
ലോകത്തിലെ ആദ്യത്തെ ഇസ്ലാമിക് സ്റ്റേറ്റ് തലവനെന്ന് സ്വയം അവരോധിച്ച അബൂബക്കര്‍ അല്‍ ബാഗ്‍ദാദി കൊല്ലപ്പെട്ടതായി കഴിഞ്ഞദിവസമാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ലോകത്തോട് വെളിപ്പെടുത്തിയത്. സൈനിക നടപടിക്കിടയില്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് ട്രംപ് അറിയിച്ചത്. ഇപ്പോഴിതാ, ബാഗ്‍ദാദിക്ക് ശേഷം ആ തലവന്‍ സ്ഥാനം ഏറ്റെടുത്ത്, ബാഗ്‍ദാദിയുടെ പിന്‍ഗാമിയായി അബ്‍ദുള്ള ക്വര്‍ദേഷ് വരുന്നുവെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാഖ് മുന്‍ ഭരണാധികാരി സദ്ദാം ഹുസൈന്‍റെ ആര്‍മി ഓഫീസറായിരുന്നുവത്രെ ക്വര്‍ദേഷ്. സദ്ദാമിന്‍റെ മരണത്തിന് മുമ്പ് തന്നെ ബാഗ്‍ദാദിയുമായി ക്വര്‍ദേഷിക്ക് ബന്ധമുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. കര്‍ഷേഷ് എന്ന പേരുമുണ്ട് ക്വര്‍ദേഷിന്. കുറച്ച് കാലങ്ങളായി ബാഗ്‍ദാദി ആസൂത്രണം ചെയ്‍ത ആക്രമണങ്ങളെല്ലാം നടക്കുന്നത് ക്വര്‍ദേഷിന്‍റെ നേതൃത്വത്തിലാണെന്നും ബാഗ്‍ദാദി ജീവിച്ചിരുന്നപ്പോള്‍ത്തന്നെ പിന്‍ഗാമിയായി ക്വര്‍ദേഷിന്‍റെ പേര് പറഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഈ വര്‍ഷം ആഗസ്‍തില്‍ത്തന്നെ ബാഗ്‍ദാദിയുടെ പിന്‍ഗാമിയായി ക്വര്‍ദേഷിന്‍റെ പേര് പറഞ്ഞിരുന്നുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. മാത്രവുമല്ല, ദൈനംദിന കാര്യങ്ങളിലൊന്നും തന്നെ ബാഗ്‍ദാദി ഇടപെടാറില്ലെന്നും ഉത്തരവുകള്‍ നല്‍കുകയും കാര്യങ്ങള്‍ അന്വേഷിക്കുമ്പോള്‍ യെസ്/നോ പറയാറായിരുന്നുവെന്നും പറയപ്പെടുന്നു. ദൈനംദിന കാര്യങ്ങളെല്ലാം നിയന്ത്രിച്ചിരുന്നത് ക്വര്‍ദേഷിയായിരുന്നുവെന്നും പറയുന്നുണ്ട്. ചാവേറാക്രമണമടക്കം പല അക്രമങ്ങള്‍ക്കും ചുമതലയേല്‍പ്പിച്ചിരുന്നത് ഇയാളെയാണെന്നും പറയുന്നുണ്ട്. ഏതായാലും ക്വര്‍ദേഷിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ആരാണ് അബൂബക്ർ അൽ ബാഗ്‌ദാദി?
