അന്ന് വിയറ്റ്നാം, ഇന്ന് അഫ്‌ഗാനിസ്ഥാന്‍, അമേരിക്കയുടെ കൈപൊള്ളിയ രണ്ട് യുദ്ധങ്ങൾ

By Web TeamFirst Published Mar 5, 2020, 5:45 PM IST
Highlights

കയ്യിൽ കാശുണ്ടായിട്ടുനടത്തിയ യുദ്ധമായിരുന്നില്ല അഫ്ഗാനിസ്ഥാനിലേത്. പലിശയിനത്തിൽ തന്നെ അമേരിക്ക ഏകദേശം 500 ബില്യൺ ഡോളർ ഇന്നുവരെ തിരിച്ചടച്ചുകഴിഞ്ഞു.

മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കലഹങ്ങളിൽ ചെന്ന് പക്ഷം പിടിക്കുക അമേരിക്ക എന്നും ചെയ്തു പോന്നിട്ടുള്ള ഒരു കാര്യമാണ്. എന്നാൽ, എന്നും അത്തരത്തിലുള്ള ഇടപെടലുകൾ കൊണ്ട് സാമ്പത്തികവും, സൈനികവുമായ നേട്ടങ്ങൾ മാത്രമുണ്ടാക്കിയിട്ടുള്ള അമേരിക്കയുടെ ചരിത്രത്തിൽ അതിന് അപവാദമായിട്ടുള്ള ഒരു പേരാണ് 'വിയറ്റ്നാം' എന്നത്. ഇപ്പോൾ, അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള പിന്മാറ്റം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതോടെ അമേരിക്കയ്ക്ക് കൈപൊള്ളിയ യുദ്ധങ്ങളിൽ വിയറ്റ്നാമിന്റെ കൂടെ ചേർക്കാൻ ലോകത്തിന് ഒരു പേരുകൂടി കിട്ടി, 'അഫ്‌ഗാനിസ്ഥാന്‍'. 

വിയറ്റ്നാമിലേക്കുള്ള കടന്നുകയറ്റം 

ഉത്തര ദക്ഷിണ വിയറ്റ്നാമുകൾ തമ്മിൽ നടന്ന ആഭ്യന്തരയുദ്ധങ്ങളിൽ 1965 -ലായിരുന്നു അമേരിക്കയുടെ സായുധ ഇടപെടൽ. അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഐസൻഹോവർ തന്റെ 'ഡോമിനോസ് തിയറി' കൊണ്ട് വിയറ്റ്നാം അധിനിവേശത്തിനു വേണ്ട ന്യായങ്ങൾ ചമച്ചു.1959 -ൽ തന്നെ ഈ രണ്ട് കക്ഷികൾക്കിടയിലുള്ള യുദ്ധം തുടങ്ങിയിരുന്നു. അറുപതുകളുടെ തുടക്കത്തിൽ ആദ്യം സൈനിക ഉപദേശങ്ങൾ മാത്രമായി അമേരിക്കൻ ഇടപെടൽ ഒതുങ്ങി നിന്നിരുന്നു എങ്കിൽ, 1965 -ൽ സൈന്യത്തെ നിയോഗിച്ചതോടെ അത് പൂർണ്ണമായ സായുധ ഇടപെടൽ ആയി മാറി. 1975 -ൽ കമ്യൂണിസ്റ്റ് ശക്തികൾ വിയറ്റ്നാമിലെ അധികാരം പിടിച്ചടക്കി ഉത്തര ദക്ഷിണ വിയറ്റ്നാമുകൾ ഏകീകരിച്ചതോടെ ആ യുദ്ധം കെട്ടടങ്ങുകയായിരുന്നു. 

