
ന്യൂജേഴ്‌സി സ്വദേശിയായ എറിക്ക ടൈറ്റ് എന്ന 22 -കാരിയുടെ ജീവിതം ഒരു സിനിമാക്കഥയെക്കാൾ നാടകീയമാണ്. 2025 -ൽ ഒരു അവധിക്കാലം ആസ്വദിക്കാനായി പാലാസേഡ്സ് ക്ലിഫ്‌സിൽ ഹൈക്കിംഗിന് പോയതായിരുന്നു അവൾ. എന്നാൽ, ഹൈക്കിംഗിനിടെ അപ്രതീക്ഷിതമായി കാലുതെറ്റിയ എറിക്ക ഏകദേശം 60 അടി താഴ്ചയുള്ള പാറക്കെട്ടുകൾക്കിടയിലേക്ക് പതിച്ചു. ആ വീഴ്ചയുടെ ആഘാതത്തിൽ അവളുടെ ശരീരം അക്ഷരാർത്ഥത്തിൽ തകർന്നുപോയി. രക്തം വാർന്ന്, അനങ്ങാൻ പോലും കഴിയാത്ത അവസ്ഥയിൽ ആ വിജനമായ താഴ്വരയിൽ അവൾ തനിച്ചായി.
മരണം തൊട്ടടുത്തെത്തി നിൽക്കുമ്പോഴും എറിക്ക തന്റെ മനസ്സാന്നിധ്യം കൈവിട്ടില്ല. അസഹനീയമായ വേദന അനുഭവപ്പെടുമ്പോഴും, വിറയ്ക്കുന്ന കൈകളോടെ അവൾ എങ്ങനെയോ തന്റെ ഫോൺ പുറത്തെടുത്തു. കഷ്ടപ്പെട്ട് ശ്വാസം വലിച്ചെടുത്ത് അവൾ ഒരു എമർജൻസി നമ്പറിൽ വിളിച്ച് താൻ അപകടത്തിൽ പെട്ടതായി അറിയിച്ചു. തന്റെ ജീവൻ രക്ഷിക്കാനുള്ള ഏകവഴി അതായിരുന്നു എന്ന് അവൾക്കറിയാമായിരുന്നു.
സഹായത്തിനായി വിളിച്ചെങ്കിലും, അവൾ കിടന്ന സ്ഥലം കണ്ടെത്തുക എന്നത് രക്ഷാപ്രവർത്തകർക്ക് വെല്ലുവിളിയായിരുന്നു. ഒടുവിൽ 7 മണിക്കൂറിന് ശേഷം അവളെ കണ്ടെത്തി ആശുപത്രിയിൽ എത്തിക്കുമ്പോൾ അവളുടെ നില അതീവ ഗുരുതരമായിരുന്നു. എന്നാൽ ഡോക്ടർമാരുടെ കഠിനാധ്വാനവും എറിക്കയുടെ ജീവിക്കാനുള്ള അടങ്ങാത്ത ആഗ്രഹവും വിജയിച്ചു. മാസങ്ങൾ നീണ്ട ചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കും ശേഷം അവൾ ജീവിതത്തിലേക്ക് തിരികെ വന്നു.
ഏകദേശം 7 മണിക്കൂറോളം അവൾ ആ അവസ്ഥയിൽ മരണത്തോട് മല്ലടിച്ചു. ഈ സമയത്താണ് താൻ ലോകത്തിൽ നിന്ന് തന്നെ മറഞ്ഞുപോയതായി അവൾക്ക് അനുഭവപ്പെട്ടത്രെ. വേദനകൾ ഇല്ലാത്ത, അതിശക്തമായ ഒരു പ്രകാശം നിറഞ്ഞ, ശാന്തമായ ഒരിടത്ത് താൻ എത്തിയതായിട്ടാണ് അവൾ അവകാശപ്പെടുന്നത്. മരിച്ചുപോയ തന്റെ ബന്ധുക്കൾ അവിടെ തന്നെ സ്വാഗതം ചെയ്യുന്നതായും അവൾക്ക് തോന്നി. ആത്മീയമായി പറഞ്ഞാൽ ശരീരത്തിൽ നിന്ന് ആത്മാവ് വേർപെടുന്ന ഒരു അനുഭവം ആയിരുന്നു അതെന്ന് അവൾ വിശ്വസിക്കുന്നു.
