Jallianwala Bagh massacre : ജാലിയൻ വാലാബാ​ഗ് കൂട്ടക്കൊലയ്ക്ക് ലണ്ടനിൽ ചെന്ന് പകരം വീട്ടിയ ധീരൻ, ഉധം സിങ്

Published : Apr 13, 2022, 11:08 AM ISTUpdated : Apr 13, 2022, 11:09 AM IST
Jallianwala Bagh massacre : ജാലിയൻ വാലാബാ​ഗ് കൂട്ടക്കൊലയ്ക്ക് ലണ്ടനിൽ ചെന്ന് പകരം വീട്ടിയ ധീരൻ, ഉധം സിങ്

Synopsis

സമ്മേളനം അവസാനിച്ചു. പ്രതിനിധികളോരോരുത്തരും ഇരുന്നിടത്തുനിന്നും എഴുന്നേറ്റു. അപ്പോഴാണ് ഉധം സിങ് തന്‍റെ കയ്യിലെ റിവോള്‍വര്‍ പുറത്തെടുക്കുന്നത്. 

1919 ഏപ്രിൽ 13... ഇന്ത്യൻ ചരിത്രത്തിൽ, ജനങ്ങളുടെ ചോരകൊണ്ട് ചുവന്ന ദിനമെന്ന് അടയാളപ്പെടുത്തി വയ്ക്കേണ്ടി വന്ന ദിവസം. അത് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല(Jallianwala Bagh massacre) എന്നറിയപ്പെട്ടു. ആ ദിവസം പിന്നിട്ട് ഇന്നിപ്പോൾ 103 വര്‍ഷങ്ങളായിരിക്കുന്നു. ഇപ്പോഴും എപ്പോഴും ജാലിയന്‍ വാലാബാഗിലെ ആ നരഹത്യയെ കുറിച്ചോര്‍ക്കുമ്പോള്‍ മറന്നുകൂടാത്ത പേരാണ് ഉധം സിങ്ങി(Udham Singh)ന്‍റേത്. 

ആരായിരുന്നു ഉധം സിങ്? ഒറ്റവാക്കില്‍ സ്വാതന്ത്രസമരസേനാനിയായിരുന്നു അദ്ദേഹമെന്ന് പറഞ്ഞു നിര്‍ത്താം. എന്നാല്‍, അത് മാത്രമായിരുന്നില്ല അദ്ദേഹം. ജാലിയന്‍ വാലാബാഗിലെ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയയാളെ ലണ്ടനില്‍ ചെന്ന് കൊന്നുകളഞ്ഞു പകരം വീട്ടിയ ധീരനായിരുന്നു ഉധം സിങ്. 

ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല കഴിഞ്ഞ് അന്ന് 20 -ലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. 1940 മാര്‍ച്ച് 13... ലണ്ടനിലെ കാക്സ്റ്റണ്‍ ഹാളാണ് സംഭവസ്ഥലം. ഈസ്റ്റ് ഇന്ത്യാ അസോസിയേഷന്‍, റോയല്‍ സെന്‍ട്രല്‍ ഏഷ്യന്‍ സൊസൈറ്റി എന്നിവയുടെ സമ്മേളനം നടക്കുകയാണ്. ഭൂരിപക്ഷവും ബ്രിട്ടീഷുകാരായിരുന്നു അവിടെ. ചുരുക്കം ചില ഇന്ത്യക്കാരുമുണ്ട്. 

അവര്‍ക്കിടയില്‍ ആരുമറിയാതെ, ക്ഷണിക്കപ്പെടാതെ അവിടെയെത്തിയ ഒരാള്‍ കൂടിയുണ്ടായിരുന്നു. അത് ഉധം സിങ്ങായിരുന്നു. അദ്ദേഹത്തിന്റെ കയ്യിലൊരു തടിയൻ‌ പുസ്തകവുമുണ്ടായിരുന്നു. അതുപക്ഷേ വെറുമൊരു പുസ്തകമായിരുന്നില്ല. അതിനുള്ളിലെ താളുകളിൽ, ജാലിയന്‍ വാലാബാഗില്‍ തീര്‍ന്നുപോയ ജീവിതങ്ങള്‍ക്ക് നീതി നേടിക്കൊടുക്കാനുള്ള ഒരായുധവും ഉധം സിങ് സൂക്ഷിച്ചിരുന്നു. അതൊരു റിവോള്‍വറായിരുന്നു. 