വിയറ്റ്നാമുകാരുടെ വിജൃംഭിതമായ ദേശീയതാ ബോധത്തിനും ഗറില്ലാ യുദ്ധ മുറകൾക്കും മുന്നിൽ, ആ മണ്ണിൽ പിടിച്ചുനിൽക്കാൻ നാലുലക്ഷത്തോളം വരുന്ന അമേരിക്കയുടെ സൈനികർക്ക് സാധിച്ചില്ല. സാധ്യമായ എല്ലാ യുദ്ധമുറകളും അമേരിക്ക അവിടെ പരീക്ഷിച്ചു. തലങ്ങും വിലങ്ങും ബോംബിട്ടു നോക്കി. യുദ്ധങ്ങളുടെ ചരിത്രത്തിൽ ഏറ്റവും അധികം ബോംബുവീണ നാട് ഒരുപക്ഷെ വിയറ്റ്നാം ആയിരിക്കും. അമേരിക്ക  വിയറ്റ്നാമിലെ മണ്ണിലേക്ക് വർഷിച്ചത് 61 ലക്ഷം ടൺ ബോംബുകളാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ ആകെ പ്രയോഗിക്കപ്പെട്ടത് വെറും 21 ലക്ഷം ടൺ ആയിരുന്നു എന്ന് പറയുമ്പോൾ അതിന്റെ വ്യാപ്തി മനസ്സിലാകും. നാപാമും, ഏജന്റ് ഓറഞ്ചും പോലുള്ള മനുഷ്യത്വഹീനമായ രാസായുധങ്ങൾ പ്രയോഗിച്ചു നോക്കി. ഏറ്റില്ല. ഏകദേശം രണ്ടുകോടി ഗ്യാലൻ കീടനാശിനികളാണ് അന്ന് അമേരിക്ക വിയറ്റ്നാം കാടുകളിലെ ഗറില്ലകളുടെ നാശത്തിനായി അമേരിക്ക ഒഴുക്കിയത്. ഒന്നുകൊണ്ടും ഫലം കാണാഞ്ഞ് തൊട്ടടുത്ത കിടക്കുന്ന ലാവോസിനെയും കമ്പോഡിയയെയും വരെ ആക്രമിച്ചു നോക്കി അമേരിക്ക.  ഒടുവിൽ ദീർഘകാലത്തെ യുദ്ധത്തിനൊടുവിൽ വിയറ്റ്‌നാം അധിനിവേശം മടുത്ത അമേരിക്ക, ഒന്നും നേടാതെ 1975 ജനുവരിയിൽ പാരീസിൽ വെച്ച് ഒപ്പിട്ട ഒരു ഒരു സമാധാന ഉടമ്പടിയുടെ പിൻബലത്തിൽ മാർച്ചോടെ തങ്ങളുടെ സൈനികരെ അവിടെ നിന്ന് പതിയെ പിൻവലിച്ചു തടി രക്ഷിച്ചെടുക്കുകയായിരുന്നു.

യുദ്ധം അമേരിക്കയ്ക്ക് കടുത്ത സാമ്പത്തിക നഷ്ടവും ജീവനാശവും മാത്രമാണ് സമ്മാനിച്ചത്. മുപ്പതിനും നാല്പതിനും ഇടയ്ക്ക് ലക്ഷം വിയറ്റ്നാമുകാരും , 15-20 ലക്ഷം ലാവോഷ്യൻ, കംബോഡിയൻ ജനങ്ങളും യുദ്ധത്തിൽ ചത്തൊടുങ്ങിയപ്പോൾ, ഇടങ്കോലിട്ട അമേരിക്കൻ സൈന്യത്തിനും നഷ്ടമായി 58,159 ജീവൻ. ഏകദേശം ഒരു ട്രില്യൺ ഡോളറിന്റെ സാമ്പത്തിക ബാധ്യതയാണ് അന്നത്തെ യുദ്ധം അമേരിക്കയ്ക്ക് സമ്മാനിച്ചത്. യുദ്ധം കഴിഞ്ഞ് ഒരു വർഷത്തിനിടെ, യുദ്ധത്തിൽ പങ്കെടുത്ത് ജീവൻ കളഞ്ഞവരുടെയും പരിക്കേറ്റവരുടെയും ആശ്രിതർക്ക് വേണ്ടി മറ്റൊരു 2200  കോടി ഡോളറും അമേരിക്കയ്ക്ക് ചെലവിടേണ്ടി വന്നു. 

