക്കയച്ച ടെക്സ്റ്റ് മെസേജുകളും വീഡിയോയുമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ജനുവരിയിലാണ്, 31 -കാരനായ ഗാപ്പറിനെ സിൻജിയാങ്ങിലേക്ക് പൊലീസ് തിരികെ കൊണ്ടുപോകുന്നത്. അവിടെവെച്ച് 50-60 തടവുകാരുള്ള ഒരു പൊലീസ് സെല്ലിൽ അവനെ ചങ്ങലയിലിട്ടു. തടവിലിട്ടശേഷം ഗാപ്പറിന് അനുഭവിക്കേണ്ടി വന്നത് കടുത്ത മനുഷ്യാവകാശലംഘനമാണ് എന്ന് തെളിയിക്കുന്ന ടെക്സ്റ്റ് മെസേജുകളും വീഡിയോയും ആണ് പുറത്തുവന്നിരിക്കുന്നത്. അവിടെ അയാളെ തടവിലാക്കുകയും മര്‍ദ്ദിക്കുകയും ചെയ്‍തതായി പറയുന്നു. മാര്‍ച്ച് മാസം മുതല്‍ ഗാപ്പറില്‍നിന്നും വിവരങ്ങളൊന്നും തന്നെയില്ല. 

മുസ്ലീം ന്യൂനപക്ഷ വിഭാഗത്തിന്‍റെ മതത്തെയും സംസ്‍കാരത്തെയും അടിച്ചമർത്താനുള്ള ചൈനയുടെ ശ്രമങ്ങളുടെ ഭാഗമാണിത്. ഇതിനായി 13 വയസ്സില്‍ താഴെയുള്ള കുട്ടികളെ എങ്ങനെയാണ് ലക്ഷ്യമിടുന്നതെന്നും ടെക്സ്റ്റ് മെസേജുകളില്‍ ഗാപ്പര്‍ വെളിപ്പെടുത്തുന്നുണ്ട്. 'മാനസാന്തരപ്പെട്ട് ഒടുവില്‍ കീഴടങ്ങും' എന്ന നിലയിലാണ് ഈ പ്രവര്‍ത്തനം. 

'തടവുമുറികളില്‍ മൂന്നിലൊരുഭാഗം ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്കുള്ളതാണ്. ബാക്കിയുള്ളവയില്‍ വലതുഭാഗത്ത് പുരുഷന്മാരും ഇടതുഭാഗത്ത് സ്ത്രീകളും. കൂട്ടിലടച്ചപോലെ അവരെ പൂട്ടിയിട്ടിരിക്കുകയാണ്.' എന്നാണ് പൊലീസ് സെല്ലിനെ കുറിച്ച് ഗാപ്പര്‍ അയച്ച സന്ദേശത്തില്‍ വെളിപ്പെടുത്തുന്നത്. വാഷിംഗ്‍ടണ്‍ ഡിസി -യിലെ ജോര്‍ജ്‍ടൗണ്‍ യൂണിവേഴ്‍സിറ്റി, ഹിസ്റ്ററി പ്രൊഫസറായ ജെയിംസ് മില്‍വാര്‍ഡ് ആണ് സന്ദേശം വിവര്‍ത്തനം ചെയ്‍തിരിക്കുന്നത്. 

പ്രത്യേകം വസ്‍ത്രങ്ങളും തടവില്‍ പാര്‍പ്പിച്ചവര്‍ക്ക് ധരിക്കേണ്ടതുണ്ട്. ഇതൊരു ഫോര്‍പീസ് സ്യൂട്ടാണ്. തല മൂടുന്ന തരത്തിലുള്ള കറുത്ത തുണി ബാഗ്, കയ്യാമം, ചങ്ങല, കയ്യാമത്തിനെയും ചങ്ങലയെയും ബന്ധിപ്പിക്കുന്ന സ്റ്റീല്‍ ചെയിന്‍ എന്നിവ ഇതില്‍ പെടുന്നു. ഈ ഫോര്‍പീസ് സ്യൂട്ട് ഭീഷണിപ്പെടുത്തിയാണ് ധരിപ്പിച്ചിരുന്നത് എന്ന് ഗാപ്പര്‍ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവരെ താമസിപ്പിച്ചിരുന്നത്. വൃത്തിയില്ലാത്ത ഭക്ഷണം കഴിക്കേണ്ടി വരുമായിരുന്നുവെന്നും സന്ദേശങ്ങളില്‍നിന്നും വ്യക്തമാകുന്നു. ഒരു സെല്ലില്‍ തനിച്ച് ദിവസങ്ങളോളം താമസിപ്പിച്ചിരുന്നുവെന്നും അവിടെവച്ച് അടുത്ത സെല്ലുകളില്‍ നിന്നും ആളുകളുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കേള്‍ക്കാമായിരുന്നുവെന്നും അവന്‍ വിവരിക്കുന്നു. 