സമ്മേളനം അവസാനിച്ചു. പ്രതിനിധികളോരോരുത്തരും ഇരുന്നിടത്തുനിന്നും എഴുന്നേറ്റു. അപ്പോഴാണ് ഉധം സിങ് തന്‍റെ കയ്യിലെ റിവോള്‍വര്‍ പുറത്തെടുക്കുന്നത്. മൈക്കല്‍ ഓ ഡ്വയറി(Michael O'Dwyer)ന്‍റെ നെഞ്ചത്തേക്ക് അദ്ദേഹം കൈവിറയ്ക്കാതെ വെടിയുതിര്‍ത്തു. ബ്രിട്ടീഷ് പഞ്ചാബിലെ മുന്‍ ഗവര്‍ണറായിരുന്നു ഡ്വയർ. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവത്തിന് നേതൃത്വം നല്‍കിയ അയാളുടെ ദേഹത്ത് തുളച്ചുകയറിയത് ഉധം സിങ്ങുതിര്‍ത്ത രണ്ട് വെടിയുണ്ടകളാണ്. 

മൈക്കല്‍ ഓ ഡ്വയര്‍ അപ്പോള്‍ തന്നെ അവിടെ മരിച്ചുവീണു. വെടിപൊട്ടിയതോടെ ആളുകള്‍ പരക്കം പാഞ്ഞു. അപ്പോഴും ഉധം സിങ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചതേയില്ല. അദ്ദേഹം പൊലീസിനെയും കാത്ത് ആ ശവശരീരത്തിന് കാവല്‍ നിന്നു. പിന്നീട് പൊലീസെത്തി ഉധം സിങ്ങിനെ കസ്റ്റഡിയിലെടുത്തു. ബ്രിട്ടീഷ് കോടതിയിലായിരുന്നു വിചാരണ. താന്‍ ചെയ്ത കൊലപാതകം സധൈര്യം ഉധം സിങ് കോടതിയിലേറ്റ് പറഞ്ഞു. 

"അതേ, ഞാൻ തന്നെയാണ് ജനറൽ ഡ്വയറിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. എനിക്ക് മരിക്കാൻ ഒരു മടിയുമില്ല. ജന്മനാടിനുവേണ്ടി ജീവത്യാഗം ചെയ്യുന്നതിൽപ്പരം പുണ്യം വേറെന്താണ്?" എന്നായിരുന്നു ഉധം സിങ് കോടതിയില്‍ ചോദിച്ചത്. ഒടുവിൽ, വിചാരണക്കോടതി ഉധം സിങിനെ വധശിക്ഷക്ക് വിധിച്ചു. 1940  ജൂലൈ 31 -ന് അദ്ദേഹത്തിന്‍റെ വധശിക്ഷ നടപ്പിലാക്കി. 

ഇന്ന് ജാലിയൻ വാലാബാ​ഗ് കൂട്ടക്കൊല നടന്ന ദിവസമാണ്, ഏപ്രിൽ 13. അവിടെ പിടഞ്ഞുവീണ മനുഷ്യരെ ഓർക്കുന്നതിനൊപ്പം അതിന് പകരം വീട്ടി മരണത്തിലേക്ക് സധൈര്യം നടന്നുകയറിയ ഉധം സിങ്ങിനേയും ഓർക്കേണ്ടുന്ന ദിവസം. 

PREV
click me!

Recommended Stories

പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ
സതീഷും സാജിദും ബാല്ല്യകാലസുഹൃത്തുക്കൾ, ഒരുമിച്ച് പാട്ടത്തിനെടുത്ത സ്ഥലത്ത് തിരഞ്ഞു, കിട്ടിയത് ലക്ഷങ്ങളുടെ വജ്രം!