ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോർട്ടിനെതിരെ ഗർജ്ജിച്ച വൈദികസ്വരം ഫാ.മാർ മാത്യു ആനിക്കുഴിക്കാട്ടില്‍ ഓർമയാകുമ്പോൾ

By Web TeamFirst Published May 5, 2020, 5:23 PM IST
Highlights

ലവ് ജിഹാദിനെതിരെ ക്രൈസ്തവ സമൂഹത്തിൽ ജാഗ്രത വേണം എന്നും, മിശ്രവിവാഹത്തെ സഭ പ്രോത്സാഹിപ്പിക്കില്ല എന്നും ഫാ. ആനിക്കുഴിക്കാട്ടിൽ അഭിപ്രായപ്പെട്ടിരുന്നു. 

സീറോമലബാർ സഭയുടെ ഇടുക്കി രൂപത പ്രഥമമെത്രാനായിരുന്ന ഫാ. മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ അന്തരിച്ചതോടെ നിലച്ചുപോയത് ഇടുക്കിയിലെ ഇടുക്കിയിലെ കുടിയേറ്റക്കാരുടെ സമരങ്ങൾക്ക് നേതൃത്വം നല്‍കിയ ഹൈറേഞ്ച്‌ സംരക്ഷണസമിതിയുടെ ഉച്ചസ്വരങ്ങളിൽ ഒന്നുകൂടിയായിരുന്നു. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 1.38നായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഒരുമാസത്തോളമായി കിടപ്പിലായിരുന്നു ഫാ. മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. വര്‍ഷങ്ങളായി പ്രമേഹരോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹം മൂന്നുവര്‍ഷമായി കിഡ്‌നി സംബന്ധമായ അസുഖത്തിനും ചികിത്സതേടിയിരുന്നു. ഇടുക്കിയുടെ സമസ്തമേഖലയെയും പുരോഗതിയിലേക്കു നയിച്ച ജനകീയനായ മെത്രാനായിരുന്നു ഫാ. മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ എന്ന് അദ്ദേഹത്തിന് അന്ത്യോപചാരമർപ്പിച്ച വിശ്വാസികളിൽ പലരും അഭിപ്രായപ്പെട്ടു. 

1942 സെപ്റ്റംബർ 23 -ന് കോട്ടയം ജില്ലയിലെ പാലയിലുള്ള കടപ്ലാമറ്റത്തായിരുന്നു ഫാ. മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ജനനം. അക്കാലത്തുതന്നെ കടപ്ലാമറ്റത്തുനിന്നും ഇടുക്കിയിലെ കുഞ്ചിത്തണ്ണിയിലേക്ക് കുടിയേറിപ്പാർത്തതാണ് അദ്ദേഹത്തിന്റെ കുടുംബം.  1971 മാർച്ച് 15 ന് കോതമംഗലം രൂപതയുടെ അദ്ധ്യക്ഷനായ മാർ മാത്യു പോത്തനാമൂഴി പിതാവിന്റെ കൈവയ്പ് വഴി അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു.  പോപ്പ് ജോൺ പോൾ രണ്ടാമൻ 2003 ജനുവരി 15 -ന കോതമംഗലം രൂപത വിഭജിച്ച് ഇടുക്കി രൂപത രൂപീകരിച്ച ശേഷം, മാർച്ച് 2 -ന് ഫാ. മാർ മാത്യു ആനിക്കുഴിക്കാട്ടിൽ അതിന്റെ  ബിഷപ്പായി അവരോധിക്കപ്പെടുന്നു ഒപ്പം രൂപത ഔപചാരികമായി ഉദ്‌ഘാടനം ചെയ്യപ്പെടുകയും ചെയ്യുന്നു. 2018 -ലാണ് അദ്ദേഹം സേവനത്തിൽ നിന്ന് വിരമിക്കുന്നത്. ജലന്ധർ രൂപതയിലെ സെന്റ് മേരീസ് കത്തീഡ്രൽ റെക്ടറായ റവ. ഫാ. മൈക്കൽ ആനിക്കുഴിക്കാട്ടിൽ സഹോദരനാണ്. 

