കൊടുംവേനലിൽ സൗജന്യമായി വെള്ളം വിതരണം ചെയ്‍ത് വയോധികൻ, ഇത് 'വാട്ടർമാൻ'

Published : May 09, 2022, 09:59 AM IST
 കൊടുംവേനലിൽ സൗജന്യമായി വെള്ളം വിതരണം ചെയ്‍ത് വയോധികൻ, ഇത് 'വാട്ടർമാൻ'

Synopsis

എത്ര ചൂടുള്ള ദിവസമാണെങ്കിലും അദ്ദേഹം തന്റെ ജോലി മുടക്കാറില്ല. അദ്ദേഹം നർമ്മദാ നദിയിൽ നിന്നാണ് ആവശ്യത്തിനുള്ള വെള്ളം ശേഖരിക്കുന്നത്. തുടർന്ന് സൈക്കിളിൽ അതുമായി നടന്ന് ജനങ്ങളുടെ ദാഹം ശമിപ്പിക്കുന്നു. വെള്ളം തീരുമ്പോൾ നർമ്മദാ നദിയിൽ നിന്ന് വീണ്ടും വെള്ളം നിറച്ച് കൊണ്ടുവരുന്നു. 

ദാഹിച്ച് വലഞ്ഞിരിക്കുമ്പോൾ കുറച്ച് വെള്ളം(Water) കിട്ടിയാൽ നമുക്കുണ്ടാകുന്ന ആശ്വാസം പറഞ്ഞറിയിക്കാൻ സാധിക്കില്ല. ഒരുപക്ഷേ വെറും വെള്ളമാണെങ്കിൽ പോലും, അതിനായിരിക്കും അപ്പോൾ ഏറ്റവും കൂടുതൽ സ്വാദ് തോന്നുന്നത്. വേനൽ കടുക്കുന്ന ഈ സമയത്ത്, തെരുവിൽ ഒരിറ്റ് ദാഹജലത്തിനായി അലയുന്നവർക്ക് ശുദ്ധമായ കുടിവെള്ളം സൗജന്യമായി വിതരണം ചെയ്യുകയാണ് ഒരു വയോധികൻ. മധ്യപ്രദേശിലെ ജബൽപൂരിൽ (Jabalpur) നിന്നുള്ള ശങ്കർലാൽ സോണിയ്ക്ക് (Shankarlal) വയസ്സ് 68 ആണ്. എന്നാൽ, ഈ പ്രായത്തിലും അദ്ദേഹം വീട്ടിൽ വിശ്രമജീവിതം നയിക്കുകയല്ല. മറിച്ച് സഹജീവികളെ സഹായിക്കാൻ കയ്യും മെയ്യും മറന്ന് പ്രവർത്തിക്കുകയാണ്. മനുഷ്യത്വത്തിന്റെ മഹത്തായ പ്രകടനമാണ് അദ്ദേഹത്തിന്റെ ജീവിതം. എല്ലാ ദിവസവും സോണി തന്റെ സൈക്കിളിൽ ജബൽപൂരിലെ തെരുവുകളിൽ അലഞ്ഞുതിരിഞ്ഞ് ജനങ്ങളുടെ ദാഹം ശമിപ്പിക്കുന്നു. ഈ മഹത്തായ സേവനം ചെയ്യുന്ന അദ്ദേഹത്തെ ആളുകൾ സ്നേഹത്തോടെ 'വാട്ടർമാൻ' (Waterman) എന്ന് വിളിക്കുന്നു.

