മാസ്കിട്ടാൽ അടി, കൊവിഡിന് ചികിത്സിച്ചാൽ ഡോക്ടർമാർക്ക് പിഴ, തടവ് - വിചിത്ര നിയമങ്ങളുമായി ഈ സോഷ്യലിസ്റ്റ് രാജ്യം

By Web TeamFirst Published Jan 18, 2022, 3:25 PM IST
Highlights

2021 അവസാനം വരെ ചുരുങ്ങിയത് ആറായിരം പേരെങ്കിലും കോവിഡിന് കീഴടങ്ങിയിട്ടുണ്ട് എന്നാണ് ഇവിടത്തെ ആക്റ്റിവിസ്റ്റുകൾ പറയുന്നത്. 

മധ്യ അമേരിക്കൻ മുനമ്പിൽ സ്ഥിതിചെയ്യുന്ന ഒരു സോഷ്യലിസ്റ്റ് രാജ്യമാണ് നിക്കരാഗ്വ(Nicaragua). കഴിഞ്ഞ കുറെ വർഷങ്ങളായി അവിടം ഭരിക്കുന്നത് ഡാനിയേൽ ഒർട്ടേഗ(Daniel Ortega) എന്ന സാൻഡിനിസ്റ്റ നാഷണൽ പാർട്ടി നേതാവാണ്. കൊവിഡ് മഹാമാരി(Covid 19) ലോകത്തിന്റെ മറ്റുഭാഗങ്ങളിൽ എന്ന പോലെ നിക്കരാഗ്വയിലും അതിന്റെ സംഹാരതാണ്ഡവം തുടരുകയാണ്. 2020 ന്റെ തുടക്കത്തിൽ കൊവിഡ് വ്യാപനം തുടങ്ങിയ അന്നുതൊട്ടേ അതിന്റെ തീവ്രതയെ നിരാകരിക്കുന്ന സമീപനമാണ് ഒർട്ടേഗ ഗവണ്മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. മറ്റുള്ള രാജ്യങ്ങൾ ലോക്ക് ഡൗണുകൾ ഏർപ്പെടുത്തി ജനങ്ങളെ അടച്ചിട്ടപ്പോൾ, അന്നുതൊട്ടിന്നുവരെ ഒർട്ടേഗ ചെയ്തിട്ടുള്ളത് പരമാവധി പൊതു പരിപാടികൾ സംഘടിപ്പിക്കാൻ തന്റെ നാട്ടുകാരെ പ്രോത്സാഹിപ്പിക്കുകയും, ലോക്ക് ഡൗണുകളെ തള്ളിപ്പറയുകയും, മാസ്ക് ധരിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുകയും, സ്‌കൂളുകൾ തുറന്നു പ്രവർത്തിപ്പിക്കുകയുമാണ്. അവർ വേൾഡ് ഇൻ ഡാറ്റയുടെ കണക്കുകൾ പ്രകാരം, അങ്ങനെ ചെയ്തിട്ടുള്ള ലോകത്തിലെ ഒരേയൊരു രാജ്യം നിക്കരാഗ്വയാണ്. 