1971-ൽ മധ്യഇറാക്കിലെ സമറാ പട്ടണത്തിലാണ് അബൂബക്ർ അൽ ബാഗ്‌ദാദി ജനിച്ചത്. ഇബ്രാഹിം അൽ സമാറായി എന്നായിരുന്നു അൽ ബാഗ്‌ദാദിയുടെ യഥാർത്ഥനാമം എന്ന് 2018 -ൽ റോയിട്ടേഴ്‌സ് റിപ്പോർട്ടുചെയ്തിരുന്നു. എന്നാൽ അതല്ല, ഇബ്രാഹിം അവദ് ഇബ്രാഹിം അൽ ബദ്രി എന്നാണെന്ന് ടെലഗ്രാഫ് പത്രവും എഴുതിയിരുന്നു. അൽ ബാഗ്‌ദാദി എന്ന വിളിപ്പേരിന് 'ബാഗ്‌ദാദിൽ നിന്നുള്ളയാൾ' എന്ന സൂചന മാത്രമാണ് ഉണ്ടായിരുന്നത്. പഠിക്കാൻ മിടുക്കനായിരുന്ന ഒരു വിദ്യാർത്ഥിയായിരുന്നു സ്‌കൂളിൽ അയാൾ. ഡിസ്റ്റിങ്ഷൻ വാങ്ങിയാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്. സ്‌കൂൾ പഠനത്തിനുശേഷം, ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് ബാഗ്‌ദാദിൽ നിന്ന് ഇസ്ലാമിക് ഹിസ്റ്ററിയിൽ ബിഎ, എംഎ, പിഎച്ച്ഡി തുടങ്ങിയവ പൂർത്തിയാക്കുന്നുണ്ട് ബാഗ്‌ദാദി. കോളേജ് പഠനകാലത്ത് സൈന്യത്തിൽ ചേർന്ന് സേവനമനുഷ്‌ഠിക്കണം എന്ന് അബൂബക്റിന് കടുത്ത മോഹമുണ്ടായിരുന്നു എങ്കിലും മെഡിക്കൽ ടെസ്റ്റിൽ കണ്ണിന് കാഴ്ചക്കുറവുണ്ടെന്ന് കണ്ടെത്തിയതോടെ അത് പൊലിഞ്ഞു. അതോടെ മതപണ്ഡിതന്റെ ലാവണത്തിലേക്ക് അൽ ബാഗ്‌ദാദി താൽക്കാലമായെങ്കിലും ഒതുങ്ങി.
അമേരിക്ക 2003 -ൽ ഇറാക്കിൽ അധിനിവേശം നടത്തുമ്പോൾ അൽ ബാഗ്‌ദാദി ഒരു പള്ളിയിലെ പുരോഹിതൻ മാത്രമായിരുന്നു. 2004 -ൽ അമേരിക്കൻ സൈന്യത്തിന്റെ പിടിയിൽ അകപ്പെടുന്ന ബാഗ്‌ദാദിയെ അവർ അബുഗരിബിലെയും ബുക്കാ കാംപിലെയുമൊക്കെ പീഡനങ്ങൾക്ക് വിധേയനാക്കുന്നുണ്ട്. അവിടെ നിന്നിറങ്ങിയ അൽ ബാഗ്‌ദാദി നേരെ ചെന്നുകേറിയത് അൽ ക്വയിദയുടെ പാളയത്തിലേക്കാണ്. തന്റെ ഉള്ളിൽ എരിഞ്ഞു തുടങ്ങിയ പ്രതികാരത്തിന്റെ കനൽ പിന്നീട് ബാഗ്‌ദാദി ഊതിക്കാച്ചിയെടുത്തത് അൽക്വയിദയുടെ ഉലയിലായിരുന്നു. അവിടെയാണ് തീവ്രവാദത്തിന്റെ പ്രാഥമികശിക്ഷണം അയാൾക്ക് കിട്ടുന്നത്. ഒടുവിൽ നേതൃസ്ഥാനങ്ങളിലേക്ക് വന്നശേഷം വിചാരധാരകളിലുണ്ടായ വ്യതിയാനം കൊണ്ട് അവിടെ നിന്നും തെറ്റിപ്പിരിഞ്ഞ് കുറേക്കൂടി യാഥാസ്ഥിതികമായൊരു ഇസ്‌ലാമിക് സ്റ്റേറ്റ് കെട്ടിപ്പടുക്കാനുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതനായി അൽ ബാഗ്‌ദാദി. അങ്ങനെ സ്ഥാപിക്കപ്പെട്ടതാണ് ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ദി ലെവൻറ് അഥവാ ഐസിൽ. അമേരിക്കൻ സർക്കാറിന്റെ ആഗോള ഭീകരവാദ പട്ടികയിൽ 'Specially Designated Global Terrorist' പദവിയിൽ വിരാജിച്ചിരുന്നു ബാഗ്‌ദാദി ഏറെക്കാലം. 2016 മുതൽ അമേരിക്കൻ ഗവണ്മെന്റ് വക അൽ ബാഗ്‌ദാദിയുടെ തലക്ക് പ്രഖ്യാപിക്കപ്പെട്ടിരുന്ന സമ്മാനം 25 മില്യൺ ഡോളർ ആണ്.
