2018 -ൽ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് വിരുദ്ധ പ്രതിഷേധങ്ങളെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട അക്രമത്തെക്കുറിച്ച് അന്വേഷിച്ചത് ജസ്റ്റിസ് അരുണ ജഗദീശൻ നേതൃത്വം നൽകിയ കമ്മീഷനാണ്.
തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌യുടെ പ്രചാരണ പരിപാടിക്കിടെ വലിയ ദുരന്തമാണ് കരൂറിലുണ്ടായത്. തിക്കിലും തിരക്കിലുമുണ്ടായ ദുരന്തത്തിൽ മരണസംഖ്യ 41 ആണെന്ന് കണക്കുകൾ പറയുമ്പോൾ ഇപ്പോഴും ആ ദുരന്തത്തിന്റെ ഞെട്ടലിൽ നിന്നും മുക്തരായിട്ടില്ല ജനങ്ങൾ. ദുരന്തത്തെ കുറിച്ചുള്ള അന്വേഷണത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ ഒരു കമ്മീഷനെ നിയമിച്ചിരിക്കയാണ്. വിരമിച്ച ജസ്റ്റിസ് അരുണ ജഗദീശനാണ് കമ്മീഷന്റെ അധ്യക്ഷ. അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
ആരാണ് ജസ്റ്റിസ് അരുണ ജഗദീശൻ
മദ്രാസ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയാണ് ജസ്റ്റിസ് അരുണ ജഗദീശൻ.
2009 മുതൽ 2015 -ൽ വിരമിക്കുന്നതുവരെ മദ്രാസ് ഹൈക്കോടതിയിൽ ജഡ്ജിയായി സേവനമനുഷ്ഠിച്ചു.
തമിഴ്‌നാട്ടിലെ അനേകം പ്രധാനപ്പെട്ട അന്വേഷണ കമ്മീഷനുകൾക്ക് അരുണ ജഗദീശൻ നേതൃത്വം നൽകിയിട്ടുണ്ട്.
2018 -ൽ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് വിരുദ്ധ പ്രതിഷേധങ്ങളെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട അക്രമത്തെക്കുറിച്ച് അന്വേഷിച്ചത് ജസ്റ്റിസ് അരുണ ജഗദീശൻ നേതൃത്വം നൽകിയ കമ്മീഷനാണ്. സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റിനെതിരെ സംഘടിച്ച പ്രതിഷേധക്കാർക്ക് നേരെ പൊലീസ് നടത്തിയ വെടിവയ്പ്പിൽ 13 പേരാണ് അന്ന് മരിച്ചത്. ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 17 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനായിരുന്നു കമ്മീഷന്റെ ശുപാർശ.
ബാങ്ക് കവർച്ചക്കാരെന്ന് സംശയിക്കുന്ന അഞ്ച് പേരെ കൊലപ്പെടുത്തിയ വേലച്ചേരിയിലെ വ്യാജ ഏറ്റുമുട്ടലിൽ 2015 ഫെബ്രുവരിയിൽ ചെന്നൈ പൊലീസിന് ക്ലീൻ ചിറ്റ് നൽകിയ ബെഞ്ചിലും ജസ്റ്റിസ് അരുണ ജഗദീശൻ ഭാഗമായിരുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെയും കൂട്ടാളികളുടെയും സ്വത്തുമായി ബന്ധപ്പെട്ട കേസുകളും ജസ്റ്റിസ് അരുണ ജഗദീശനാണ് അന്വേഷിച്ചത്.