ഗാഡ്ഗിൽ / കസ്തൂരിരംഗൻ റിപ്പോർട്ടുകൾ 

ഗാഡ്ഗിൽ, കസ്തൂരി രംഗൻഎന്നിവരുടെ കാർമികത്വത്തിൽ മുന്നോട്ടുവെക്കപ്പെട്ട പശ്ചിമഘട്ട പരിസ്ഥിതിവിദഗ്ദ്ധസമിതി റിപ്പോർട്ടുകളുടെ കടുത്ത വിമർശകനായിരുന്നു ഫാ. ആനിക്കുഴിക്കാട്ടിൽ. പശ്ചിമഘട്ട മലനിരകളും അതിനോടനുബന്ധിച്ച പ്രദേശങ്ങളും അടങ്ങുന്ന പാരിസ്ഥിതിക വ്യൂഹം നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റിന്റെ വനം - പരിസ്ഥിതി മന്ത്രാലയം രൂപീകരിച്ച വിദഗ്ദ്ധ സമിതിയാണ് പശ്ചിമഘട്ട പരിസ്ഥിതിവിദഗ്ദ്ധ സമിതി അഥവാ  Western Ghats Ecology Expert Panel (WGEEP). 2010 മാർച്ചിൽ അന്നത്തെ വനം പരിസ്ഥിതി വകുപ്പ് മന്ത്രി ജയറാം രമേശാണ് ഇങ്ങനെ ഒരു സമിതിക്ക് രൂപം നൽകുന്നത്. പശ്ചിമഘട്ടമേഖലയിൽ നടക്കുന്ന അനിയന്ത്രിത ചൂഷണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം എന്ന പരിസ്ഥിതി പ്രവർത്തകരുടെ ദീർഘകാലമായുള്ള ആവശ്യത്തോടുള്ള പ്രതികരണമായിരുന്നു 2010 ഫെബ്രുവരി 9ന് നീലഗിരിമലകളിലെ കോത്തഗിരിയിൽ വെച്ചുണ്ടായ ജയറാം രമേശിന്റെ ഈ സമിതി രൂപീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം. 

 

 

പ്രൊഫ. മാധവ് ഗാഡ്ഗിൽ എന്ന പരിസ്ഥിതി വിദഗ്ധനായിരുന്നു വിദഗ്ധസമിതിയെ നയിച്ചത്.  സംഘത്തിൽ ബി.ജെ. കൃഷ്ണൻ, ഡോ. കെ.എൻ. ഗണേഷയ്യ, ഡോ. വി.എസ്. വിജയൻ, പ്രോഫ. റെനീ ബോർഗസ്, പ്രോഫ. ആർ. സുകുമാർ, ഡോ. ലിജിയ നൊറോന്ഹ, വിദ്യ എസ്. നായക്, ഡോ. ഡി.കെ. സുബ്രഹ്മണ്യം, ഡോ. ആർ.വി. വർമ്മ, പ്രൊഫ. സി.പി. ഗൌതം, ഡോ. ആർ.ആർ. നവൽഗുണ്ട്, ഡോ. ജി.വി. സുബ്രഹ്മണ്യം എന്നിവരാനുണ്ടായിരുന്നത്. 1986 ലെ പരിസ്ഥിതി (സംരക്ഷണ) നിയമം പ്രകാരം പശ്ചിമഘട്ടമേഖലയിലെ പരിസ്ഥിതിലോല പ്രദേശങ്ങളായി വിജ്ഞാപനം ചെയ്യേണ്ട പ്രദേശങ്ങൾ ഏതൊക്കെയെന്ന് കണ്ടെത്തി അതിരുകൾ അടയാളപ്പെടുത്തുക എന്നതായിരുന്നു സമിതിയിൽ അർപ്പിക്കപ്പെട്ടിരുന്ന പ്രഥമ ഉത്തരവാദിത്തം. പശ്ചിമഘട്ട മേഖലയുടെ സംരക്ഷണം, പരിപാലനം, പുനരുജ്ജീവനം തുടങ്ങിയവയ്ക്കാവശ്യമായ ശുപാർശകൾ സമർപ്പിക്കുവാനും സമിതിയെ കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തി. നാലരമാസത്തെ പ്രവർത്തനകാലയളവിനിടെ അവർ 14 തവണ യോഗം കൂടി. മഹാരാഷ്ട്ര, ഗോവ, കർണ്ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ കൂടി അറബിക്കടലിന് സമാന്തരമായി കടന്നുപോകുന്ന ഏതാണ്ട് 1490 കി.മീ. ദൈർഘ്യവും 129037 ചതുരശ്ര കി.മീ വിസ്‌തൃതിയുമുള്ള പശ്ചിമഘട്ട മലനിരകളാണ് സമിതിയുടെ പഠനത്തിന് വിധേയമായത്. 

