കിം ജോങ് ഉന്നിന്റെ മുന്നറിയിപ്പ് : ചൈനയിൽനിന്ന് വീശുന്ന മഞ്ഞപ്പൊടിക്കാറ്റിൽ കൊറോണവൈറസുണ്ടാകും, പുറത്തിറങ്ങരുത്

By Web TeamFirst Published Oct 24, 2020, 4:38 PM IST
Highlights

ഒരു മുൻകരുതൽ എന്ന നിലയ്ക്ക് ഈ പൊടിക്കാറ്റടങ്ങും വരെ രാജ്യത്തിനുള്ളിലെ 'പുറംപണികൾ' പാടെ നിരോധിച്ചു കൊണ്ടും ഉത്തരവായിട്ടുണ്ട്. 

തങ്ങളുടെ പൗരൻമാർക്ക് കൊവിഡ് സംബന്ധിച്ച ഏറ്റവും പുതിയ മുന്നറിയിപ്പുമായി ഉത്തര കൊറിയൻ ഗവണ്മെന്റ് രംഗത്തെത്തി. ചൈനയിൽ നിന്ന് മഞ്ഞ നിറത്തിലുള്ള ഒരു പൊടി കലർന്ന കാറ്റ് ഉത്തരകൊറിയയുടെ മണ്ണിലൂടെ വീശാൻ സാധ്യതയുണ്ട് എന്നും, അന്തരീക്ഷത്തിൽ ഏറെ നേരം തങ്ങി നിൽക്കാനിടയുള്ള ഈ പൊടിയിൽ കൊറോണ വൈറസിന്റെ അംശം കലർന്നിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്നും ഉത്തരകൊറിയൻ ആരോഗ്യ വകുപ്പ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. അതുകൊണ്ടുതന്നെ ഒരു മുൻകരുതൽ എന്ന നിലയ്ക്ക് ഈ പൊടിക്കാറ്റടങ്ങും വരെ രാജ്യത്തിനുള്ളിലെ 'പുറംപണികൾ' പാടെ നിരോധിച്ചു കൊണ്ടും ഉത്തരവായിട്ടുണ്ട്. 

അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് പ്രവേശനമില്ലാത്ത, സർക്കാർ അംഗീകൃത സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്നതും ആയ ഔദ്യോഗിക മാധ്യമങ്ങൾ മാത്രം പ്രവർത്തിക്കുന്ന ഉത്തരകൊറിയയിൽ രോഗസംബന്ധമായ അവകാശവാദങ്ങളിൽ എല്ലായ്പ്പോഴും ഒരു ദുരൂഹത നിലനിൽക്കാറുണ്ട്. ലോകമെമ്പാടും സംഹാര താണ്ഡവമാടിയ കൊറോണാ വൈറസിന് ഇന്നുവരെ രാജ്യത്തിനുള്ളിലേക്ക് കടന്നുകയറാൻ സാധിച്ചിട്ടില്ല എന്ന വാദമാണ് ഉത്തരകൊറിയയും കിം ജോങ് ഉന്നും ഒരുപോലെ മുന്നോട്ട് വെക്കുന്നത്. 

എന്നാൽ, ഇന്നുവരെ ലോകത്തിന്റെ മറ്റൊരു ഭാഗത്തുള്ള ശാസ്ത്രജ്ഞരും വൈജ്ഞാനിക സംഘടനകളും കൊവിഡിനെ ഈ പൊടിമേഘങ്ങളുമായി  ബന്ധിപ്പിച്ചിട്ടില്ല. ഇത്തരത്തിൽ ഒരു വാദം തുർക്ക്മെനിസ്ഥാൻ കഴിഞ്ഞാൽ ഉന്നയിക്കുന്നത് ഇപ്പോൾ ഉത്തരകൊറിയൻ സർക്കാരാണ്. സർക്കാർ ഫണ്ടിൽ പ്രവർത്തിക്കുന്ന കൊറിയൻ സെൻട്രൽ ടെലിവിഷൻ ആണ് പൊതുജനങ്ങൾക്കായി ഇപ്പോൾ ഇങ്ങനെ ഒരു മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. 

സത്യത്തിൽ ഇവർ ഈ മഞ്ഞപ്പൊടി എന്ന് പരാമർശിക്കുന്നത് മംഗോളിയൻ, ചൈനീസ് മരുഭൂമികളിൽ നിന്ന് അടിച്ചു പൊന്തുന്ന മണൽത്തരികളെയാണ്. എന്നാൽ, തൊട്ടപ്പുറത്ത് കിടക്കുന്ന ദക്ഷിണ കൊറിയയിലെ മാധ്യമങ്ങൾ ഒന്നടങ്കം ഇങ്ങനെ ഒരു സാധ്യതയെ തള്ളിക്കളയുകയാണ് ചെയ്തിരിക്കുന്നത്. തങ്ങളുടെ രാജ്യത്ത് കൊവിഡില്ല എന്ന കിം ജോങ് ഉന്നിന്റെ വാദത്തെപ്പോലും സംശയ ദൃഷ്ടിയോടെയാണ് ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ കാണുന്നതും.

click me!