‍അച്ഛൻ നൽകിയ വൈരക്കമ്മൽ നിരസിച്ചുകൊണ്ട് അന്നവൾ പറഞ്ഞു, തനിക്ക് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കാ മതി

Published : Aug 24, 2022, 02:35 PM IST
‍അച്ഛൻ നൽകിയ വൈരക്കമ്മൽ നിരസിച്ചുകൊണ്ട് അന്നവൾ പറഞ്ഞു, തനിക്ക് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കാ മതി

Synopsis

1963 -ൽ തുമ്പയിൽ നിന്നും ആദ്യത്തെ റോക്കറ്റ് വിക്ഷേപണം നടത്തുന്ന അവസരത്തിൽ വിക്രം സാരാഭായിയുടെ ക്ഷണപ്രകാരം കേരളത്തിലെത്തിയ അന്നാ മാണിയും സഹപ്രവർത്തകരുമാണ് വിക്ഷേപണത്തിനാവശ്യമായ അന്തരീക്ഷപഠന സംവിധാനങ്ങൾ ഒരുക്കിയത്.

ഇന്നലെ ഓഗസ്റ്റ് 23, ഗൂഗിൾ ഉപയോക്താക്കളുടെയെല്ലാം ശ്രദ്ധയാകർഷിച്ചത് ഗൂഗിൾ ഡൂഡിലിൽ ഉപയോഗിച്ചിരുന്ന ഒരു വനിതയുടെ ചിത്രമാണ്. അതിനെക്കുറിച്ച് കൂടുതൽ അന്വേഷിച്ചവർക്ക് മനസ്സിലായി അത് അന്നാ മാണി എന്ന വനിതാ ശാസ്ത്രജ്ഞയാണെന്ന്. ഇന്നലെ നിരവധിയാളുകളാണ് ഗൂഗിൾ സെർച്ച് എൻജിനിൽ അന്ന മണിയെക്കുറിച്ച് തിരഞ്ഞത്. അധികം ആർക്കം പരിചയമില്ലാത്ത എന്നാൽ എല്ലാവരും അറിഞ്ഞിരിക്കേണ്ട അന്നാ മാണിയെന്ന പ്രതിഭയെ തരിച്ചറിയാൻ ഗൂഗിൾ ഡൂഡിൽ വേണ്ടി വന്നു എന്നതാണ് സത്യം. 'വെതർ വുമൺ' എന്നറിയപ്പെടുന്ന ഇവർ ഇന്ത്യക്കാരുടെ മുഴുവൻ അഭിമാനമാണ്, ഒപ്പം മലയാളികളുടെ സ്വകാര്യ അഹങ്കാരവും. കാരണം ഇവർ ജനിച്ചത് കേരളത്തിലാണ്. അവരുടെ 104 -ാം ജന്മദിനത്തിൽ ആദരസൂചകമായാണ് ഗൂഗിൾ ഡൂഡിലിൽ ചിത്രം ഉൾപ്പെടുത്തിയത്.

1918 ആഗസ്റ്റ് 23 -ന് ഇടുക്കിയിലെ പീരുമേട്ടിൽ ഒരു സമ്പന്ന ക്രിസ്ത്യൻ കുടുംബത്തിൽ ആയിരുന്നു അന്നാ മാണി ജനിച്ചത്. കുട്ടിക്കാലം മുതൽ പുസ്തകങ്ങളെ സ്നേഹിച്ച പെൺകുട്ടിയായിരുന്നു അവൾ. വായന ആയിരുന്നു അവളുടെ ലോകം. കൈയിൽ കിട്ടുന്ന മുഴുവൻ പുസ്തകങ്ങളും അവൾ‍ വായിക്കുമായിരുന്നു. അങ്ങനെ വായിച്ച് വായിച്ച് എട്ടാം വയസ്സായപ്പോഴേക്കും വീടിനടുത്തുള്ള വായനശാലയിലെ മുഴുവൻ പുസ്തകങ്ങളും അവൾ‍ തീർത്തിരുന്നു. കുട്ടിക്കാലത്ത് തനിക്ക് കിട്ടിയിരുന്ന സമ്മാനങ്ങളിൽപ്പോലും അവൾക്ക് പ്രിയപ്പെട്ടത് പുസ്തകങ്ങളായിരുന്നു.

