കൊറോണയുടെ ആക്രമണത്തിന് മുന്നിൽ പകച്ച് ഡബ്ബാവാലകളും; കൊവിഡ് 19 മുംബൈക്കാരുടെ അന്നം മുടക്കിയപ്പോൾ

By Web TeamFirst Published Mar 20, 2020, 9:22 AM IST
Highlights

സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയും ഉടമകൾ ഈ ഭൂമിയിൽ പിറന്നുവീഴുന്നതിന് പതിറ്റാണ്ടുകൾ മുമ്പുതൊട്ടേ മായാനഗരി മുംബൈയിൽ ഭക്ഷണവിതരണം നടത്തിക്കൊണ്ടിരുന്നവരാണ് ഡബ്ബാവാലകൾ. 

കൊറോണാവൈറസിന്റെ ആക്രമണത്തിന് മുന്നിൽ ഏറ്റവും ഒടുവിലായി സുല്ല് പറഞ്ഞിരിക്കുന്നത് മുംബൈയിലെ പ്രസിദ്ധമായ ഡബ്ബാവാല സമൂഹമാണ്. നാളെ മുതൽ കൊവിഡ് 19  മുംബൈക്കാരുടെ അന്നം മുടക്കിയപ്പോൾ ഭീതി അകലും വരെ തങ്ങൾ ഡബ്ബാവിതരണം താത്കാലികമായി നിർത്തലാക്കുകയാണ് എന്ന് അവരുടെ സംഘടന അറിയിച്ചു. മുംബൈയിൽ തൃശൂർ പൂരത്തിന്റെ തിരക്കുള്ള ലോക്കലുകളിൽ തലയിൽ ഡബ്ബകൾ നിരത്തി വെച്ച ട്രേയുമായി സർക്കസ് അഭ്യാസികളുടെ മെയ്വഴക്കത്തോടെ വളരെ ലാഘവത്തോടെ സഞ്ചരിച്ച് തങ്ങളുടെ പണി ചെയ്യുന്നവരാണ് ഡബ്ബാവാലകൾ. തിരക്കിനെ അവർക്ക് ഭയമില്ല. എന്നാൽ, ഈ പുതിയ രോഗത്തെ അവരും ഭയന്നിരിക്കുകയാണ്. തങ്ങളുടെ ജീവൻ അപകടത്തിലാക്കിക്കൊണ്ട് പണിചെയ്യാൻ സാധിക്കില്ല എന്നതുകൊണ്ടാണ് വിതരണം താത്കാലികമായി നിർത്തിവെച്ചിരികുനതെന്നാണ് അവർ അറിയിച്ചത്.  

സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയും ഉടമകൾ ഈ ഭൂമിയിൽ പിറന്നുവീഴുന്നതിന് പതിറ്റാണ്ടുകൾ മുമ്പുതൊട്ടേ മായാനഗരി മുംബൈയിൽ ഭക്ഷണവിതരണം നടത്തിക്കൊണ്ടിരുന്നവരാണ് ഡബ്ബാവാലകൾ. ഉപജീവനാർത്ഥം വളരെ നേരത്തെ തന്നെ വീടുകളിൽ നിന്നിറങ്ങേണ്ടി വന്നിരുന്ന ഗൃഹനാഥന്മാർക്ക്, ഒമ്പത് ഒമ്പതരയോടെ അവരവരുടെ വീടുകളിൽ തയ്യാറാകുന്ന ഭക്ഷണം ഡബ്ബകളിലാക്കി, ചെറിയ ഒരു പ്രതിഫലം പറ്റിക്കൊണ്ട്, ഉച്ചയോടെ മുംബൈയുടെ പല ഭാഗങ്ങളിൽ ഉള്ള അവരുടെ ഓഫീസുകളിൽ എത്തിച്ചു നൽകുകയും അതേ പാത്രങ്ങൾ ഒഴിയുമ്പോൾ അവ തിരികെ അതാത് വീടുകളിൽ തിരികെയെത്തിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ വെള്ളത്തൊപ്പിക്കാരുടെ നിയോഗം. 

