സ്‍പാനിഷ് ഫ്ലൂ സമയത്ത് മരുന്നായി കഴിച്ചിരുന്നത് വിസ്‍കി? ഒടുവിൽ സംഭവിച്ചത്...

By Web TeamFirst Published May 30, 2021, 2:16 PM IST
Highlights

എന്നാൽ വിസ്കിയും, അത് കഴിച്ചാൽ ഉണ്ടാകുമെന്ന് പറയുന്ന ഔഷധഗുണങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ല. 1917 -ൽ അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ പോലും മദ്യത്തിന് ഔഷധമൂല്യമില്ലെന്ന് പറഞ്ഞിരുന്നു.

മദ്യം നമ്മുടെ രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും, പകർച്ചവ്യാധികളെ നേരിടാനുള്ള കഴിവിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്തേക്കാം. മദ്യം കഴിക്കുന്നത് വൈറസിനെ നശിപ്പിക്കുകയല്ല, മറിച്ച് അപകടസാധ്യതകൾ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇന്ന് മഹാമാരിയുടെ പശ്ചാത്തലത്തിൽ, ഡോക്ടർമാർ മദ്യപാനത്തിൽ നിന്ന് വിട്ടുനിൽക്കാൻ നിർദ്ദേശിക്കുമ്പോൾ, 1918 -ൽ സ്പാനിഷ് ഫ്ലൂവിന്റെ സമയത്ത് മരുന്നായി നിർദ്ദേശിച്ചിരുന്നത് വിസ്കിയാണ്.  

'എല്ലാ പകർച്ചവ്യാധികളുടെയും അമ്മ' എന്നാണ് സ്പാനിഷ് ഫ്ലൂ അറിയപ്പെടുന്നത്. കാരണം ലോകജനസംഖ്യയുടെ മൂന്ന് മുതൽ നാല് ശതമാനം വരെ ആളുകളെ ഇല്ലാതാക്കാൻ അത് കാരണമായി. 1918 -നും 1920 -നും ഇടയിൽ 50 മുതൽ 100 ദശലക്ഷം ആളുകളാണ് ഇതുമൂലം മരണപ്പെട്ടത്. സ്പാനിഷ് ഇൻഫ്ലുവൻസ അമേരിക്കൻ ഐക്യനാടുകളിലേക്ക് വ്യാപിച്ചപ്പോൾ, അതിനൊരു പ്രതിവിധിയായി ആളുകൾ കണ്ടിരുന്നത് വിസ്കിയാണ്. ഇത് കഴിച്ചാൽ പല ഔഷധഗുണങ്ങളും ഉണ്ടെന്ന് ആളുകൾ വിശ്വസിച്ചു. എന്തിനേറെ, ഡോക്ടർമാരും നഴ്‌സുമാരും മുൻ‌നിര തൊഴിലാളികൾ പോലും പതിവായി വിസ്കി ഉപയോഗിച്ചു. ഇത് സ്ഥിരമായി കഴിച്ചാൽ ഇൻഫ്ലുവൻസയിൽ നിന്ന് സ്വയം പരിരക്ഷിക്കാമെന്ന് അവർ പോലും വിശ്വസിച്ചു.    

അസുഖം മൂലം ദുർബലമാകുന്ന ഹൃദയത്തെയും ശ്വാസകോശത്തെയും ഉത്തേജിപ്പിക്കാൻ വിസ്കിയ്ക്ക് സാധിക്കുമെന്ന് ചില ഡോക്ടർമാർ  കരുതി. വിസ്കി കഴിച്ചാൽ ദുർബലരായ രോഗികൾക്ക് ആശ്വാസം ലഭിക്കുമെന്ന് മറ്റ് ചിലർ വിശ്വസിച്ചു. 1918 -ൽ ആൻറിബയോട്ടിക്കുകൾ ലഭ്യമല്ലാത്തതിനാൽ, ആസ്പിരിൻ, ഹോർലിക്സ്, വിക്സ്, വിസ്കി എന്നിവ ഉപയോഗിച്ചാണ് രോഗികളെ ചികിത്സിച്ചിരുന്നത്. 1919 ഏപ്രിൽ 4 -ന് ടൈംസ് ഓഫ് ഇന്ത്യ പത്രത്തിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനം അനുസരിച്ച് വിസ്കി ഒരു ഉത്തേജകമായി മാത്രമല്ല, സമ്മർദ്ദം അകറ്റാനുള്ള ഉപാധിയായും ഉപയോഗിച്ചിരുന്നു. ഉത്കണ്ഠ നിയന്ത്രിക്കുന്നതിലൂടെ അണുബാധയെ പ്രതിരോധിക്കാൻ കഴിയുമെന്ന് അവർ വിശ്വസിച്ചു.  

