ആരാണ് ഫ്രാൻസിൽ മാക്രോൺ നിരോധിക്കാൻ പോകുന്ന ഈ 'ചാരച്ചെന്നായ്ക്കൾ' ?

By Web TeamFirst Published Nov 4, 2020, 12:50 PM IST
Highlights

ഈ നിരോധനത്തോടെ ഫ്രാൻസിന്റെ തുർക്കിയുമായുള്ള  ഇതിനകം തന്നെ ഉലഞ്ഞുതുടങ്ങിയ ബന്ധങ്ങളിൽ കൂടുതൽ വിള്ളൽ വീഴുമെന്ന് ഉറപ്പായി. 
 

'ചാരച്ചെന്നായ്ക്കൾ' അഥവാ 'ഗ്രേ വൂൾവ്സ്' എന്നറിയപ്പെടുന്ന, 'അതിതീവ്ര ദേശീയതാ വാദം' പ്രത്യയ ശാസ്ത്രമാക്കിയ ടർക്കിഷ് വേരുകളുള്ള ഒരു സംഘടനയെ നിരോധിക്കാൻ ഒരുങ്ങിയിരിക്കുകയാണ് അവരിൽപെട്ട ചിലരുടെ പ്രതിഷേധങ്ങളുടെ വെളിച്ചത്തിൽ, ഫ്രഞ്ച് ഗവൺമെന്റ്. ഫ്രാൻസിന്റെ ആഭ്യന്തര വകുപ്പ് മന്ത്രിയാണ് ഈ വിവരം പുറത്തുവിട്ടത്. ഈ നിരോധനത്തോടെ ഫ്രാൻസിന്റെ തുർക്കിയുമായുള്ള  ഇതിനകം തന്നെ ഉലഞ്ഞുതുടങ്ങിയ ബന്ധങ്ങളിൽ കൂടുതൽ വിള്ളൽ വീഴുമെന്ന് ഉറപ്പായി. 

'ഗ്രേ വൂൾവ്സ്' എന്നും 'രെജെപ് തയ്യിപ് എർദോഗാൻ' എന്നും ഒക്കെയുള്ള വാക്കുകൾ വലുതായി സ്പ്രേ പെയ്ന്റുകൊണ്ട് എഴുതിവെച്ച്  രണ്ടാം ലോകമഹായുദ്ധത്തിനിടെ കൊല്ലപ്പെട്ട അർമേനിയക്കാരുടെa ഓർമ്മയ്ക്കായുള്ള ഒരു സ്മാരകം വികൃതമാക്കിയ സംഭവത്തിന് പിന്നാലെയാണ് മാക്രോണിൽ നിന്ന് ഇങ്ങനെ ഒരു നടപടി ഉണ്ടാകുന്നത്. 

ആരാണ് ഈ ചാരച്ചെന്നായ്ക്കൾ ? 

മുമ്പ് 'ആദർശകുടുംബങ്ങൾ' (idealist hearths) എന്നറിയപ്പെട്ടിരുന്ന സംഘടനയാണ് ഇത്. തുർക്കിയിൽ വേരുകളുള്ള, ഒരു യാഥാസ്ഥിതിക വലതുപക്ഷ സംഘടനയായ 'ഗ്രേ വൂൾവ്സ്' തുർക്കിയിലെ കുർദുകൾക്കും, യഹൂദർക്കും, ക്രിസ്ത്യാനികൾക്കും എതിരെ നടന്ന ആക്രമണങ്ങളുടെ പേരിൽ പഴി കേട്ടിട്ടുണ്ട് ഇവർ. തുർക്കിയിലെ നാഷണലിസ്റ്റ് മൂവ്മെന്റ് പാർട്ടിയുമായും, എർദോഗന്റെ എകെ പാർട്ടിയുമായും ഒക്കെ അടുത്ത ബന്ധങ്ങളുണ്ട് ഈ  ഗ്രേ വൂൾവ്സിന്. തുർക്കിയിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകരുമായി നിരന്തരം തെരുവുകളിൽ പോരാടിയിരുന്ന  നാഷണലിസ്റ്റ് മൂവ്മെന്റ് പാർട്ടിയുടെ ഗറില്ലാ വിഭാഗമായിരുന്നു ഗ്രേ വൂൾവ്സ് എന്നും വിലയിരുത്തുന്നവരുണ്ട്. എഴുപതുകളിലും എൺപതുകളിലും നിരവധി അക്രമങ്ങൾ ഇവർ പ്രവർത്തിച്ചിട്ടുണ്ട്. ഈ സംഘടനയോട് അടുപ്പമുള്ളവരെ ടർക്കിഷിൽ പറയുന്ന പേര് ബോസ്കുർട്ട്ലർ എന്നാണു. അവർ തങ്ങളുടെ പ്രസ്ഥാനത്തോടുള്ള കൂറ് പരസ്യമായി പ്രദർശിപ്പിക്കുന്നത് കൈവിരലുകൾ മുഴുവനും മടക്കി വെച്ച്, ശേഷം ചെറുവിരലും ചൂണ്ടുവിരലും മാത്രം ഉയർത്തിപ്പിടിച്ചു കൊണ്ട് അഭിവാദ്യം ചെയ്താണ്. 1981 -ൽ അന്നത്തെ പോപ്പ് ജോൺപോൾ രണ്ടാമന് നേരെ വധശ്രമം നടത്തിയ മെഹമെത്ത് അലി അക്ക എന്ന തുർക്കി പൗരൻ ഈ സംഘടനയുമായി ബന്ധമുണ്ടായിരുന്ന ആളായിരുന്നു എന്നൊരു ആക്ഷേപവുമുണ്ട്. 

ഗ്രേ വൂൾവ്സ് എന്നത് അന്താരാഷ്ട്ര സാന്നിധ്യമുള്ള ഒരു സംഘടനയാണ്. ഫ്രാൻസ് ഇപ്പോൾ ഏർപ്പെടുത്താനൊരുങ്ങുന്ന നിരോധനം അതിന്റെ പ്രവർത്തനങ്ങൾക്ക് ഫ്രഞ്ച് അതിർത്തിക്കുള്ളിൽ മാത്രമേ തടസ്സം സൃഷ്ടിക്കൂ. 

click me!