ഒരിക്കൽ ജന്മദിന സമ്മാനമായി അച്ഛൻ നൽകിയ വൈരക്കമ്മൽ നിരസിച്ചുകൊണ്ട് തനിക്ക് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കാ മതിയെന്നാണത്രെ അന്ന പറഞ്ഞത്. പിൽക്കാലത്ത് അവർ നടത്തിയ ഗവേഷണ വിഷയങ്ങളിലൊന്ന് വൈരക്കല്ലുകളുടെ ഭൗതിക സ്വഭാവത്തെക്കുറിച്ചുള്ള പഠനങ്ങളായിരുന്നു എന്നതാണ് രസകരമായ മറ്റൊരു കാര്യം.
പഠനത്തിൽ മിടുക്കിയായിരുന്നു അന്ന. മകളുടെ പഠനത്തിലുള്ള പ്രതിഭ മനസ്സിലാക്കിയ മാതാപിതാക്കൾ അവളെ പിന്തുണയ്ക്കുന്നതിൽ തെല്ലും മടികാണിച്ചില്ല. പകരം മകളുടെ സ്വപ്നങ്ങൾക്ക് അവർ തണലായി നിന്നു. പ്രാഥമിക പഠനത്തിന് ശേഷം മദ്രാസ്സിലെ പ്രസിഡൻസി കോളേജിൽ നിന്നും 1939 -ൽ ഭൗതികശാസ്ത്രത്തിലും രസതന്ത്രത്തിലും ബി.എസ്.സി. ഓണേഴ്സ് ബിരുദം നേടിയ അന്നാ മാണി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽ സി.വി.രാമന്റെ ശിക്ഷണത്തിൽ ഗവേഷണം നടത്തി. അന്നവിടെ ഗവേഷകനായിരുന്ന മലയാളിയായ പ്രസിദ്ധ ഭൗതിക ശാസ്ത്രജ്ഞൻ കെ.ആർ.രാമനാഥനും അന്നയുടെ ഗവേഷണ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകി.
  
ഓണേഴ്സ് ഡിഗ്രി  പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രിയായി കണക്കാക്കാൻ പറ്റില്ലെന്ന് പറഞ്ഞ് അന്നയ്ക്ക് മദ്രാസ് സർവ്വകലാശാല ഡോക്ടറേറ്റ് നൽകാൻ വിസമ്മതിച്ചു. എന്നാൽ ഗവേഷണത്തിന്റെ മൗലികത കണക്കിലെടുത്ത് ഇപ്പോഴും ബാംഗ്ലൂരിലെ രാമൻ ആർക്കൈവ്സിൽ അന്നയുടെ പ്രബന്ധം സൂക്ഷിച്ചിട്ടുണ്ട്.

ലണ്ടനിലെ ഇമ്പീരിയൽ കോളേജിൽ നിന്നും അന്തരീക്ഷപഠനത്തിൽ ഉപരിപഠനം നടത്തിയ അന്ന പിന്നീട് ഇന്ത്യയിലേക്ക് തിരികേ വന്നു. തിരികെ എത്തിയ അന്നാ മാണി ഇന്ത്യൻ മീറ്റിരിയോളജിക്കൽ ഡിപ്പാർട്ട്മെന്റിൽ ചേർന്നു. ഇക്കാലയളവിൽ ഇന്ത്യൻ അന്തരീക്ഷപഠനത്തിൽ നിരവധി  സംഭാവനകൾ നൽകാൻ അവർക്ക് സാധിച്ചു. കൂടാതെ ഒട്ടനവധി നവീന മേഖലകളിലേക്ക് അന്തരീക്ഷ ശാസ്ത്രജ്ഞരുടെ ശ്രദ്ധയാകർഷിക്കാനുള്ള ശ്രമങ്ങളും നടത്തി.

അക്കാലത്ത് അന്തരീക്ഷപഠനത്തിനുള്ള ശാസ്തീയ ഉപകരണങ്ങൾ ഒന്നും തന്നെ ഇന്ത്യയിൽ നിർമ്മിച്ചിരുന്നില്ല. വലിയ വില നൽകി ഉപകരണങ്ങളെല്ലാം വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു പതിവ്. എന്നാൽ, ഈ പതിവിനെ പൊളിച്ചെഴുതാൻ അന്ന തീരുമാനിച്ചു, അങ്ങനെ അവരുടെ നേതൃത്വത്തിൽ അന്തരീക്ഷപഠന ഉപകരണങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാനുള്ള പദ്ധതി ആരംഭിച്ചു. ഇതൊരു വലിയ തുടക്കമായിരുന്നു. ഇതിന്റെയെല്ലാം ഫലമായാണ് അന്തരീക്ഷപഠനത്തിൽ ഇന്ത്യക്ക് സ്വയം പര്യാപ്തത കൈവരിക്കാൻ കഴിഞ്ഞത്. പിൽക്കാലത്ത് ബഹിരാകാശ ഗവേഷണ മേഖലയിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളുടെയെല്ലാം അടിസ്ഥാനം ഇതായിരുന്നു. ആ നേട്ടങ്ങളുടെയെല്ലാം പൂർണ്ണമായ അവകാശിയും അവർ തന്നെയാണ്.