''ഒരു ദിവസം രാവിലെ മുതല്‍ വൈകുന്നേരം വരെ ഒരു മനുഷ്യന്‍ കരയുന്നത് ഞാന്‍ കേട്ടു. അത് എനിക്ക് നല്‍കിയ മാനസികപീഡനം വളരെ വലുതാണ്. ഞാന്‍ ഭയന്നുപോയി. അടുത്തത് ഞാനായിരിക്കുമോ എന്നായിരുന്നു എന്‍റെ പേടി.'' എന്ന് ഗാപ്പര്‍ പറയുന്നു. മറ്റ് തടവുകാരെ ഒരു മിനിബസില്‍ കയറ്റിക്കൊണ്ടുപോയി. പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗാപ്പറിനെ ആശുപത്രിയിലേക്കും കൊണ്ടുപോയി. അടുത്തുള്ള ഒരു ഒഴിഞ്ഞ കെട്ടിടത്തിലായിരുന്നു പിന്നെ പാര്‍പ്പിച്ചത്. അവിടെ ഒരു മുറിയില്‍ തനിച്ചാണ് അയാളെ താമസിപ്പിച്ചത്. 

ഗാപ്പറില്‍ നിന്നും പിടിച്ചുവച്ച സാധനങ്ങളെല്ലാം ആ സമയത്ത് തിരികെ നല്‍കി. അബദ്ധത്തില്‍ ഫോണും. അങ്ങനെയാണ് അയാള്‍ തന്‍റെ വീട്ടുകാര്‍ക്ക് മെസ്സേജ് അയക്കാന്‍ തുടങ്ങിയത്. യൂറോപ്പിലുള്ള കുടുംബത്തിന് അയച്ച ഒരു വീഡിയോയില്‍ ഒരു ഒറ്റപ്പെട്ട കുഞ്ഞുമുറിയില്‍ കയ്യാമം വെച്ച് കട്ടിലിനോട് ബന്ധിച്ച നിലയില്‍ ഗാപ്പര്‍ ഇരിക്കുന്നത് കാണാം. പശ്ചാത്തലത്തില്‍ സ്‍പീക്കറിലൂടെ സര്‍ക്കാര്‍വക പ്രൊപഗാണ്ട അനൗണ്‍സ്‍മെന്‍റുകളും കേള്‍ക്കാമായിരുന്നു. അഞ്ചുമാസം മുമ്പ് സന്ദേശം നിലച്ചു. അതിനുമുമ്പ് കുറച്ച് ദിവസത്തേക്ക് തുടര്‍ച്ചയായി ഗാപ്പറിന്റെ സന്ദേശങ്ങൾ വന്നിരുന്നതായും എന്നാല്‍ ഇപ്പോള്‍ അവനുള്ള സ്ഥലത്തെക്കുറിച്ചോ തടങ്കലിൽ വെച്ചതിന്‍റെ കാരണത്തെക്കുറിച്ചോ അധികാരികൾ ഔദ്യോഗിക വിവരങ്ങളൊന്നും നൽകിയിട്ടില്ലെന്നും ബിബിസി പറഞ്ഞു.

Inside a Uyghur’s ‘quarantine’ room: Video shows shackles, filthy conditions and propaganda https://t.co/9qitTHeqdY

— The Globe and Mail (@globeandmail)

ഗാപ്പറിന്‍റെ അമ്മാവനായ അബ്‍ദുള്‍ഹക്കീം ഗാപ്പര്‍ ബിബിസിയോട് പറഞ്ഞത്, ചൈനക്ക് പുറത്ത് ബന്ധുക്കളുള്ളതും അവരെല്ലാം രാഷ്‍ട്രീയപരമായി സജീവമായിരിക്കുകയും ചെയ്‍തതാവാം ഗാപ്പറിനെ തടങ്കലില്‍ പാര്‍പ്പിക്കാന്‍ കാരണമെന്നാണ്. ''ഞാന്‍ പുറത്താണ്. ചൈനയിലെ മനുഷ്യാവകാശ നിഷേധങ്ങള്‍ക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളിലെല്ലാം പങ്കെടുക്കാറുണ്ട്. അതിന്‍റെ ഭാഗമായിട്ടാവാം അവനെ തടങ്കലില്‍ പാര്‍പ്പിച്ചതെന്നാണ് ഞാന്‍ കരുതുന്നത്.'' എന്നാണ് അദ്ദേഹം പറഞ്ഞത്. 

ചൈനയിലെ ഉയ്‍ഗര്‍ വംശജരും മറ്റ് മുസ്ലിം ന്യൂനപക്ഷങ്ങളും അനുഭവിക്കുന്ന മനുഷ്യാവകാശലംഘനങ്ങള്‍ കുറച്ച് കാലമായി ലോകത്താകെ സജീവമായ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. മനുഷ്യാവകാശപ്രവര്‍ത്തകരുടെയും മറ്റും ശ്രദ്ധ ഇതില്‍ പതിയുന്നുമുണ്ടായിരുന്നു. എന്നാല്‍, ബെയ്‍ജിംഗ് നിരന്തരമായി ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയായിരുന്നു. 'റീ എജ്യുക്കേഷന്‍ ക്യാമ്പ്' എന്ന് പേരിട്ട് വിളിക്കുന്ന തടങ്കല്‍പ്പാളയങ്ങളില്‍ സ്ത്രീകളടക്കം ഉയ്‍ഗര്‍ വംശജര്‍ കൊടുംപീഡനങ്ങളാണനുഭവിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിര്‍ബന്ധിത വന്ധ്യംകരണം, കര്‍ശന നിയന്ത്രണങ്ങള്‍, നിരീക്ഷണം, മതപരവും സാംസ്‍കാരികവുമായ കാര്യങ്ങളിലെ അടിച്ചേല്‍പ്പിക്കലുകള്‍ എന്നിവയെല്ലാം ഇവിടെ നടക്കുന്നുണ്ടെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്.  
 

click me!