
കസാക്കിസ്ഥാന്റെയും ഉസ്‌ബെക്കിസ്ഥാന്റെയും അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന വോസ്രോഷ്ഡെനിയ ഒരു കാലത്ത് അതിമനോഹരമായ ഒരു ദ്വീപായിരുന്നു. ലഗൂണുകളാല്‍ ചുറ്റപ്പെട്ട മനോഹരമായ ഒരു മല്‍സ്യ ബന്ധന ഗ്രാമം. ദ്വീപിനു ചുറ്റുമുണ്ടായിരുന്ന കടല്‍ വറ്റി വരളാന്‍ തുടങ്ങിയതിന് ശേഷം അതിപ്പോള്‍ വെറുമൊരു തരിശുഭൂമിയാണ്. എങ്ങും ഉപ്പ് നിറഞ്ഞ, താപനില 60 ഡിഗ്രി വരെ എത്തുന്ന അവിടെ ജീവന്റെ അടയാളങ്ങള്‍ പൂര്‍ണമായും തുടച്ച് നീക്കപ്പെട്ടിരിക്കുന്നു.
ഒരിക്കല്‍ ഏകദേശം 1,500 ഓളം പേര്‍ താമസിച്ചിരുന്ന ദ്വീപിലെ ഒരു പ്രധാന പട്ടണമായിരുന്നു കാന്റുബെക്ക്. അതിന്ന് തകര്‍ന്നടിഞ്ഞു കിടക്കുകയാണ്. ലോകത്തിലെ ഏറ്റവും അപകടകരമായ ഇടങ്ങളില്‍ ഒന്നായിട്ടാണ് ദ്വീപിനെ ഇന്ന് കണക്കാക്കുന്നത്. സോവിയറ്റ് യൂണിയന്റെ ജൈവായുധ പരീക്ഷണങ്ങളാണ് ദ്വീപിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമായത്.
സോവിയറ്റ് രഹസ്യ ജൈവായുധ നിര്‍മ്മാണശാലകളില്‍ ഒന്നായിരുന്നു വോസ്രോഷ്ഡെനിയ ദ്വീപ്. 1948-ലാണ് സോവിയറ്റ് യൂനിയന്‍ അവരുടെ ആദ്യ ജൈവായുധ ലബോറട്ടറി ഇവിടെ സ്ഥാപിക്കുന്നത്. ആന്ത്രാക്‌സ്, ബ്യൂബോണിക് പ്ലേഗ്, വസൂരി പോലുള്ള രോഗങ്ങള്‍ പരീക്ഷിച്ചിരുന്നത് അവിടത്തെ മണ്ണിലാണ്. ഇന്നും അവിടത്തെ കാറ്റിലും മണ്ണിലും അപകടകാരികളായ രോഗാണുക്കളുടെ സാന്നിധ്യമുണ്ട്.
എന്തുകൊണ്ട് ഈ ദ്വീപ് തന്നെ ഇത്തരമൊരു പരീക്ഷണത്തിന് തിരഞ്ഞെടുത്തത്?
ആറല്‍ കടലിനാല്‍ ചുറ്റപ്പെട്ട വോസ്രോഷ്ഡെനിയ തീര്‍ത്തും ഒറ്റപ്പെട്ട ഒരു ഭൂപ്രദേശമായിരുന്നു. ഈ ദ്വീപിനെ കുറിച്ച് രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് കാര്യമായ അറിവുണ്ടായിരുന്നില്ല. എന്തിനേറെ സോവിയറ്റ് ഭൂപടങ്ങളില്‍ പോലും ഈ സ്ഥലം ദൃശ്യമായിരുന്നില്ല. അതുകൊണ്ട് തന്നെ ജൈവായുധങ്ങള്‍ പരീക്ഷിക്കാന്‍ പറ്റിയ ഒരു സ്ഥലമായി ഈ ദ്വീപിനെ സോവിയറ്റ് കണ്ടു. അവര്‍ അതിനെ ആരാല്‍സ്‌ക് -7 എന്ന് വിളിച്ചു. 1991-ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ച വരെ, ഈ ദ്വീപില്‍ വിവിധ രോഗാണുക്കളെ പരീക്ഷിക്കുകയും പരിഷ്‌ക്കരിക്കുകയും ചെയ്തു.
