
അഞ്ച് പതിറ്റാണ്ടുകാലം കേരളത്തിന്റെ കലയെയും സംസ്‌കാരത്തെയും സ്നേഹിക്കുകയും അത് ലോകത്തിന് മുന്നിലെത്തിക്കുകയും ചെയ്ത പ്രശസ്ത എഴുത്തുകാരിയും ഫോട്ടോഗ്രാഫറുമായ പെപ്പിത സേത്തിന് ഒടുവിൽ ഇന്ത്യൻ പൗരത്വം ലഭിച്ച വാർത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. ആരാണ് പെപിത സേത്ത്? ബ്രിട്ടീഷ് വംശജയായ ഇവർ 2024 -ലാണ് പൗരത്വത്തിനായി അപേക്ഷ സമർപ്പിച്ചത്. ഇടുക്കി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനിൽ നിന്നും അവർ പൗരത്വ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. "കഴിഞ്ഞ 50 വർഷത്തിലേറെയായി അവർ ഇവിടെ താമസിക്കുന്നു. നാച്ചുറലൈസേഷൻ വഴിയാണ് അവർക്ക് പൗരത്വം ലഭിച്ചിരിക്കുന്നത്" എന്ന് കളക്ടർ ചടങ്ങിൽ വ്യക്തമാക്കി.
യുകെയിൽ ജനിച്ചു വളർന്ന പെപിതയ്ക്ക് യാത്രകളോടുള്ള താല്പര്യമാണ് അവരെ ഇന്ത്യയിലെത്തിച്ചത്. ആദ്യം ഡൽഹിയിലെത്തുകയും പിന്നീട് മുംബൈ ഉൾപ്പെടെയുള്ള നഗരങ്ങൾ സന്ദർശിക്കുകയും ചെയ്തു. എന്നാൽ, കേരളത്തിലെത്തിയതോടെ ഈ നാടിന്റെ സംസ്‌കാരവും ജനങ്ങളും അവരെ വല്ലാതെ ആകർഷിച്ചു. കഥകളി കാണാനെത്തിയ പെപിത പിന്നീട് വടക്കൻ കേരളത്തിലെ തെയ്യങ്ങളിലേക്കും മേളങ്ങളിലേക്കും ഉത്രാളിക്കാവ് പൂരം പോലുള്ള ഉത്സവങ്ങളിലേക്കും ശ്രദ്ധ തിരിച്ചു.
കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിനെയാണ് അവർ തന്റെ പ്രവർത്തന കേന്ദ്രമായി തിരഞ്ഞെടുത്തത്. കഴിഞ്ഞ 12 വർഷമായി തൃശ്ശൂരിലെ ഫ്ലാറ്റിലാണ് അവർ താമസം. വടക്കൻ കേരളത്തിലെ അനുഷ്ഠാന കലയായ തെയ്യത്തെ കുറിച്ച് ആഴത്തിൽ പഠിക്കുകയും നിരവധി ഫോട്ടോഗ്രാഫുകൾ എടുക്കുകയും ചെയ്ത പെപിത, തെയ്യത്തെ ആസ്പദമാക്കി ശ്രദ്ധേയമായ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കലാരംഗത്തെ ഈ സമഗ്ര സംഭാവനകൾ മുൻനിർത്തി 2012 -ൽ രാജ്യം അവർക്ക് പത്മശ്രീ നൽകി ആദരിച്ചു.
"ഞാൻ ഇവിടെയായിരിക്കുന്നതിൽ സന്തോഷവതിയാണ്, ഇന്ത്യൻ പൗരത്വമെന്നത് എന്റെ വലിയൊരു സ്വപ്നമായിരുന്നു" എന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയ ശേഷം അവർ പറഞ്ഞു.