തന്റെ സൈക്കിളിൽ വെള്ളക്കുപ്പികളും വെള്ളം സംഭരിക്കുന്ന ബാഗുകളും ഒക്കെ ചുമന്നാണ് അദ്ദേഹത്തിന്റെ നടപ്പ്. കൈയിൽ ഒരു പ്ലക്കാർഡും കാണാം. എന്നാൽ, ഈ സേവനം അദ്ദേഹം ഇന്നും ഇന്നലെയും തുടങ്ങിയതല്ല, മറിച്ച് നീണ്ട 26 വർഷമായി അദ്ദേഹം ഇത് ചെയ്യുന്നു. സോണി പറയുന്നതനുസരിച്ച്, പ്രതിദിനം വാട്ടർ ബോട്ടിലുകൾക്ക് പുറമേ അഞ്ച് ലിറ്റർ വെള്ളം കൊള്ളുന്ന 18 വാട്ടർ സ്റ്റോറേജ് ബാഗുകളും അദ്ദേഹം കൊണ്ടുപോകുന്നു. വഴിയാത്രക്കാർക്ക് ശുദ്ധവും തണുത്തതുമായ വെള്ളം നൽകാൻ അദ്ദേഹം ശ്രമിക്കുന്നു. അതും പ്രായഭേദമന്യേ തെരുവുകളിൽ കാണുന്ന എല്ലാവർക്കും അദ്ദേഹം വെള്ളം നൽകുന്നു.  

എത്ര ചൂടുള്ള ദിവസമാണെങ്കിലും അദ്ദേഹം തന്റെ ജോലി മുടക്കാറില്ല. അദ്ദേഹം നർമ്മദാ നദിയിൽ നിന്നാണ് ആവശ്യത്തിനുള്ള വെള്ളം ശേഖരിക്കുന്നത്. തുടർന്ന് സൈക്കിളിൽ അതുമായി നടന്ന് ജനങ്ങളുടെ ദാഹം ശമിപ്പിക്കുന്നു. വെള്ളം തീരുമ്പോൾ നർമ്മദാ നദിയിൽ നിന്ന് വീണ്ടും വെള്ളം നിറച്ച് കൊണ്ടുവരുന്നു. അതിരാവിലെ തന്നെ സോണി തന്റെ സൈക്കിളുമായി വീട്ടിൽ നിന്ന് ഇറങ്ങും. ചില ദിവസങ്ങളിൽ വെള്ളം സംഭരിക്കുന്ന ബാഗുകൾ മൂന്ന് തവണ വരെ നിറക്കേണ്ടി വരാറുണ്ട് എന്നദ്ദേഹം പറയുന്നു. വേനൽക്കാലത്ത് നട്ടുച്ചയ്ക്ക് പോലും അദ്ദേഹം മറ്റുള്ളവരുടെ ദാഹം തീർക്കാൻ അലഞ്ഞുനടക്കുന്നു. ആളുകളുടെ ദാഹമകറ്റുമ്പോൾ തന്റെ ഹൃദയം നിറയുമെന്ന് അദ്ദേഹം പറയുന്നു. നാട്ടുകാർക്ക് ഏറെ പ്രിയങ്കരനാണ് അദ്ദേഹം. അവർ അദ്ദേഹത്തെ എല്ലാവിധത്തിലും പിന്തുണയ്ക്കുന്നു.
 
അടുത്തിടെ, സോണിയുടെ ഒരു വീഡിയോ ട്വിറ്ററിലുടനീളം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒരു വൃദ്ധൻ തന്റെ സഹജീവികളെ സഹായിക്കാനായി ഇത്രയേറെ കഷ്ടപ്പെടുന്നത് കണ്ട ഉപയോക്താക്കൾ അതിശയിച്ചുപോയി. നിരവധി ആളുകൾ ഈ സംരംഭത്തിന് അദ്ദേഹത്തെ അഭിനന്ദിക്കുകയും, പുകഴ്ത്തുകയും ചെയ്തു. വരും വർഷങ്ങളിൽ പത്മശ്രീ അവാർഡിന് ഇദ്ദേഹത്തെ നാമനിർദ്ദേശം ചെയ്യണമെന്ന് പോലും ചിലർ നിർദ്ദേശിച്ചു. ഭരണകൂടവും സോണിക്ക് കൂടുതൽ പിന്തുണ നൽകണമെന്നും ആളുകൾ ചൂണ്ടിക്കാട്ടി.  

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