ലാത്തിയെ ഓടക്കുഴലാക്കി കോൺസ്റ്റബിൾ, വീഡിയോ വൈറലാവുന്നു

By Web TeamFirst Published May 29, 2019, 2:43 PM IST
Highlights

'കാട്ടിലെ പാഴ് മുളം തണ്ടിൽ നിന്നും, പാട്ടിന്റെ പാലാഴി തീർത്തവനേ..' എന്ന് പണ്ട് ഭാസ്കരൻ മാസ്റ്റർ എഴുതിയെങ്കിൽ,ഇന്ന് അക്ഷരാർത്ഥത്തിൽ അത് സാധിച്ചിരിക്കുകയാണ് ചന്ദ്രകാന്ത് എന്ന കോൺസ്റ്റബിൾ

ബംഗളൂരു: പോലീസുകാരന്റെ ലാത്തി ഏറെ കുപ്രസിദ്ധമാണ്. നമ്മുടെ നാട്ടിൽ ഇന്ന് നേതൃസ്ഥാനങ്ങളിൽ ഇരിക്കുന്ന പലരും തങ്ങളുടെ ക്ഷുഭിതയൗവ്വനങ്ങളിൽ അതിന്റെ സ്വാദറിഞ്ഞവരാണ്.  അക്രമാസക്തമായ എത്രയോ ജനക്കൂട്ടങ്ങൾ ലാത്തിവീശലിൽ പിരിച്ചു വിടപ്പെട്ടിരിക്കുന്നു. വഴിയേ പോയ പലരുടെയും തലകളും അക്കൂട്ടത്തിൽ പൊളിഞ്ഞ ചരിത്രമുണ്ട്. ലാത്തിയെപ്പേടിച്ച് പൊലീസ് സ്റേഷനിരിക്കുന്നതിന്റെ ഏഴയലത്തുപോലും പോകാൻ മടിക്കുന്നവരാണ് നമ്മളിൽ പലരും. " ലാത്തികൾക്ക് പ്രജനന ശേഷിയുണ്ടായിരുന്നെങ്കിൽ ഞാനൊരായിരം ലാത്തിക്കുഞ്ഞുങ്ങളെ പ്രസവിച്ചിരുന്നേനെ" എന്ന് കെ ആർ ഗൗരിയമ്മ പറഞ്ഞേടത്ത് ലാത്തി എന്ന മർദ്ദനോപകരണത്തിന്റെ രൗദ്രതയും ഭീകരതയും പൂർണ്ണമാകുന്നു. 

അങ്ങനെ പല കാരണങ്ങളാലും, പൊലീസിന്റെ ലാത്തി എന്നത് നമുക്കൊക്കെ ഭയമെന്ന ഒരേയൊരു വികാരം മാത്രം ഉണർത്തുന്ന ഒന്നാണ്. എന്നാൽ സർഗ്ഗധനനായ ഒരു പൊലീസ് കോൺസ്റ്റബിളിന്റെ കയ്യിൽ ലാത്തി കിട്ടിയാലോ..? 'കാട്ടിലെ പാഴ് മുളം തണ്ടിൽ നിന്നും, പാട്ടിന്റെ പാലാഴി തീർത്തവനേ..' എന്ന് പണ്ട് ഭാസ്കരൻ മാസ്റ്റർ എഴുതിയെങ്കിൽ,ഇന്ന് അക്ഷരാർത്ഥത്തിൽ അത് സാധിച്ചിരിക്കുകയാണ് ഹൂബ്ലി റൂറൽ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ ചന്ദ്രകാന്ത് ഹുട്ട്ഗെ എന്ന 52-കാരൻ. 

ഡിപ്പാർട്ടുമെന്റ് ജനങ്ങളെ വരുതിക്ക് നിർത്താനായി ചന്ദ്രകാന്തിനെ ഏല്പിച്ച ലാത്തിയിൽ അദ്ദേഹം വരുത്തിയ ചില്ലറ പൊടിക്കൈകൾ അതിൽ നിന്നും ഇപ്പോൾ ഗന്ധർവസംഗീതം പൊഴിച്ചുകൊണ്ടിരിക്കുകയാണ്. ബെംഗളൂരു എഡിജിപി  ആയ ഭാസ്കർ റാവു  തന്റെ ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവെച്ച  മധുരിതമായ  ഈ വേണുഗാനത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. 

 

 

Chandrakant Hutgi, Head Constable from Hubli Rural Police station has converted his Deadly Fiber Lathi into a Musical Instrument... we are proud of him... pic.twitter.com/gyZWhk1lkb

— Bhaskar Rao IPS (@deepolice12)
click me!