റിപ്പോർട്ടിനോടുള്ള സഭയുടെ എതിർപ്പ് 

സമിതിയിൽ നിന്ന് പിന്നീടുണ്ടായ പരിസ്ഥിതി ലോലപ്രദേശങ്ങളുടെ പ്രഖ്യാപനത്തോടെ സഭയുടെ അതൃപ്തിയും വെളിച്ചത്തുവന്നു തുടങ്ങി. ലോലപ്രദേശങ്ങളിൽ ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങളും സമിതി നിർദ്ദേശിച്ചു. എന്നാൽ, സമിതിയുടെ നിർദേശങ്ങളെ മലയോര മേഖലകളിൽ കുടിയേറിത്താമസിച്ച് വർഷങ്ങളായി കൃഷിയും മറ്റും നടത്തിയിരുന്ന ഹൈറേഞ്ചിലെ ജനങ്ങൾ വളരെ ആശങ്കയോടെയാണ് നോക്കിക്കണ്ടത്. തങ്ങളുടെ കൃഷിയും അനുബന്ധ നിർമാണങ്ങളും, ജീവിതമാർഗ്ഗങ്ങൾ വരെയും ഇല്ലാതാകുമോ എന്ന് അവർക്ക് ഭയമുണ്ടായി. അങ്ങനെ ആ ആശങ്കകളുടെ പേരിൽ അവർ രൂപീകരിച്ച സംഘടനയാണ് ഹൈ റേഞ്ച് സംരക്ഷണ സമിതി. അന്നതിന്റെ പരമാധികാരിയായത് ഇടുക്കി രൂപതാ മെത്രാനായ ഫാ. മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ആയിരുന്നു. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടോ, അതിന്റെ കുറേക്കൂടി കാർക്കശ്യം കുറഞ്ഞ രൂപമായ കസ്തൂരി രംഗൻ റിപ്പോർട്ടോ ഒന്നും തന്നെ ഹൈറേഞ്ചിൽ നടപ്പിലാക്കാൻ തങ്ങൾ അനുവദിക്കില്ലെന്ന് അദ്ദേഹം ഹൈറേഞ്ച് സംരക്ഷണ സമിതിക്കുവേണ്ടി പൊതുജനങ്ങൾക്ക് മുന്നിൽ പ്രസംഗിച്ചു. സഭയിലെ മറ്റൊരു പുരോഹിതനായ മാർ റെമിജിയോസ് ഇഞ്ചിനാനിയിൽ പറഞ്ഞത്, ഹൈ റേഞ്ചിൽ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കാൻ ശ്രമിച്ചാൽ "ഇവിടെ മറ്റൊരു ജാലിയൻ വാലാബാഗ് ആവർത്തിക്കും " എന്നായിരുന്നു. 