തീര്‍ത്തും അപകടകരമായ ഒന്നാണ് ആന്ത്രാക്‌സ് എന്ന് തിരിച്ചറിഞ്ഞതോടെ 1988-ല്‍ അതിനെ നിര്‍മാര്‍ജനം ചെയ്യാനുള്ള വഴികള്‍ സോവിയറ്റ് യൂണിയന്‍ തേടി. തുടര്‍ന്ന്, ഏകദേശം 100 മുതല്‍ 200 ടണ്‍ ആന്ത്രാക്സാണ് ദ്വീപിലെ ആഴമേറിയ കുഴികളില്‍ നിക്ഷേപിക്കപ്പെട്ടത്. എന്നാല്‍ ആന്ത്രാക്‌സിന്റെ ബീജകോശങ്ങള്‍ നശിക്കാന്‍ പ്രയാസമാണ്. നൂറുകണക്കിന് വര്‍ഷങ്ങളോളം അത് ഭൂമിക്കടിയില്‍ നിലനില്‍ക്കും. പോരെങ്കില്‍, ഈ കുഴികളുടെ കൃത്യമായ സ്ഥാനം ഒരിക്കലും വെളിപ്പെടുത്തിയിട്ടുമില്ലായിരുന്നു. ഈ പ്രതിസന്ധിയില്‍ മറ്റാരെങ്കിലും അത് കണ്ടെത്തുമോ എന്നും ദുരുപയോഗം ചെയ്യുമോ എന്നും ഭയന്ന യു എസ് അതിനെ ദ്വീപില്‍ നിന്നും തുടച്ച് നീക്കാന്‍ തീരുമാനിച്ചു. ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആയിരക്കണക്കിന് കിലോ വരുന്ന വീര്യമേറിയ ബ്ലീച്ച് മാസങ്ങളോളം പ്രവര്‍ത്തകര്‍ അവിടെ തളിച്ചു. ഈ രീതിയില്‍ അണുക്കളെ ഇല്ലാതാക്കാന്‍ അവര്‍ക്ക് സാധിച്ചു. ദശലക്ഷക്കണക്കിന് ഡോളറാണ് യുഎസ് ഇതിനായി ചിലവഴിച്ചത്. അതേസമയം, മാലിന്യം തള്ളുന്ന കുഴികളിലും പരിസരത്തും ഇപ്പോഴും ആന്ത്രാക്‌സ് ഉണ്ടെന്ന് ചില വിദഗ്ധര്‍ അവകാശപ്പെടുന്നു.
നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും, ഇന്നും ആളുകള്‍ അവിടേയ്ക്ക് കടക്കാന്‍ ഭയക്കുന്നു. ദ്വീപിന്റെ സമീപത്ത് വന്നവര്‍ പോലും അതിന്റെ ഭീകരതയ്ക്ക് പാത്രമായിട്ടുണ്ട്.
1971-ല്‍, ദ്വീപിന്റെ സമീപം പോയ ഒരു യുവ ശാസ്ത്രജ്ഞയ്ക്ക് വസൂരി ബാധിച്ചു. രോഗത്തിനെതിരെ വാക്‌സിനേഷന്‍ എടുത്തിരുന്നിട്ടും അവര്‍ക്ക് അത് വന്നു. മാത്രവുമല്ല അവര്‍ ഒമ്പത് പേര്‍ക്ക് കൂടി രോഗം പരത്തി. അതില്‍ മൂന്ന് പേര്‍ മരണപെട്ടു.
സംഭവം നടന്ന് ഒരു വര്‍ഷത്തിനുശേഷം കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ ദ്വീപിന് സമീപമുള്ള ഒരു ബോട്ടില്‍ നിന്ന് കണ്ടെത്തുകയുണ്ടായി. പ്ലേഗ് ബാധിച്ചാണ് അവര്‍ മരിച്ചതെന്ന് അനുമാനിക്കുന്നു.
മനുഷ്യര്‍ മാത്രമല്ല സമീപത്ത് എത്തുന്ന മീനുകള്‍, ഉറുമ്പുകള്‍ പോലും ചത്ത് വീഴുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ദ്വീപ് ഇന്നും ആരും കടന്ന് ചെല്ലാന്‍ ഭയക്കുന്ന ചാവ് നിലമായി അവശേഷിക്കുന്നു.