എലോൺ മസ്‌ക്‌സിനെയും ബിൽ ഗേറ്റ്‌സിനെയും വരെ മറികടക്കാൻ കഴിയുന്നത്ര സമ്പന്നൻ, ബം​ഗാളിലെ ആ പഴയ ധനിക കുടുംബം

Published : Mar 28, 2022, 11:30 AM IST
എലോൺ മസ്‌ക്‌സിനെയും ബിൽ ഗേറ്റ്‌സിനെയും വരെ മറികടക്കാൻ കഴിയുന്നത്ര സമ്പന്നൻ, ബം​ഗാളിലെ ആ പഴയ ധനിക കുടുംബം

Synopsis

അന്നത്തെ ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും കുടുംബത്തിന് ഓഫീസുകൾ ഉണ്ടായിരുന്നു. അവരുടെ ഓഫീസുകൾ ഒരു ആധുനിക ബാങ്കിന്റെ ഓഫീസിനോട് സാമ്യമുള്ളതായിരുന്നു. 

ബ്രിട്ടീഷുകാർ ഇന്ത്യയിൽ കാലുകുത്തുന്നതിന് മുമ്പ്, ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായി ഇന്ത്യ കണക്കാക്കപ്പെട്ടിരുന്നു. "സ്വർണ്ണപ്പക്ഷി" (Golden Bird) എന്നാണ് രാജ്യം അറിയപ്പെട്ടിരുന്നത് പോലും. ഇന്നത്തെ സമ്പന്നരായ എലോൺ മസ്‌ക്‌സിനെയും ബിൽ ഗേറ്റ്‌സിനെയും വരെ മറികടക്കാൻ കഴിയുന്നത്ര സമ്പന്നരായ നിരവധി കുടുംബങ്ങൾ അക്കാലത്ത് ഇന്ത്യയിൽ ഉണ്ടായിരുന്നു. സമ്പന്നമായ രാജ്യം പിന്നീട് നൂറ്റാണ്ടുകളോളം വിദേശശക്തികളാൽ കൊള്ളയടിക്കപ്പെട്ടുവെങ്കിലും, ചില പേരുകൾ അതിന് ശേഷവും ചരിത്രത്തിൽ പ്രസക്തമായി തന്നെ നിലകൊണ്ടു. അക്കൂട്ടത്തിൽ ഒരാളാണ് സേത്ത് ഫത്തേചന്ദ് എന്നറിയപ്പെടുന്ന മുർഷിദാബാദിലെ ജഗത് സേത്ത്(Jagat Seth).  

പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ബംഗാളിൽ ജീവിച്ചിരുന്ന വളരെ സമ്പന്നനായ ഒരു വ്യക്തിയായിരുന്നു അദ്ദേഹം. 1723 -ൽ മുഗൾ ചക്രവർത്തിയായ മുഹമ്മദ് ഷായാണ് ജഗത് സേത്ത് എന്ന പദവി ഫത്തേ ചന്ദിന് നൽകിയത്. അതിനുശേഷം, ഫത്തേ ചന്ദിന്റെ മുഴുവൻ കുടുംബവും ജഗത് സേത്ത് കുടുംബം എന്നറിയപ്പെട്ടു. ജഗത് സേത്ത് എന്നാൽ "ലോകത്തിന്റെ ബാങ്കർ" എന്നാണ് അർത്ഥം. ഈ കുടുംബത്തിന്റെ സ്ഥാപകൻ സേത് മണിക് ചന്ദ് ആണെന്ന് വിശ്വസിക്കപ്പെടുന്നു. അവരുടെ പൂർവ്വികർ മാർവാറിലെ നിവാസികളായിരുന്നുവെന്നും 1495 എഡിയിൽ കുടുംബം ജൈനമതം സ്വീകരിച്ചിരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. ഈ കുടുംബത്തിലെ ഹിരാനന്ദ് സാഹു 1652 -ൽ മാർവാർ വിട്ട് പട്‌നയിൽ സ്ഥിരതാമസമാക്കി.

അക്കാലത്ത് പട്ന ഒരു വലിയ വ്യാപാര കേന്ദ്രമായിരുന്നു. ഇവിടെ ഹിരാനന്ദ് സാഹു രാസപദാർത്ഥമായ സാൾട്ട്പീറ്റർ വിൽക്കുന്ന ബിസിനസ് ആരംഭിച്ചു. അക്കാലത്ത് യൂറോപ്യന്മാരായിരുന്നു ഈ രാസവസ്തു ഏറ്റവും കൂടുതലായി വാങ്ങിയിരുന്നത്. അതിനുപുറമെ, പലിശയ്ക്ക് കടം കൊടുക്കുന്ന ജോലിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഹിരാനന്ദ് സാഹുവിന് ഏഴ് ആൺമക്കളുണ്ടായിരുന്നു. അവർ കച്ചവടം ചെയ്യാൻ പലയിടത്തേയ്ക്ക് ചേക്കേറി. അദ്ദേഹത്തിന്റെ ഒരു മകനായ മണിക് ചന്ദ് അക്കാലത്ത് ബംഗാളിന്റെ തലസ്ഥാനമായിരുന്ന ധാക്കയിലെത്തി. മണിക്ചന്ദ് പിന്നീടുള്ള അമ്പത് വർഷകാലം ബിസിനസ്സിലൂടെയും രാഷ്ട്രീയ പിന്തുണയിലൂടെയും സാമ്പത്തിക വിപണി ഭരിച്ചു. ബംഗാളിലെ ജഗത് സേത്ത് കുടുംബത്തിന് അടിത്തറയിട്ടത് അദ്ദേഹമാണ്.