പിടി തോമസുമായുള്ള ഇടച്ചിൽ

2009 മുതൽ 2014 വരെ ഇടുക്കി മണ്ഡലത്തെ പ്രതിനിധീകരിച്ച എംപി ആയിരുന്ന പിടി തോമസ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കണം എന്ന ആവശ്യമുന്നയിച്ചുകൊണ്ട് നിരന്തരം പ്രചാരണം നടത്തിയതോടെയാണ് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ കണ്ണിലെ കരടായി മാറിയത്. അവർ തമ്മിൽ അക്കാലത്ത് നിരന്തരം ആരോപണ പ്രത്യാരോപണങ്ങൾ സജീവമായിരുന്നു. ഫാ. ആനിക്കുഴിക്കാട്ടിലിന്റെ നേതൃത്വത്തിലുള്ള വൈദികസംഘം ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെപ്പറ്റി നിരന്തരം വ്യാജപ്രചാരണങ്ങൾ ഇടുക്കിയിലെ ജനങ്ങൾക്കിടയിൽ നടത്തി എന്ന് പിടി തോമസ് അന്ന് ആരോപിച്ചിരുന്നു. അക്കൊല്ലം ഫാ. ആനിക്കുഴിക്കാട്ടിൽ അടങ്ങുന്ന ഇടുക്കിയിലെ ക്രിസ്തീയ ലോബിയുടെ സമ്മർദ്ദത്തിന് വഴങ്ങി പിടി തോമസിന് പകരം ഡീൻ കുര്യാക്കോസിനെ മത്സരിപ്പിക്കേണ്ട സാഹചര്യം കോൺഗ്രസിനുണ്ടായി. എന്തായാലും, ഗാഡ്ഗിൽ/കസ്തൂരി രംഗൻ  കമ്മിറ്റി വിരുദ്ധത കത്തിനിന്ന ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് പ്രിയനായി, ഇടതുസ്വതന്ത്രനായി മത്സരിച്ച ജോയ്‌സ് ജോർജ്ജ് ഡീനിനെ തോൽപ്പിച്ച് 2014 -ൽ പാർലമെന്റിൽ എത്തുകയും ഫാ. ആനിക്കുഴിക്കാട്ടിൽ ഇടുക്കിയിൽ നിന്ന് തുരത്തിയോടിച്ച പിടി തോമസിന് പിന്നീട് 2016 -ൽ തൃക്കാക്കരയിൽ നിന്ന് മത്സരിച്ച് എംഎൽഎ ആകേണ്ടി വരികയും ചെയ്തത് ചരിത്രം.

ലവ് ജിഹാദിന്റെ പേരിൽ എസ്എൻഡിപിയുമായി കോർത്തത് 

2003 -ലെ കണക്കനുസരിച്ച്,  ഇടവകയിൽ നടക്കുന്ന നൂറു വിവാഹങ്ങളിൽ ആറെണ്ണവും മിശ്രവിവാഹമാണ് എന്നും, മിശ്രവിവാഹം ക്രൈസ്തവ ശൈലിയെയും തനിമയെയും ഒക്കെ തകർക്കും എന്നും ഫാ. ആനിക്കുഴിക്കാട്ടിൽ പറഞ്ഞു. ക്രിസ്തീയ സമൂഹത്തിൽ വലിയ തോതിൽ ലവ് ജിഹാദ് നടക്കുന്നുണ്ട് എന്നും പെൺകുട്ടികളെ ഇങ്ങനെ അടിച്ചോടിക്കുന്നത് എസ്എൻഡിപിയുടെ അജണ്ടയാണ് എന്നും  ഫാ. ആനിക്കുഴിക്കാട്ടിൽ പറഞ്ഞു. പതിനെട്ടുവയസ്സുവരെ മാതാപിതാക്കളുടെ കൂടെ ക്രിസ്തീയ വേദപാഠങ്ങളും മറ്റും അഭ്യസിച്ച് വിശ്വാസപൂർവം ജീവിച്ച ഒരു പെൺകുട്ടി ഒരു സുപ്രഭാതത്തിൽ ഒരു മുസ്‌ലിമിന്റെ കൂടെ ഒരു ഓട്ടോഡ്രൈവറുടെ കൂടെ അല്ലെങ്കിൽ ഒരു എസ്എൻഡിപിക്കാരന്റെ കൂടെ പോകുന്നു എങ്കിൽ അത് കുടുംബങ്ങളുടെ ക്രൈസ്തവീയതയുടെയും പ്രബോധനത്തിന്റെയും ഒക്കെ അപര്യാപ്തത വെളിപ്പെടുത്തുന്നതാണ് എന്നും 2015 ജൂൺ 13 -ന് നടത്തിയ പ്രസംഗത്തിൽ  ഫാ. ആനിക്കുഴിക്കാട്ടിൽ പരാമർശിച്ചു.