തുടക്കത്തിൽ ലോക്ക് ഡൗണിന് എതിരായിരുന്ന സ്വീഡനും, വോഡ്ക സേവിച്ചാൽ കൊവിഡ് വരില്ലെന്ന് ജനങ്ങളോട് പറഞ്ഞ ബെലാറൂസും, കൊവിഡ് ഒരു ഗൂഢാലോചനാ സിദ്ധാന്തം മാത്രമാണ് എന്ന് വിശ്വസിച്ചിരുന്ന ഉസ്ബെകിസ്താനും, താജികിസ്താനും അടക്കമുള്ള രാജ്യങ്ങൾ പലതും കൊവിഡ് ശക്തി പ്രാപിച്ചപ്പോൾ പൂർണമായും അടച്ചിട്ടപ്പോഴും,  നിക്കരാഗ്വ മാത്രം അതിനു തയ്യാറായിരുന്നില്ല. ഇവിടത്തെ ഒർട്ടേഗ ഭരണകൂടം ഒട്ടും സുതാര്യമല്ല എന്നതുകൊണ്ട് 66 ലക്ഷം ജനസംഖ്യയുള്ള ഈ രാജ്യത്ത്, എത്ര പേരാണ് കൊവിഡിന് കീഴടങ്ങി കാലപുരി പൂകിയിട്ടുള്ളത് എന്ന് കണക്കാക്കുക ദുഷ്കരമാണ്. കൊവിഡിനെ ഒരു രോഗമായി കണക്കാക്കി ചികിത്സിച്ചാൽ ഇവിടെ ഡോക്ടർമാരെ സർവീസിൽ നിന്ന് പിരിച്ചു വിടും. അവരുടെ മെഡിക്കൽ ലൈസൻസുകൾ റദ്ദാക്കപ്പെടും. അവരെ തൂക്കിയെടുത്ത് തുറുങ്കിൽ തള്ളാൻ പോലീസ് വീട്ടിലേക്ക് തേടിയെത്തും. ഇതായിരുന്നു നിക്കരാഗ്വയിലെ അവസ്ഥ എന്ന് ടെലഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്യുന്നു. 

നാട്ടിൽ പിപിഇ കിറ്റും മാസ്കും ധരിക്കുന്നതിന് വിലക്കുണ്ട്. മാസ്ക് ധരിച്ചുകൊണ്ട് രോഗികളെ കാണാൻ ചെന്ന പല ആരോഗ്യ പ്രവർത്തകരെയും പോലീസ് വഴിയിൽ തടഞ്ഞു നിർത്തി മാസ്ക് ഊരിമാറ്റിയിട്ടുണ്ട്. ഗവണ്മെന്റ് ആശുപത്രികളിൽ കൊവിഡ് രോഗികൾ നിറഞ്ഞുകവിഞ്ഞിരിക്കുന്ന അവസ്ഥയാണുള്ളത് എങ്കിലും രോഗികളുടെയും മരിച്ചവരുടെയും രോഗം ഭേദപ്പെട്ടവരുടെയും ഒന്നും എല്ലാം റിപ്പോർട്ട് ചെയ്യാൻ പാടില്ല എന്നാണ് കർശന നിർദേശം. 

2020 ഒക്ടോബർ മുതൽക്കിങ്ങോട്ട് രാജ്യത്ത് ഔദ്യോഗിക രേഖകളിൽ പെട്ടിട്ടുള്ളത് ദിനംപ്രതി ഒരേയൊരു മരണം വീതം മാത്രമാണ്. 2021 അവസാനം വരെ ചുരുങ്ങിയത് ആറായിരം പേരെങ്കിലും കോവിഡിന് കീഴടങ്ങിയിട്ടുണ്ട് എന്നാണ് ഇവിടത്തെ ആക്റ്റിവിസ്റ്റുകൾ പറയുന്നത്. കൊവിഡ് രോഗികളെ പരിചരിച്ചതിന്റെ പേരിൽ ലോക്കപ്പിൽ അടക്കപ്പെട്ടു പീഡിപ്പിക്കപ്പെട്ട 200 ലധികം ഡോക്ടർമാരാണ് അടുത്തിടെ നിക്കരാഗ്വയിൽ നിന്ന് പലായനം ചെയ്തിട്ടുള്ളത്. കഴിഞ്ഞ തിങ്കളാഴ്ച ഒർട്ടേഗ തുടർച്ചയായ നാലാമത്തെ തവണയും രാജ്യത്തിന്റെ പ്രസിഡന്റായി തികഞ്ഞ ഭൂരിപക്ഷത്തോടെ തന്നെ തിരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലേറിയിട്ടുണ്ട്.  

click me!