താഴെ പരിക്കേറ്റ് കിടക്കുന്ന സ്വന്തം ശരീരത്തെ മുകളിൽ നിന്ന് താൻ നോക്കിക്കണ്ടു. ആ നിമിഷം അതുവരെ അനുഭവിച്ചിരുന്ന എല്ലാ കഠിനവേദനകളും അപ്രത്യക്ഷമാവുകയും ആഴത്തിലുള്ള ഒരു സമാധാനം തന്നെ പൊതിയുകയും ചെയ്തു. തുടർന്ന് തന്റെ ജീവിതം ഒരു സിനിമ പോലെ കൺമുന്നിലൂടെ കടന്നുപോകുന്നതിന് സാക്ഷിയായി എന്നാണ് അവൾ അവകാശപ്പെടുന്നത്. ഇതിനെ 'ലൈഫ് റിവ്യൂ' എന്നാണ് അവൾ വിളിക്കുന്നത്. തന്റെ ഭൂതകാല തീരുമാനങ്ങളും പ്രവൃത്തികളും മറ്റുള്ളവരെ എങ്ങനെയൊക്കെ ബാധിച്ചു എന്ന് അവിടെ വ്യക്തമായി കാണാൻ കഴിഞ്ഞു. ഓരോ പ്രവൃത്തിക്കും അതിന്റേതായ അനന്തരഫലങ്ങൾ ഉണ്ടെന്ന് അവിടെ വെച്ച് തിരിച്ചറിഞ്ഞു. അനന്തമായ ഒരു പ്രകാശത്തിലേക്ക് താൻ ആകർഷിക്കപ്പെടുന്നതായി തോന്നി. ആ പ്രകാശത്തെ ദൈവം എന്നോ, പ്രപഞ്ചബോധം എന്നോ വിളിക്കാമെന്നാണ് അവൾ പറയുന്നത്.
ആ വെളിച്ചത്തിന് ജീവനുള്ളതായും അത് സ്നേഹവും സമാധാനവും കൊണ്ട് നിറഞ്ഞതായും അവൾക്ക് അനുഭവപ്പെട്ടു. അവിടെ മാലാഖമാരോ, വിധിതീർപ്പുകളോ ഉണ്ടായിരുന്നില്ല. മറിച്ച് ഒരേയൊരു സന്ദേശം മാത്രമാണ് അവൾക്ക് ലഭിച്ചത്: 'എല്ലാം ഒന്നാണ്.' നാമെല്ലാവരും ഒരേ ഊർജ്ജത്തിന്റെ ഭാഗമാണെന്ന വലിയ സത്യം ആ നിമിഷം താൻ മനസ്സിലാക്കിയെന്നാണ് എറിക്ക പറയുന്നത്.
മറ്റൊരാളെ വേദനിപ്പിക്കുന്നത് തന്നെത്തന്നെ വേദനിപ്പിക്കുന്നതിന് തുല്യമാണെന്ന് ആ നിമിഷങ്ങളിൽ താൻ തിരിച്ചറിഞ്ഞു. ഈ പ്രപഞ്ചത്തിൽ എല്ലാം ഒന്നാണ് എന്ന് തിരിച്ചറിയുന്നതും പരസ്പര ബഹുമാനത്തോടെയും കാരുണ്യത്തോടെയും ജീവിക്കുന്നതുമാണ് ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യമെന്ന് അവൾ പറയുന്നു. മരണം എന്നത് ഒരു അവസാനമല്ല, മറിച്ച് അതൊരു തോന്നൽ മാത്രമാണെന്നാണ് എറിക്ക പറയുന്നത്. നാം കരുതുന്നതുപോലെ സ്വർഗ്ഗമോ നരകമോ അവിടെയില്ല. മറിച്ച് പ്രപഞ്ചവുമായുള്ള ഒത്തുചേരൽ മാത്രമാണുള്ളത്. ഈ അനുഭവം തന്നെ പൂർണ്ണമായും മാറ്റിമറിച്ചുവെന്നും എറിക്ക പറയുന്നു. അതുവരെ ദൈവവിശ്വാസമില്ലാതിരുന്ന അവൾ, ഈ സംഭവത്തിന് ശേഷം ആത്മീയതയിൽ അടിയുറച്ച് വിശ്വസിക്കുന്ന ഒരാളായി മാറിയത്രെ.