 

 

ലവ് ജിഹാദിനെതിരെ ക്രൈസ്തവ സമൂഹത്തിൽ ജാഗ്രത വേണം എന്നും, മിശ്രവിവാഹത്തെ സഭ പ്രോത്സാഹിപ്പിക്കില്ല എന്നും ഫാ. ആനിക്കുഴിക്കാട്ടിൽ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ഇതിനോട് വളരെ ക്ഷുഭിതനായാണ് വെള്ളാപ്പള്ളി നടേശൻ അന്ന് പ്രതികരിച്ചത്. "ഇത്രയും വിഷം തുപ്പുന്ന, വർഗീയത പറയുന്നൊരു തിരുമേനി ഇന്ത്യയിൽ വേറെ കാണില്ല " എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആദ്യ പ്രതികരണം. അടുത്ത ദിവസം തന്നെ എസ്എൻഡിപി യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ ബിഷപ്പിനെതിരെ പ്രതിഷേധ പ്രകടനവും നടന്നു. 

രാഷ്ട്രീയത്തിൽ നിലപാടുകൾ സ്വീകരിച്ചിരുന്ന ഇടയൻ

തന്റെ വൈദിക പ്രവർത്തന കാലയളവിൽ നാട്ടിൽ നിലനിന്ന സാഹചര്യങ്ങൾക്കനുസരിച്ച് പലതവണ ചാഞ്ചാടിയിട്ടുണ്ട് ഫാ. ആനിക്കുഴിക്കാട്ടിലിന്റെ രാഷ്ട്രീയ നിലപാടുകൾ. തുടക്കം മുതൽ കോൺഗ്രസിനെ പിന്തുണച്ചുപോന്നിരുന്ന ഇടുക്കി രൂപത, ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന്റെ പേരിൽ പിടി തോമസുമായി തെറ്റി. അതിന്റെ പേരിൽ തന്നെ ഡീൻ കുര്യാക്കോസിനോടും മുഖം മുറിഞ്ഞു സംസാരിക്കേണ്ടി വന്നു ബിഷപ്പിന്. അത് വിടി ബൽറാമിന്റെ ഭാഗത്തുനിന്നുള്ള കടുത്ത പ്രതികരണങ്ങൾക്ക് കാരണമായി അന്ന്. ഒടുവിൽ കോൺഗ്രസ് പക്ഷത്തുനിന്ന് മാറി ഇടതു സ്വതന്ത്രനായ ജോയ്‌സ് ജോർജിനെ പാർലമെന്റിലേക്ക് പറഞ്ഞയക്കാൻ വേണ്ടി ഇടയലേഖനം എഴുതാൻ വരെ അദ്ദേഹം മടിച്ചില്ല. പിന്നീട് 2014 -ലെ തെരഞ്ഞെടുപ്പിൽ പിടി തോമസിന് ഇടുക്കി ലോക്സഭാമണ്ഡലത്തിൽ മത്സരിക്കാൻ കോൺഗ്രസ് സീറ്റു നിഷേധിക്കുന്നതിലേക്കുവരെ ഫാ. ആനിക്കുഴിക്കാട്ടിലിന്റെ സ്വാധീനം നീണ്ടു.  ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കാതിരിക്കാൻ വേണ്ടി വിശ്വാസികളെ തെരുവിലിറക്കി സമരം ചെയ്യാനും തയ്യാറെടുത്തിരുന്നു അദ്ദേഹം. 

 

നിര്യാണവേളയിലും കത്തിയ വിവാദം

തന്റെ പ്രവർത്തനകാലയളവിൽ വിവാദപ്രസ്താവനകളാൽ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ഫാ. ആനിക്കുഴിക്കാട്ടിലിന്റെ വിയോഗവേളയിലും വിവാദങ്ങൾക്ക് കുറവുണ്ടായില്ല. ഒ​രു സാ​ധാ​ര​ണ പൗ​ര​നു ല​ഭി​ക്കു​ന്ന പ​രി​ഗ​ണ​ന​പോ​ലും ന​ൽ​കാ​തെ​യാ​ണ് ഇ​ടു​ക്കി​യു​ടെ ആ​ത്മീ​യ പി​താ​വി​നെ യാ​ത്ര​യാ​ക്കേ​ണ്ടി വരു​ന്ന​ത് എന്ന് സഭ ആക്ഷേപമുന്നയിച്ചു. പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ നടത്താനുള്ള അനുവാദം നിഷേധിക്കപ്പെട്ടു എന്നും, മൃ​ത​ദേ​ഹം വ​ച്ചി​രി​ക്കു​ന്ന ക​ത്തീ​ഡ്ര​ൽ പ​ള്ളി​ക്കു​ചു​റ്റും പോ​ലീ​സ് സേ​ന​യെ വി​ന്യ​സി​ച്ച് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കാ​നെ​ത്തി​യ​വ​രെ ത​ട​ഞ്ഞ​ സാഹചര്യമുണ്ടായി എന്നും പരാതിയുയർന്നു. പിതാവിന്റെ മൃ​ത​ദേ​ഹ വാ​ഹ​ന​ത്തി​നു ചു​റ്റും റ​വ​ന്യൂ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​പ്പി​ച്ച് ആ​ളു​ക​ളു​ടെ നോ​ട്ടം ത​ട​ഞ്ഞ​തെ​ന്തി​ന് എന്നും ദീപിക പത്രത്തിൽ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടു.. പൊ​തു ആ​ദ​ര​വ് നി​ഷേ​ധി​ക്കാ​ൻ ആ​രു ​ശ്ര​മി​ച്ചാ​ലും ല​ക്ഷ​ങ്ങ​ളു​ടെ ഉ​ള്ളി​ൽ ദി​വ്യ​തേ​ജ​സാ​യി എ​ന്നും ഇ​ടു​ക്കി​യു​ടെ പ്ര​ഥ​മ മെ​ത്രാ​ൻ കു​ടി​കൊ​ള്ളും എന്നും  ഇ​ത്ര​യും വ​ലി​യ ജ​ന​സ​മ്മ​തി​യു​ള്ള ഒ​രു ആ​ത്മീ​യ നേ​താ​വി​നു ഇ​നി ഒ​രി​ക്ക​ലും തി​രി​ച്ചു​ന​ൽ​കാ​നാ​ത്ത മ​നു​ഷ്യ ജീ​വി​ത​ത്തി​ലെ അ​വ​സാ​ന​ത്തെ ആ​ദ​ര​വ് കൊ​ട്ടി​യ​ട​ച്ച നി​ന്ദ്യ​മാ​യ ചെ​യ്തി ഇ​ടു​ക്കി​യി​ലെ മാ​ത്ര​മ​ല്ല സ​മ​സ്ത ജ​ന​ങ്ങ​ളെ​യും ക​ണ്ണീ​ർ​ക്ക​യ​ത്തി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ് എന്നും പറഞ്ഞുകൊണ്ടാണ് പ്രസ്തുത ലേഖനം ഉപസംഹരിച്ചത്. 

click me!