കിറുകൃത്യമായി ഡബ്ബകൾ ഒരു ദിവസം പോലും മുടങ്ങാതെ ഈ ഉച്ചയൂൺ ഡബ്ബകൾ  എത്തിക്കുന്നതിന് പേരുകേട്ടതാണ് ഈ സർവീസ്. 16,000,000  ഡബ്ബകൾ എത്തിക്കുമ്പോൾ ഒന്ന് എന്നതായിരുന്നു അവർക്ക് പറ്റിയിരുന്ന പിഴവ്. ഈ 99.999999 ശതമാനം കൃത്യത അവർക്ക് സിക്സ് സിഗ്മ സർട്ടിഫിക്കേഷൻ മുതൽ ISO 9001  വരെ നേടിക്കൊടുത്തിട്ടുള്ളതാണ്. ഡബ്ബാവാലകളുടെ പ്രവർത്തനത്തിന്റെ ഫലസിദ്ധി കണ്ടു കണ്ണുതള്ളിയ ഹാർവാർഡ് ബിസിനസ് സ്‌കൂൾ പോലും അവരുടെ ബിസിനസ് മോഡലിന്റെ കേസ് സ്റ്റഡി നടത്തിയിരുന്നു. 

ചതുരശ്ര കിലോമീറ്റർ ഒന്നിന് 19,373 പേർ വീതം താമസിക്കുന്ന മുംബൈ മഹാനഗരത്തിന്റെ രക്തധമനികൾ എന്നറിയപ്പെടുന്ന ലോക്കൽ ട്രെയിനുകളാണ് പലർക്കും ഓഫീസിലേക്ക് പോകാനുള്ള ഒരേയൊരു മാർഗം. റോഡിലെ തിരക്കിൽപെട്ടുള്ള യാത്രയുമായി താരതമ്യപ്പെടുത്തിയാൽ എത്രയോ കുറഞ്ഞ തുകയ്ക്കും, സമയത്തിനും ഓഫീസിലെത്താൻ ലോക്കൽ ട്രെയിനുകൾക്കാവും എന്നതുകൊണ്ട് അവയിൽ സൂചി കുത്താനുള്ള ഇടം കിട്ടാറില്ല ഓഫീസ് യാത്രാസമയത്ത്. അതിനിടെ ലഞ്ച് ബാഗ് കൂടി കയ്യിലേന്താൻ പ്രയാസമാണ് എന്ന മുംബൈക്കാരുടെ ചിന്തയാണ് ഡബ്ബാവാലകൾക്ക് തൊഴിലവസരമായി മാറിയത്. വളരെ പ്രൊഫഷണൽ ആയ ഒരു കോഡിങ്ങ് സിസ്റ്റത്തിലൂടെ അവർ തങ്ങളുടെ ഡബ്ബകൾ കൃത്യമായി ഡെലിവറി ചെയ്തുവരുന്നു. മുപ്പത് ഡബ്ബാവാലകൾ അടങ്ങുന്ന ഒരു ഗ്രൂപ്പ് വളരെ എളുപ്പത്തിൽ 5000 ഡബ്ബകളാണ് വിതരണം ചെയ്യുന്നത്. രാവിലെ 8.30 മുതൽ 5.30 വരെ ജോലി ചെയ്യുന്ന ഒരു ഡബ്ബാവാലയ്ക്ക് മാസം 15,000 രൂപ വരെ വരുമാനമുണ്ടാക്കാൻ സാധിക്കാറുണ്ട്.  

എന്നാൽ, കൊറോണാ ഭീതി പരന്നതോടെ മഹാരാഷ്ട്രാ സർക്കാർ കോളേജുകളും സ്‌കൂളുകളും ഒക്കെ അടച്ചു. കമ്പനികൾ പലതും അവരുടെ ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' സംവിധാനവും ഏർപ്പെടുത്തിക്കഴിഞ്ഞു. അതിനിടയിലും ഇതുവരെ പ്രവർത്തിച്ചു കൊണ്ടിരുന്ന ഡബ്ബാവാലകൾ ഒടുവിൽ തങ്ങളുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കമൂത്താണ് യൂണിയന്റെ തീരുമാനപ്രകാരം താത്കാലികമായി പ്രവർത്തനം നിർത്തലാക്കിയിരിക്കുന്നത്. 

click me!