'ശിക്ഷിക്കാൻ സമയമായി'എന്ന് അമിത് ഷാ പറഞ്ഞ, 'ടുക്ഡേ ടുക്ഡേ' ഗ്യാങിലെ അംഗങ്ങൾ ആരൊക്കെയാണ് ?

Web Desk   | Asianet News
Published : Dec 26, 2019, 04:47 PM ISTUpdated : Dec 26, 2019, 04:56 PM IST
'ശിക്ഷിക്കാൻ സമയമായി'എന്ന് അമിത് ഷാ പറഞ്ഞ, 'ടുക്ഡേ ടുക്ഡേ' ഗ്യാങിലെ അംഗങ്ങൾ ആരൊക്കെയാണ് ?

Synopsis

ഇന്ന് ബിജെപിക്കോ കേന്ദ്ര സർക്കാരിനോ എതിരെ, പൊതുമണ്ഡലത്തിൽ നിന്ന്, വിശിഷ്യാ കോളേജുകളിൽ നിന്നുയരുന്ന ഏതൊരു വിമർശനസ്വരത്തിന്റെയും സാധുത ഈ വാക്കുകൊണ്ട് റദ്ദാക്കാനുള്ള ശ്രമങ്ങളാണ് കണ്ടുവരുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ദില്ലിയിൽ 'ടുക്ഡേ ടുക്ഡേ' ഗ്യാങ് അംഗങ്ങളെ നിശിതമായി വിമർശിച്ചുകൊണ്ട് പ്രസ്താവനയിറക്കി. "ടുക്ഡേ ടുക്ഡേ ഗ്യാങിലെ അംഗങ്ങളെ ഇളക്കിവിട്ട് തലസ്ഥാനത്ത് അക്രമങ്ങൾ അഴിച്ചുവിടാൻ ഗൂഢാലോചന നടത്തുന്നത് കോൺഗ്രസ് പാർട്ടിയാണ് എന്നും അദ്ദേഹം പറഞ്ഞു.

 

അമിത് ഷായുടെ പ്രസംഗത്തിലെ പരാമർശം ഇപ്രകാരമായിരുന്നു, "പൗരത്വ നിയമ ഭേദഗതി ബിൽ പാർലമെന്റിൽ വന്നപ്പോൾ കോൺഗ്രസോ മറ്റു പ്രതിപക്ഷ പാർട്ടികളോ ഒരക്ഷരം മിണ്ടിയില്ല. ലോക്സഭയിൽ ചർച്ചയ്ക്കു വന്ന വിഷയവുമായി പുലബന്ധമില്ലാത്ത പല അസംബന്ധങ്ങളും പറഞ്ഞുകൊണ്ടിരുന്നു. ബിൽ പാസായി നിയമമായ ശേഷം, ഇപ്പോൾ ഇതാ തെരുവിലിറങ്ങി വ്യാജവാർത്തകൾ പ്രചരിപ്പിച്ചുകൊണ്ട് അശാന്തി പടർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. കോൺഗ്രസിന്റെ ഗൂഢാലോചനയാണ് ഇപ്പോൾ ദില്ലിയിൽ ഈ 'ടുക്ഡേ ടുക്ഡേ' ഗ്യാങ് അഴിച്ചുവിടുന്ന അക്രമങ്ങൾക്ക് പിന്നിൽ. അതുകൊണ്ട് ഞാൻ നിങ്ങളോടിതാ പറയുകയാണ്, ഈ ഗ്യാങിലെ അംഗങ്ങൾക്ക് കടുത്ത ശിക്ഷ തന്നെ നൽകാനുള്ള സമയമായിരിക്കുകയാണ്.." 

എന്താണ് ഈ  ടുക്ഡേ ടുക്ഡേ ഗ്യാങ് ?

ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്നവർ എന്ന അർത്ഥത്തിലാണ് 'ടുക്ഡേ ടുക്ഡേ ഗ്യാങ്' എന്ന പദപ്രയോഗം ബിജെപി അടക്കമുള്ള വലതുപക്ഷ പാർട്ടികൾ നടത്തിവരുന്നത്. 'ടുക്ഡ' എന്ന ഹിന്ദി വാക്കിന്റെ അർഥം 'കഷ്ണം' എന്നാണ്. 2016 ഫെബ്രുവരി 9 -ന് അഫ്സൽ ഗുരുവിനെ തൂക്കിക്കൊന്നതിന്റെ മൂന്നാം വാർഷികത്തിന്റെയന്ന്, ജെഎൻയുവിൽ നടന്ന പ്രകടനത്തിനിടെ വിദ്യാർഥികൾ വിളിച്ചതായി ആരോപിക്കപ്പെട്ടിരുന്ന 'ഭാരത് തെരെ ടുക്ഡേ ഹോംഗേ, അഫ്സൽ ഹം ശർമിന്ദാ ഹേ' ( 'ഭാരതത്തിനെ കഷ്‍ണം കഷ്‍ണമാക്കും, അഫ്സൽ (ഗുരു) (നിന്നെ രക്ഷിക്കാനാകാത്തതിൽ) ഞങ്ങൾക്ക് ലജ്ജ തോന്നുന്നുണ്ട് ') എന്ന മുദ്രാവാക്യത്തിന്റെ ചുവടുപിടിച്ചാണ്  'ടുക്ഡേ ടുക്ഡേ ഗ്യാങ്'  എന്ന പരിഹാസവാക്ക് തലസ്ഥാനത്തെ ഇടതുവിദ്യാർത്ഥിനേതാക്കളെയും പ്രവർത്തകരെയും വിശേഷിപ്പിക്കാൻ വേണ്ടി വലതുപക്ഷ സംഘടനകൾ ഉപയോഗിച്ച് തുടങ്ങുന്നത്.