സിറാക്കൂസിലെ ഒരു മദ്യ വ്യാപാരി 1918 -ലെ ഒരു പത്ര റിപ്പോർട്ടിൽ പറഞ്ഞത് ഇപ്രകാരമാണ്: “പകർച്ചവ്യാധി ആരംഭിച്ചതിനുശേഷം  സാധാരണയിലും മൂന്നിരട്ടിയിലധികം വിസ്കി ഞങ്ങൾ വിറ്റു. ആളുകൾ അത് യീസ്റ്റിന്റെയോ, കേക്കിന്റെയോ, സോഡയുടെയോ, ക്വിനൈനിന്റെയോ കൂടെ കഴിക്കുന്നു. മറ്റ് ചിലർ ഒന്നും ചേർക്കാതെ തന്നെ അത് അകത്താക്കുന്നു. ചിലർ ഡോക്ടർമാർമാരുടെ ഉപദേശ പ്രകാരമാണ് അത് വാങ്ങാൻ വന്നതെങ്കിൽ,  മറ്റുള്ളവർ സുഹൃത്തുക്കൾ പറഞ്ഞതനുസരിച്ചാണ് അത് വാങ്ങിയത്. ജീവിതത്തിൽ ഒരിക്കലും വിസ്കി കുടിച്ചിട്ടില്ലാത്ത ആളുകൾ പോലും ഇപ്പോൾ ഇത് കുടിക്കുന്നു.”

യുഎസ് നേവി നഴ്സ് ജോസി മാബെൽ ബ്രൗൺ 1918 -ൽ ചിക്കാഗോവിൽ സേവനമനുഷ്ഠിച്ച സമയത്തെ അനുഭവങ്ങൾ പങ്കുവച്ചു. “രോഗികൾ വളരെയധികമായിരുന്നു. പലർക്കും ചികിത്സ നൽകാൻ ഞങ്ങൾക്ക് സാധിച്ചില്ല. അവരുടെ താപനില പരിശോധിക്കാനോ, ബി പി നോക്കാനോ പോലും ഞങ്ങൾക്ക് സമയമില്ലായിരുന്നു. അവർക്ക് കുറച്ച് ചൂടുള്ള വിസ്കി മാത്രം ഞങ്ങൾ ഇടക്കിടെ നൽകി. ചിലരുടെ മൂക്കിൽ നിന്ന് രക്തം ഒലിച്ചുകൊണ്ടിരുന്നു. മറ്റ് ചിലർക്ക് വിഭ്രാന്തിയുണ്ടാവുകയും, ശ്വാസകോശം ചുരുങ്ങുകയും, ചിലരുടെ ശരീരത്തിൽ ഉടനീളം കുമിളകൾ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. വളരെ ഭയാനകമായ ഒരു അവസ്ഥയായിരുന്നു. ഞങ്ങൾക്ക് എല്ലായ്പ്പോഴും മാസ്കുകളും ഗൗണുകളും ധരിക്കേണ്ടിവന്നു. ചിലപ്പോൾ ഒരു ദിവസം 16 മണിക്കൂർ വരെ അത് ധരിക്കേണ്ടി വന്നു. എത്രപേർ മരണപ്പെട്ടു എന്ന് ആർക്കും അറിയില്ല. അതാർക്കും കണക്ക് കൂട്ടാൻ പോലും സാധിച്ചിരുന്നില്ല."

സ്പാനിഷ് ഫ്ലൂവിന്റെ സമയത്ത് വിസ്കി മരുന്നായി ഉപയോഗിച്ചിരുന്നതിൽ ശാസ്ത്രീയ അടിസ്ഥാനമൊന്നുമില്ലായിരുന്നു. ഇത് ഒരു സെഡേറ്റീവ് ആയി പ്രവർത്തിക്കുകയും, അസുഖത്തിൽ നിന്ന് കുറച്ച് ആശ്വാസം പകരുകയും ചെയ്തതുകൊണ്ടാണ് ഡോക്ടർമാർ ഇത് വ്യാപകമായി നിർദ്ദേശിച്ചിരുന്നത്‌. എന്നാൽ വിസ്കിയും, അത് കഴിച്ചാൽ ഉണ്ടാകുമെന്ന് പറയുന്ന ഔഷധഗുണങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ല. 1917 -ൽ അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ പോലും മദ്യത്തിന് ഔഷധമൂല്യമില്ലെന്ന് പറഞ്ഞിരുന്നു.

കാലം മാറി. ഇപ്പോൾ വൈദ്യശാസ്ത്രം വളരെയധികം പുരോഗമിച്ചു. സ്പാനിഷ് ഇൻഫ്ലുവൻസയുടെ കാലത്തേക്കാൾ മദ്യത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ഇതിനകം തന്നെ ധാരാളം ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. അമിതമായ മദ്യപാനവും വിസ്കിയുടെ അമിത ഉപഭോഗവും രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുന്നു എന്നതാണ് അറിയപ്പെടുന്ന ഒരു വസ്തുത. മറിച്ച്, മദ്യവും വേദനസംഹാരികളും ഒരുമിച്ച് കഴിക്കുന്നത് ആമാശയത്തിലെ അൾസറിനും രക്തസ്രാവത്തിനും കാരണമാകുമെന്നും, രോഗത്തെ വഷളാക്കുമെന്നും, സുഖപ്പെടൽ കൂടുതൽ പ്രയാസകരമാക്കുമെന്നും പറയുന്നു. ഇന്നത്തെ കാലത്ത്, കൊവിഡ് അനുബന്ധ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, സ്വയം ഇത്തരം മരുന്നുകൾ പരീക്ഷിക്കുന്നതിന് പകരം, എത്രയും വേഗം ഡോക്ടറെ കാണാൻ ശ്രമിക്കുക. അല്ലാത്തപക്ഷം, രോഗലക്ഷണങ്ങൾ വഷളാവുകയും, കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

(ചിത്രങ്ങൾ സ്‍പാനിഷ് ഫ്ലൂ സമയങ്ങളിലേത്. കടപ്പാട്: ​ഗെറ്റി ഇമേജസ്)

 
 

click me!