
വിവാഹദിനം എന്നാൽ സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിനമാണ്. എന്നാൽ, മധ്യപ്രദേശിൽ കഴിഞ്ഞ ദിവസം നടന്ന ഒരു വിവാഹചടങ്ങ് വൻ ദുരന്തത്തിലേക്കാണ് ചെന്നെത്തിയത്. തേനീച്ചക്കൂട്ടത്തിന്റെ അക്രമത്തിൽ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ 12 പേർക്ക് പരിക്കേറ്റു. അതിൽ പലരെയും ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടി വന്നു.
ഗുണ ജില്ലയിൽ കസ്തൂരി ഗാർഡൻ ഹോട്ടലിലാണ് വിവാഹാഘോഷം നടന്നത്. അതിനിടയിൽ ഹോട്ടലിന്റെ മേൽക്കൂരയിൽ തേനീച്ചയുടെ കൂടുണ്ടായിരുന്നത് ഇളകുകയായിരുന്നു. പിന്നീട്, തേനീച്ചകൾ അതിഥികളെ അക്രമിക്കാൻ തുടങ്ങി. അങ്ങുമിങ്ങും പറന്ന് അക്രമിക്കുന്ന തേനീച്ചകളിൽ നിന്നും രക്ഷപ്പെടാൻ അതിഥികൾ പരക്കം പായുകയായിരുന്നു. ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിൽ പലരും നിലത്ത് വീഴുകയും മറ്റും ചെയ്തു. തേനീച്ച അക്രമണത്തിൽ ചിലരുടെ പരിക്ക് ഗുരുതരമാണ് എന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്.
വിവരമറിഞ്ഞ ഉടനെ തന്നെ പ്രാദേശികാധികാരികൾ സ്ഥലത്തെത്തുകയും വേണ്ട പരിചരണം ഉറപ്പാക്കുകയും ചെയ്തിരുന്നു. പിന്നീടാണ്, പരിക്കുകൾ ഗുരുതരമാണ് എന്ന് തോന്നിയ ആളുകളെ ആശുപത്രി ഐസിയുവിലേക്ക് മാറ്റിയത്.
സംഭവത്തിന് പിന്നാലെ ഹോട്ടൽ മാനേജ്‍മെന്റിനെതിരെയും വൻ വിമർശനം ഉയരുന്നുണ്ട്. അതിഥികളുടെ സുരക്ഷ ഉറപ്പാക്കുക എന്നത് ഹോട്ടൽ അധികാരികളുടെയും ജീവനക്കാരുടെയും കടമയായിരുന്നു. അതിൽ അവർ വീഴ്ച വരുത്തി എന്നാണ് ആക്ഷേപം. തേനീച്ചകൾ അതിഥികളെ അക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
2023 ഒക്ടോബറിൽ ഇതുപോലെ പൂനെയിലെ വെൽഹെ താലൂക്കിലെ രാജ്ഗഡ് കോട്ടയിൽ ഒരു കൂട്ടം വിനോദസഞ്ചാരികളെ തേനീച്ചക്കൂട്ടം ആക്രമിച്ചിരുന്നു. അന്ന് കുറഞ്ഞത് 25 പേർക്കെങ്കിലും തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റു. അവരിൽ നാല് പേർക്ക് ബോധം നഷ്ടപ്പെട്ടു. പിന്നാലെ, ഡോക്ടർമാരുടെ ഒരു സംഘത്തെ അതിവേഗം തന്നെ കോട്ടയിലേക്ക് അയക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം