വയസ്സ് വെറും 20; 23 കുഞ്ഞുങ്ങള്‍ക്ക് 'അബ്ബാജി'യാണ് ഈ നിയമ വിദ്യാര്‍ത്ഥി

By Web TeamFirst Published Jun 11, 2019, 6:09 PM IST
Highlights

20 വയസ്സാകുമ്പോഴേക്കും 10 കുഞ്ഞുങ്ങള്‍ക്കെങ്കിലും ഒരു പിതാവിന്‍റെ സ്നേഹം നല്‍കണമെന്നുണ്ടായിരുന്നു. എന്നാല്‍, ഇന്ന് 23 കുഞ്ഞുങ്ങളുണ്ട് തനിക്കെന്ന് റഹ്മാനി പറയുന്നു. 

സ്വന്തം അച്ഛനമ്മമാരില്‍ നിന്ന് സ്നേഹം ലഭിക്കാതെ പോയ 23 കുഞ്ഞുങ്ങള്‍... അവര്‍ക്കെല്ലാം ഒരു പിതാവിന്‍റെ സ്നേഹവും കരുതലും നല്‍കുകയാണ് വാലി റഹ്മാനി എന്ന ഇരുപതുകാരന്‍. ജാമിയ ഹംദാര്‍ദില്‍ നിയമ വിദ്യാര്‍ഥിയായ റഹ്മാനി ഒരു പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റ് കൂടിയാണ്. 

തന്‍റെ പ്രായത്തിലുള്ള എല്ലാവരേയും പോലെ ജീവിച്ചാല്‍ പോരെന്നും എന്തെങ്കിലും ചെയ്യണമെന്നും പ്ലസ് ടു പഠനകാലത്ത് തന്നെ റഹ്മാനിക്ക് തോന്നിയിരുന്നു. എന്തുകൊണ്ട് 10 കുട്ടികളെ നോക്കിക്കൂടാ എന്നും അവരെ മനുഷ്യത്വത്തെ കുറിച്ച് പഠിപ്പിച്ചുകൂടായെന്നും റഹ്മാനി ചിന്തിച്ചു. 

പ്ലസ് ടു കഴിഞ്ഞ് ഒരു വര്‍ഷം കൊല്‍ക്കത്തയിലെ എല്ലാ തെരുവുകളിലും റഹ്മാനി സഞ്ചരിച്ചു. അങ്ങനെ, 2018 ഏപ്രില്‍ ഒന്നിന് 'ഉമീദ്' (പ്രതീക്ഷ) എന്ന ഓര്‍ഗനൈസേഷന് തുടക്കമിട്ടു റഹ്മാനി. പേര് പോലെ തന്നെ ആ കുഞ്ഞുങ്ങളെ ഈ രാജ്യത്തിന‍്‍റെ തന്നെ പ്രതീക്ഷയാക്കി വളര്‍ത്തുക എന്നതായിരുന്നു ഓര്‍ഗനൈസേഷന്‍റെ ലക്ഷ്യം. 

ആദ്യം മൂന്ന് കുഞ്ഞുങ്ങളെയാണ് റഹ്മാനി ദത്തെടുത്തത്. എന്നാല്‍, ഒറ്റ വര്‍ഷം കൊണ്ട് 23 കുഞ്ഞുങ്ങള്‍ റഹ്മാനിയുടെ അരികിലെത്തി. അതില്‍ 11 പേര്‍ അനാഥരും 12 പേര്‍ കയറിക്കിടക്കാന്‍ ഒരു കൂരയില്ലാത്തവരുമായിരുന്നു. വരുന്ന സമയത്ത് ആ കുഞ്ഞുങ്ങളില്‍ പോഷകാഹാരക്കുറവും തൂക്കക്കുറവും അസുഖവുമെല്ലാം പ്രകടമായിരുന്നു. എന്നാല്‍, ഒറ്റ വര്‍ഷം കൊണ്ട് അവരെല്ലാം മിടുക്കന്മാരായി. നല്ല ഭഷണവും നല്ല വിദ്യാഭ്യാസവും റഹ്മാനിയും ഉമീദും അവര്‍ക്ക് നല്‍കി. 

20 വയസ്സാകുമ്പോഴേക്കും 10 കുഞ്ഞുങ്ങള്‍ക്കെങ്കിലും ഒരു പിതാവിന്‍റെ സ്നേഹം നല്‍കണമെന്നുണ്ടായിരുന്നു. എന്നാല്‍, ഇന്ന് 23 കുഞ്ഞുങ്ങളുണ്ട് തനിക്കെന്ന് റഹ്മാനി പറയുന്നു. ആ കുഞ്ഞുങ്ങളെല്ലാം റഹ്മാനിയെ അബ്ബാജി എന്നാണ് വിളിക്കുന്നത്. 20 വയസ്സാകുമ്പോഴേക്കും 23 കുഞ്ഞുങ്ങളുടെ അബ്ബാജിയാവുക എന്നത് നല്ല അനുഭവമാണ്. തനിക്ക് എന്തെങ്കിലും സങ്കടങ്ങളുണ്ടെങ്കില്‍ താന്‍ ഈ കുഞ്ഞുങ്ങളുടെ ഫോട്ടോയെടുത്ത് നോക്കും. അതുമതി തന്‍റെ സങ്കടങ്ങള്‍ മറക്കാനെന്ന് റഹ്മാനി പറയുന്നു. 

ഈ കുഞ്ഞുങ്ങള്‍ നാളെ എഞ്ചിനീയറോ, ഡോക്ടറോ, ഐ എ എസ് ഓഫീസര്‍മാരോ ഒക്കെയാകാം. ഇവരിലാരെങ്കിലും നാളെ 'ഉമീദ്' നോക്കി നടത്തിയേക്കാം. ഓരോ കുഞ്ഞുങ്ങളും ഈ രാജ്യത്തിനായി എന്തെങ്കിലും നല്‍കും. അത് ഓര്‍ക്കുന്നത് തന്നെ സന്തോഷമാണ് എന്നും റഹ്മാനി പറയുന്നു. 

ജൂണ്‍ 16 ഫാദേഴ്സ് ഡേ ആണ്. എന്നും നമ്മുടെ അച്ഛനമ്മമാരെ ബഹുമാനിക്കണം. ആ സ്നേഹം കിട്ടാത്ത ഒരുപാട് പേരുണ്ട് എന്നാണ് വാലി റഹ്മാനിക്ക് പറയാനുള്ളത്. 
 

click me!