2014 -ൽ ഇറാഖിലും സിറിയയിലുമായി ഇതാ തങ്ങളുടെ ഖിലാഫത്ത് സ്ഥാപിതമായിരിക്കുന്നു എന്ന് ഐസിസ് പ്രഖ്യാപിച്ച ശേഷം മൊസൂളിലെ ഒരു പള്ളിയിൽ ബാഗ്‌ദാദി വിശ്വാസികളോട് വയള് പ്രഭാഷണം നടത്തി. ആദ്യമായി പരസ്യമായി, മുഖം മൂടാതെ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട ബാഗ്‌ദാദി താനാണ് ഈ ഇസ്ലാമികരാഷ്ട്രത്തിന്റെ ഖലീഫയെന്നും പ്രഖ്യാപിച്ചു. എന്നാൽ, മധ്യപൂർവേഷ്യയിലെ എല്ലാ മത, രഷ്ട്ര നേതാക്കളും, ഭരണകർത്താക്കളും ഒരേസ്വരത്തിൽ ബാഗ്‌ദാദിയെ തള്ളിപ്പറഞ്ഞു. എന്നാൽ, അന്നുതൊട്ടിങ്ങോട്ട് മതത്തിനുവേണ്ടി പോരാടാൻ നാടുവിട്ടോടിവരുന്ന നൂറുകണക്കിന് യുവാക്കളെ ഐസിസിലേക്ക് ആകർഷിച്ചുപിടിച്ച നേതൃത്വമായി ബാഗ്‌ദാദി മാറി. സ്ത്രീകളും പുരുഷന്മാരുമായ നിരവധിപേർ ദൈവവഴിയിൽ ജിഹാദ് നടത്താൻ എന്നും പറഞ്ഞ് ബാഗ്‌ദാദിയുടെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് പുറപ്പെട്ടുവന്നു. ഒരു പ്രദേശത്തെ ആക്രമിച്ചു കീഴടക്കുക മാത്രമല്ല ഇസ്ലാമിക് സ്റ്റേറ്റ് ചെയ്തത്, അവിടെ വളരെ ആധികാരികമായ ഒരു ഭരണയന്ത്രം തന്നെ അവർ കെട്ടിപ്പടുത്തു. ശരീയത്ത് നിയമം നടപ്പിലാക്കി. കടുത്ത ശിക്ഷകൾ വിധിച്ചു. പലരെയും നിഷ്കരുണം വധിച്ചു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരത പ്രദേശത്തെയാകെ കീഴടക്കി. അന്നത്തെ ആ പ്രഭാഷണത്തിന് ശേഷം രണ്ടാമതൊരിക്കൽ കൂടി മാത്രമാണ് അബൂബക്ർ അൽ ബാഗ്‌ദാദി പൊതുജനസമക്ഷം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അത് ഈ വർഷം ഏപ്രിലിൽ റിലീസ് ചെയ്യപ്പെട്ട പതിനെട്ടുമിനിറ്റ് നീണ്ടുനിൽക്കുന്ന പ്രസംഗം നടത്തിയപ്പോഴാണ്.
നിരവധി മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഉത്തരവാദിയാണ് ഈ അൽ ബാഗ്‌ദാദി. അതിൽ, യസീദികളെ കൊന്നൊടുക്കിയതും, ലൈംഗികാടിമത്തത്തിന് യസീദിയുവതികളെ നിർബന്ധിതരാക്കിയതും, കൂട്ടബലാത്സംഗങ്ങൾക്ക് ആഹ്വാനം ചെയ്തതും, നിരവധി പേരെ ചാട്ടയടിക്ക് വിധേയരാക്കിയതും, കുറ്റക്കാരെന്ന് തോന്നിയവരെ നിഷ്കരുണം കഴുത്തറുത്തു കൊന്നുകളഞ്ഞതും ഒക്കെ ഉൾപ്പെടും. ഈ കുറ്റങ്ങളുടെ പേരിൽ ഏറെക്കാലമായി സിഐഎ തെരഞ്ഞുകൊണ്ടിരുന്ന ഒരു ഭീകരനായിരുന്നു അൽ ബാഗ്‌ദാദി.
2015 -ൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഏറ്റ പരിക്കുകളിൽ നിന്ന് സുഖം പ്രാപിക്കുന്നതിനിടെയായിരുന്നു ബാഗ്‌ദാദിക്കെതിരെ അമേരിക്കയുടെ ഏറ്റവും പുതിയ ആക്രമണം. ഒക്ടോബർ 26 -ന് വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇദ്‌ലിബിൽ വെച്ച്, അമേരിക്കൻ ഡെൽറ്റാ സ്‌പെഷൽ ഫോഴ്‌സിനാൽ വളയപ്പെട്ട്, ഇനി രക്ഷപ്പെടാനാവില്ല എന്നുറപ്പായപ്പോൾ സ്വന്തം ഭാര്യമാർക്കും കുഞ്ഞുങ്ങൾക്കുമൊപ്പം ചാവേർബോംബായി പൊട്ടിത്തെറിച്ച് തീരുകയായിരുന്നു ബാഗ്‍ദാദിയെന്ന തീവ്രവാദിയുടെ ജീവിതം.