അഫ്‌ഗാനിസ്ഥാന്‍ അധിനിവേശം 

9 /11 ആക്രമണത്തെത്തുടർന്ന് അൽക്വയിദയെ തുടച്ചു നീക്കാൻ വേണ്ടിയാണ് അമേരിക്ക അഫ്‌ഗാനിസ്ഥാനിൽ 'വാർ ഓൺ ടെറർ' തുടങ്ങുന്നത്. ഓരോ വർഷം ചെല്ലുന്തോറും അവിടേക്കയച്ചുകൊണ്ടിരുന്ന സൈനികരുടെയും പടക്കോപ്പുകളുടെയും എണ്ണം വർധിച്ചു വന്നു. ചെലവും ഇരട്ടിച്ചു വന്നു. 2010 - 2012 കാലത്ത് അഫ്‌ഗാനിസ്ഥാനിൽ ഒരു ലക്ഷത്തിലധികം അമേരിക്കൻ സൈനികർ ഉണ്ടായിരുന്നു. ഏകദേശം പതിനായിരം കോടിക്ക് മേൽ വർഷത്തിൽ ചെലവും ഉണ്ടായിക്കൊണ്ടിരുന്നു. തുടക്കത്തിൽ നേരിട്ടുള്ള ആക്രമണങ്ങൾ നടന്നിരുന്ന കാലത്ത് വർധിച്ചുവന്ന സൈനിക ചെലവുകൾ,  അഫ്‌ഗാനിസ്ഥാനിലെ സൈനികർക്ക് പരിശീലനം നൽകി, മുന്നണി യുദ്ധങ്ങൾ അവരെ ഏൽപ്പിച്ചപ്പോൾ ചെലവ് ഒരു പരിധിവരെ കുറഞ്ഞു. 2016-19   കാലഘട്ടത്തിൽ ചെലവ് 4000 കോടി ഡോളറിനടുപ്പിച്ച് നിന്നിരുന്നു. 2019 -ൽ അത് 3800 കോടി ഡോളർ ആയി വീണ്ടും കുറഞ്ഞു.

2001 ലെ ആദ്യ ആക്രമണം മുതൽ ഇന്നുവരെ ഏകദേശം 80,000 കോടി ഡോളറെങ്കിലും അമേരിക്കയ്ക്ക് അഫ്‌ഗാനിസ്ഥാന്റെ മണ്ണിൽ കൊണ്ട് പൊട്ടിക്കേണ്ടി വന്നിട്ടുണ്ട്.  അമേരിക്കൻ സൈന്യത്തിന് അഫ്‌ഗാനിസ്ഥാൻ സേനയെ തയ്യാർ ചെയ്തെടുക്കാൻ മാത്രം ചെലവുവന്നത് 8600 കോടി ഡോളറാണ്. അതുകൂടാതെയാണ്  US Agency for International Development (USAID) പോലുള്ള സംഘടനകൾ വഴി യുദ്ധത്തിൽ നാശാവശിഷ്ടമായ പ്രദേശത്തിന്റെ പുനർ നിർമാണത്തിനായി 4400 കോടി ഡോളർ വേറെയും ചെലവിട്ടത്. ഇതിനൊക്കെ പുറമെ പ്രത്യക്ഷത്തിൽ കനത്ത വേറെയും നിരവധി ചെലവുകൾ വന്നതായും ഓഡിറ്റിങ് ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. അവിടെ താലിബാൻ നടത്തുന്ന മയക്കുമരുന്ന് നിർമ്മാണത്തെ തടയാനുള്ള ശ്രമങ്ങൾക്കു വേണ്ടി മാത്രം 900 കോടി ഡോളർ വേറെയും ചെലവിട്ടു അമേരിക്ക. 

2001 മുതൽക്കിങ്ങോട്ട് അഫ്‌ഗാനിസ്ഥാന്റെ മണ്ണിലുണ്ടായ സൈനികരുടെ ജീവനഷ്ടം  മാത്രം കണക്കെടുത്താൽ 2300 -ലധികം വരും. യുദ്ധത്തിൽ 21000 -ൽ പരം സൈനികർക്ക് പരിക്കേറ്റതിന്റെ കണക്ക് വേറെ. 2019 ആയപ്പോഴേക്കും അമേരിക്കൻ സൈനികരുടെ എണ്ണം 13,000 ആയി കുറഞ്ഞിരുന്നു. 11,000 -ലധികം അമേരിക്കൻ പൗരന്മാർ അവിടെ മറ്റുളള ചുമതലകൾ നിർവ്വഹിച്ചുകൊണ്ടും തുടർന്നു പോന്നിരുന്നു.   