ചില സ്രോതസ്സുകൾ അനുസരിച്ച്, 1720 -കളിലെ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ജഗത് സേത്ത് കുടുംബത്തിന്റെ സമ്പത്തിനേക്കാൾ കുറവായിരുന്നു. ഇന്നത്തെ പണത്തിന്റെ മൂല്യം അനുസരിച്ച് 1000 ബില്യൺ പൗണ്ടോ അതിലധികമോ മൂല്യമുള്ള ആസ്തി അവർക്കുണ്ടായിരുന്നു. ബ്രിട്ടീഷ് പത്രങ്ങൾ പ്രകാരം ഇംഗ്ലണ്ടിലെ എല്ലാ ബാങ്കുകളും സംയോജിപ്പിച്ചതിനേക്കാൾ കൂടുതൽ പണം അവരുടെ പക്കലുണ്ടായിരുന്നു. മണിക്ചന്ദ് സാഹു ബംഗാളിലെ ആദ്യ നവാബായിരുന്ന മുർഷിദ് കുലി ഖാനുമായി നല്ല സൗഹൃദത്തിലായിരുന്നു. അന്നത്തെ ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും കുടുംബത്തിന് ഓഫീസുകൾ ഉണ്ടായിരുന്നു. അവരുടെ ഓഫീസുകൾ ഒരു ആധുനിക ബാങ്കിന്റെ ഓഫീസിനോട് സാമ്യമുള്ളതായിരുന്നു. ഈ ഓഫീസുകൾ ഉപയോഗിച്ചു നവാബും ബ്രിട്ടീഷുകാരും പെട്ടെന്ന് ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് പണം കൈമാറാൻ തുടങ്ങി. താമസിയാതെ, മണിക് ചന്ദ് നികുതി ശേഖരിക്കാനും, നവാബിന്റെ ട്രഷററായി പ്രവർത്തിക്കാനും ആരംഭിച്ചു.  

പോർച്ചുഗീസ്, ഫ്രഞ്ച്, ബ്രിട്ടീഷ് കൊളോണിയൽ ശക്തികൾക്ക് ഇന്ത്യയിലെ ചെറിയ രാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്യാൻ ആവശ്യമുള്ള പണം വായ്പയായി നൽകിയതും ഈ കുടുംബമാണ് എന്ന് പറയുന്നു. മണിക് ചന്ദിന്റെ ദത്തുപുത്രനായ ഫത്തേ ചന്ദ് ആയിരുന്നു കുടുംബത്തിന്റെ സമ്പത്തും സ്വാധീനവും വാനോളം ഉയർത്തിയത്. 'ജഗത് സേത്ത്' എന്ന പദവിയും അദ്ദേഹത്തിന് ലഭിച്ചു. പണവും, സ്വർണവും വിൽക്കുകയും വാങ്ങുകയും ചെയ്യുന്നത്, വിദേശവ്യാപാരികളുമായുള്ള ഇടപാട്, വിനിമയ നിരക്ക് നിയന്ത്രിക്കൽ, ചക്രവർത്തിമാർക്കും ജമീന്ദർമാർക്കും വായ്പ നൽകൽ തുടങ്ങി ജഗത് സേട്ടിന്റെ ഭവനം ഒരു സെൻട്രൽ ബാങ്കിൽ കുറവായിരുന്നില്ല.

പ്ലാസിയിലെ ബ്രിട്ടീഷ് വിജയമാണ് ജഗത് സേത്ത് കുടുംബത്തിന്റെ അന്ത്യത്തിന്റെ തുടക്കം കുറിക്കുന്നത്. പ്ലാസി യുദ്ധത്തിനു ശേഷം മിർ ജാഫർ പുതിയ നവാബായി. 1763 -ൽ ഏറ്റവും പ്രമുഖരായ അംഗങ്ങളായ സേത്ത് മാധബ് റായ്, അദ്ദേഹത്തിന്റെ ബന്ധു സ്വരൂപ് ചന്ദ് എന്നിവരുൾപ്പെടെ നിരവധി കുടുംബാംഗങ്ങളെ അദ്ദേഹം കൊലപ്പെടുത്തി. അവരുടെ മൃതദേഹങ്ങൾ മുൻഗർ കോട്ടയുടെ മുകളിൽ നിന്ന് വലിച്ചെറിഞ്ഞു.

ഇതോടെ അവരുടെ സാമ്രാജ്യം തകരാൻ തുടങ്ങി. അവരുടെ ഉടമസ്ഥതയിലുള്ള ഭൂരിഭാഗം ഭൂമിയുടെയും നിയന്ത്രണം അവർക്ക് നഷ്ടപ്പെട്ടു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി അവരിൽ നിന്ന് കടം വാങ്ങിയ പണം ഒരിക്കലും തിരിച്ചടച്ചില്ല. 1857 -ലെ കലാപത്തോടെ അവർ പൂർണ്ണമായും തകർന്നു. 1900 -കളോടെ കുടുംബം പൊതുസമൂഹത്തിൽ നിന്ന് അപ്രത്യക്ഷമായി. മുർഷിദാബാദിലുള്ള ജഗത് സേത്തിന്റെ വീട് ഇപ്പോൾ ഒരു മ്യൂസിയമാക്കി മാറ്റിയിരിക്കയാണ്.   

PREV
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്