1963 -ൽ തുമ്പയിൽ നിന്നും ആദ്യത്തെ റോക്കറ്റ് വിക്ഷേപണം നടത്തുന്ന അവസരത്തിൽ വിക്രം സാരാഭായിയുടെ ക്ഷണപ്രകാരം കേരളത്തിലെത്തിയ അന്നാ മാണിയും സഹപ്രവർത്തകരുമാണ് വിക്ഷേപണത്തിനാവശ്യമായ അന്തരീക്ഷപഠന സംവിധാനങ്ങൾ ഒരുക്കിയത്. അന്തരീക്ഷ ഘടനയിൽ ഓസോണിനുള്ള പ്രാധാന്യത്തെപ്പറ്റി അന്നാ മാണി നടത്തിയ നിരീക്ഷണങ്ങൾ ശാസ്ത്രലോകം തിരിച്ചറിഞ്ഞത് പിന്നെയും രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം മാത്രമായിരുന്നു. അന്നാ മാണിയുടെ സംഭാവനകൾക്കുള്ള അംഗീകാരമായി അവരെ അന്താരാഷ്ട്ര ഓസോൺ കമ്മീഷനിൽ അംഗത്വം നൽകി ബഹുമാനിക്കുകയുണ്ടായി. 1976 -ൽ ആണ് ഇന്ത്യൻ മീറ്റിയറോളജിക്കൽ ഡിപ്പാർട്ട്മെന്റിൽ നിന്നും ഡെപ്യൂട്ടി ഡയറക്ടറായി അവർ വിരമിച്ചത്.

അന്നാ മാണിയുടെ ശാസ്ത്ര ഗ്രന്ഥങ്ങൾ ഇന്നും കാലഹരണപ്പെടാതെ നിൽക്കുന്നു. സൗരോർജ്ജ വികിരണത്തെ സംബന്ധിച്ച് അന്നാ മാണി രചിച്ച രണ്ട് ഗ്രന്ഥങ്ങൾ - Hand Book of Solar Radiation Data for India (1980), Solar Radiation Over India (1981) ഇന്നും ഈ വിഷയത്തിൽ ലഭ്യമായ ഏറ്റവും മികച്ച ശാസ്ത്ര ഗ്രന്ഥങ്ങളായാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയിലെ പവനോർജ്ജ സാധ്യതയെ സംബന്ധിച്ച് മറ്റൊരു ഗ്രന്ഥവും Wind Energy Data of India (1983) പ്രസിദ്ധീകരിച്ചിരുന്നു.

ജോലിയിൽ നിന്ന് വിരമിച്ചശേഷവും അവർ തന്റെ കർമപഥത്തിൽ സജീവമായി തുടർന്നു. അങ്ങനെ അവർ ബാംഗ്ലൂരിൽ സൗരോർജവും പവനോർജവും അളക്കുന്നതിനുള്ള ലളിതമായ ഉപകരണങ്ങൾ നിർമിക്കുന്നതിനുള്ള ഒരു ഫാക്ടറി അവർ സ്ഥാപിച്ചിരുന്നു. കാലാവസ്ഥയും ഭൂപ്രകൃതിയും അനുസരിച്ച് ഇന്ത്യയിലെ സൗര–പവനോർജ ലഭ്യതാ പ്രദേശങ്ങൾ അവർ തിട്ടപ്പെടുത്തി. എഴുനൂറോളം പവനോർജ സാധ്യതാ കേന്ദ്രങ്ങൾ ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലായി അവർ അടയാളപ്പെടുത്തുകയുണ്ടായി. കൂടാതെ ഇന്റർനാഷണൽ റേഡിയേഷൻ കമ്മീഷൻ, ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി, ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ് എന്നിവയിൽ അംഗമായിരുന്നു. ഇതിനെല്ലാം പുറമേ അവർ അഞ്ചുവർഷത്തോളം കറന്റ് സയൻസ് അക്കാദമി പ്രസിഡന്റുമായിരുന്നു.

തികഞ്ഞ ഗാന്ധി ഭക്ത ആയിരുന്നു അന്ന. ജീവിതാവസാനം വരെ ഖദർ വസ്ത്രം മാത്രമേ അവർ ഉപയോഗിച്ചിരുന്നുള്ളൂ. തികച്ചും മതേതര മൂല്യങ്ങൾ മുറുകെ പിടിച്ചുള്ളതായിരുന്നു അവരുടെ ജീവിതം. ശാസ്ത്രത്തെ ജീവിത പങ്കാളിയായി വരിച്ച അന്നാ മാണി അവിവാഹിതയായിട്ടാണ് ജീവിച്ചത്. ഒടുവിൽ 2001 ആഗസ്റ്റ് 16 നു ആ മഹാപ്രതിഭ തിരുവനന്തപുരത്ത് വച്ച് അന്തരിച്ചു. അവരുടെ ആഗ്രഹ പ്രകാരം മരണാനന്തരം മതപരമായ ചടങ്ങുകളില്ലാതെയാണ് അന്ത്യകർമങ്ങൾ നടത്തിയത്.

PREV
click me!

Recommended Stories

കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !
വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!