പതിനെട്ടു വർഷം കൊണ്ട് അമേരിക്ക അഫ്‌ഗാനിസ്ഥാനിൽ പൊട്ടിച്ചത് 2 ട്രില്യൺ ഡോളറിൽ അധികം പണമാണ്.  ഈ ഫണ്ടിൽ വലിയൊരു പങ്കും കടമെടുത്തതാണ് എന്നതാണ് അമേരിക്കയ്ക്കുമേൽ സമ്മർദ്ദമേറ്റിയത്. പലിശയിനത്തിൽ തന്നെ അമേരിക്ക ഏകദേശം 500 ബില്യൺ ഡോളർ ഇന്നുവരെ തിരിച്ചടച്ചുകഴിഞ്ഞു. ഇങ്ങനെ  പലിശക്ക് പണമെടുത്ത്, വിദേശമണ്ണിൽ ചെന്നുകിടന്നു യുദ്ധം നയിച്ചിട്ട് എന്താണ് അമേരിക്ക അവിടെ നേടിയത്? ഇപ്പോഴും അഫ്‌ഗാനിസ്ഥാന്റെ ഭൂരിഭാഗം പ്രദേശങ്ങളും താലിബാന്റെ സമ്പൂർണ്ണ നിയന്ത്രണത്തിൽ തന്നെയാണ്. ഇന്നും അതേ വീര്യത്തോടെ അവർ അഫ്‌ഗാനിസ്ഥാൻ ഗവൺമെന്റിന്റെ സൈനികരെ കൊന്നുതള്ളുന്നുണ്ട്. എന്തിന്, ട്രംപുമായി ഉടമ്പടിയിൽ ഒപ്പുവെച്ചതിന്റെ പിറ്റേന്നും അവർ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 20 അഫ്‌ഗാനിസ്ഥാൻ സൈനികരാണ്. നൂറുകണക്കിന് അമേരിക്കൻ സൈനികർക്ക് ജീവനാശമുണ്ടാവുന്നതും സാമ്പത്തിക ബാധ്യതയുടെ പേരിൽ അമേരിക്കൻ ജനതയുടെ പിന്തുണ അമേരിക്കയുടെ അഫ്‌ഗാൻ അധിനിവേശത്തിന് വർഷം പ്രതി കുറഞ്ഞു വരുന്നതുമാണ് രണ്ടുപതിറ്റാണ്ടോളം നീണ്ട അഫ്‌ഗാനിസ്ഥാനിലെ യുദ്ധം അവസാനിപ്പിച്ച് പിന്മാറാൻ അമേരിക്കയെ പ്രേരിപ്പിച്ചത്. 

ചുരുക്കത്തിൽ വിയറ്റ്നാം യുദ്ധം നൽകിയ കയ്പ്പേറിയ അനുഭവത്തിൽ നിന്ന് യാതൊന്നും പഠിക്കാതെയാണ് അമേരിക്ക ആ യുദ്ധം അവസാനിപ്പിച്ച് 25 വർഷത്തിനുള്ളിൽ തികച്ചും അപ്രായോഗികവും അനാവശ്യവുമായ മറ്റൊരു അധിനിവേശത്തിലേക്ക് ചെന്നുകയറിയത്. അവിടെയും കൈപൊള്ളി, പതിനെട്ടു വർഷം മിനക്കെട്ടിട്ട് ഒന്നും നേടാതെ, ഒടുവിൽ, പാലിക്കപ്പെടുമോ എന്ന് യാതൊരുറപ്പുമില്ലാത്ത ഒരു ഉടമ്പടിയുടെ പേരും പറഞ്ഞ് എങ്ങനെയെങ്കിലും ഒന്ന് തടിയൂരാനാണ് എന്തായാലും  ഇപ്പോൾ അമേരിക്കയുടെ ശ്രമം. 

click me!