ഇന്ന് പണിക്കു പോകണ്ട, ഫോൺ നോക്കണ്ട, മിണ്ടുക പോലും വേണ്ട! എന്താ പരിപാടി? "ഒന്നുമില്ല!"

Published : Jan 16, 2026, 02:18 PM IST
nothing

Synopsis

രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ "ഇന്ന് പണിക്കു പോകാൻ വയ്യല്ലോ" എന്ന് ഓർത്ത് നെടുവീർപ്പിടുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതാ നിങ്ങൾക്ക് സന്തോഷിക്കാൻ ഒരു വാർത്ത. ഇന്ന് ജനുവരി 16, ലോക 'നാഷണൽ നത്തിങ് ഡേ'. പേര് കേട്ട് ഞെട്ടണ്ട, ഒന്നും ചെയ്യാതിരിക്കാൻ വേണ്ടി.,

പലപ്പോഴും ആരെങ്കിലും "എന്താ പരിപാടി?" എന്ന് ചോദിക്കുമ്പോൾ നമ്മൾ പറയാറുള്ള മറുപടിയാണ് "ഒന്നുമില്ല" എന്നത്. എന്നാൽ ഇന്ന് ആ മറുപടി വെറുമൊരു വാക്കല്ല, അതൊരു ആഘോഷമാണ്! കാരണം ഇന്ന് ലോകം 'നാഷണൽ നത്തിങ് ഡേ' ആഘോഷിക്കുകയാണ്. രാവിലെ എഴുന്നേറ്റത് മുതൽ ഉറങ്ങുന്നത് വരെ എന്തിനെങ്കിലും പുറകെ പായുന്ന മലയാളിയോട് "ഇന്ന് ഒന്നും ചെയ്യണ്ട" എന്ന് പറഞ്ഞാൽ അത് കേൾക്കാൻ എന്ത് സുഖമാണ് അല്ലേ? ഈ വിചിത്രമായ ദിവസത്തെക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ അറിയാം..

1972-ലാണ് ഈ ദിവസത്തിന്റെ തുടക്കം. അമേരിക്കൻ മാധ്യമപ്രവർത്തകനായിരുന്ന ഹാരോൾഡ് പുൾമാൻ കോഫിൻ (Harold Pullman Coffin) ആണ് ഇങ്ങനെയൊരു ആശയം മുന്നോട്ട് വെച്ചത്. ഓരോ ദിവസവും ഓരോരോ കാര്യങ്ങൾക്കായി മാറ്റിവെക്കുന്ന മനുഷ്യർക്ക്, ഒന്നും ചെയ്യാതിരിക്കാൻ വേണ്ടിയും ഒരു ദിവസം വേണമെന്ന് അദ്ദേഹം വാദിച്ചു. ഹാരോൾഡ് ഇതിനായി 'നാഷണൽ നത്തിങ് ഫൗണ്ടേഷൻ' എന്നൊരു സംഘടന പോലും രൂപീകരിച്ചു. ഈ ദിവസത്തിന്റെ പ്രത്യേകതകൾ:

  • ഇതൊരു ഔദ്യോഗിക അവധി ദിവസമല്ല.
  • ഇന്നേ ദിവസം ആർക്കും ഒന്നും നൽകാനോ വാങ്ങാനോ പാടില്ല.
  • ആഘോഷങ്ങളോ റാലികളോ പാടില്ല.

ചുരുക്കത്തിൽ, ഒന്നും സംഭവിക്കാത്ത ഒരു ദിവസമായി ഇതിനെ കാണണം. തിരക്കുപിടിച്ച ഈ ലോകത്ത് 'ഒന്നും ചെയ്യാതിരിക്കുക' എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും ഇന്നത്തെ ദിവസം- ഫോണും സോഷ്യൽ മീഡിയയും മാറ്റിവെച്ച് കുറച്ചുനേരം വെറുതെ ഇരിക്കാം, നിർബന്ധമല്ലാത്ത വീട്ടുജോലികളും ഓഫീസ് ടെൻഷനുകളും ഇന്ന് ഒഴിവാക്കാം, ഒന്നും ചിന്തിക്കാതെ കണ്ണടച്ച് ഇരിക്കുന്നത് മാനസികാരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും.

രസകരമായ ചില വസ്തുതകൾ

ഹാരോൾഡ് കോഫിൻ ഈ ദിവസം തുടങ്ങിയത് അമിതമായ ആഘോഷങ്ങളോടുള്ള പ്രതിഷേധമായിട്ടാണ്. "ആഘോഷിക്കാൻ എങ്കിലും ഒരു ദിവസം നമുക്ക് വെറുതെ ഇരിക്കണ്ടേ?" എന്നതായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഈ ദിവസത്തിന്റെ നിയമമനുസരിച്ച് ആർക്കും "ഹാപ്പി നത്തിങ് ഡേ" എന്ന് ആശംസിക്കാൻ പാടില്ല. കാരണം അങ്ങനെ ചെയ്യുന്നതും ഒരു പ്രവർത്തിയാണ്. പുതുവർഷ ആഘോഷങ്ങളും തിരക്കുകളും കഴിഞ്ഞ് ആളുകൾ മടുത്തു നിൽക്കുന്ന സമയമായതിനാലാണ് ജനുവരി പകുതിയോടെ ഈ ദിവസം നിശ്ചയിച്ചത്.

മനഃശാസ്ത്രപരമായി നോക്കിയാൽ 'ഒന്നും ചെയ്യാതിരിക്കുന്നത്' സർഗ്ഗാത്മകത വർദ്ധിപ്പിക്കാൻ സഹായിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. മസ്തിഷ്കത്തിന് വിശ്രമം ലഭിക്കുമ്പോൾ പുതിയ ആശയങ്ങൾ ജനിക്കാൻ ഇത് കാരണമാകുന്നു. സ്ട്രെസ് കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഈ കൊച്ചു വിശ്രമം നമ്മെ സഹായിക്കും. അതുകൊണ്ട്, ഇന്ന് കുറച്ചു സമയം ഒന്നും ചെയ്യാതെ വെറുതെ ഇരുന്നു നോക്കൂ. ജീവിതം എത്ര സുന്ദരമാണെന്ന് നിങ്ങൾക്ക് അപ്പോൾ മനസ്സിലാകും!

 

PREV
Read more Articles on
click me!

Recommended Stories

വിട്ടുമാറാത്ത തലവേദന മാറാൻ യുവതി പച്ച മത്സ്യത്തിന്‍റെ പിത്താശയം വിഴുങ്ങി, ഐസിയുവിൽ കിടന്നത് 23 ദിവസം!
'പൂപ്പ് പോലീസ്'; നായ്ക്കളുടെ വിസർജ്യം, വൃത്തിയാക്കാത്ത ഉടമകളെ പിടികൂടാൻ 'ഡിഎൻഎ' പരിശോധന!