 

കാശ്മീരി വിദ്യാർത്ഥികളുടെ പല മുദ്രാവാക്യങ്ങളിലും 'ആസാദി' അഥവാ 'സ്വാതന്ത്ര്യം' എന്നവാക്ക് കശ്മീരിന്റെ സ്വാതന്ത്ര്യം എന്ന അർത്ഥത്തിലും വരാറുണ്ട്. എന്നാൽ, അതിന്‍റെ പേരുംപറഞ്ഞ് ഇന്ത്യയിൽ എവിടെ ആര് സ്വാതന്ത്ര്യത്തിനായി മുദ്രാവാക്യം ഉയർത്തിയാലും അത് വിഘടനവാദത്തിന്റെ സ്വരമായി വായിക്കപ്പെടുന്നുണ്ട്. 'ടുക്ഡേ ടുക്ഡേ ഗ്യാങ്' എന്ന ഒരൊറ്റ വിളികൊണ്ട് കനയ്യകുമാർ, ഷെഹ്‌ലാ റഷീദ്, ജിഗ്നേഷ് മേവാനി, ചന്ദ്രശേഖർ ആസാദ്, ഉമർ ഖാലിദ്, ബാനോജ്യോത്സ്നാ ലാഹിരി അങ്ങനെ പലരെയും വലതുപക്ഷം അടയാളപ്പെടുത്തുന്നുണ്ട്. അർണബ് ഗോസ്വാമി, സുധീർ ചൗധരി തുടങ്ങിയ ഇംഗ്ലീഷ്, ഹിന്ദി ചാനൽ അവതാരകരും ഈ പ്രയോഗത്തെ ഇന്ത്യൻ സ്വീകരണമുറികൾക്ക് പരിചിതമാക്കി. 

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ, കനയ്യ കുമാർ ബെഗുസരായ് മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചപ്പോൾ, പ്രചാരണത്തിനിടെ അദ്ദേഹത്തിന്റെ വാഹനം തടഞ്ഞുനിർത്തി പ്രതിഷേധക്കാർ അദ്ദേഹത്തോട് ചോദിച്ച ഒരു ചോദ്യം ഈ 'ഭാരത് തെരെ ടുക്ഡേ ഹോംഗേ' മുദ്രാവാക്യത്തെപ്പറ്റിയായിരുന്നു. "ഇത്തരത്തിലുള്ള മുദ്രാവാക്യം കൊണ്ട് നിങ്ങൾ എങ്ങുമെത്തില്ല" എന്നായിരുന്നു അവർ പറഞ്ഞത്. എന്നാൽ, ഇത്തരത്തിലുള്ള വിഘടന സ്വഭാവമുള്ള മുദ്രാവാക്യങ്ങൾ വിളിച്ച അകാലിദൾ, പിഡിപി അടക്കമുള്ള പല പാർട്ടികളും ഇന്ന് ബിജെപിയുടെ സഖ്യകക്ഷികളാണ് എന്നാണ് കനയ്യ കുമാർ ആ ആരോപണത്തിനുള്ള മറുപടിയായി പറഞ്ഞത്. താൻ അങ്ങനെ ഒരു മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നും, ആ ചടങ്ങിൽ ആരെങ്കിലും അത് വിളിച്ചിട്ടുണ്ടോ എന്ന കാര്യം പൊലീസും കോടതിയും അന്വേഷിക്കുന്നതേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു. 

ഇന്ന് ബിജെപിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയുമൊക്കെ ആരെന്തുപറഞ്ഞാലും അവരെ 'ടുക്ഡേ ടുക്ഡേ ഗ്യാങ്' എന്ന ഒരൊറ്റ വിളിയിൽ പ്രതിരോധിക്കുന്നതായാണ് കണ്ടുവരുന്നത്. പൊതുമണ്ഡലത്തിൽ നിന്ന്, വിശിഷ്യാ കോളേജുകളിൽ നിന്നുയരുന്ന ഏതൊരു വിമർശനസ്വരത്തിന്റെയും സാധുത ഈ വാക്കുകൊണ്ട് റദ്ദാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

PREV
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!