കോഴികളെന്തിനാണ് കല്ല് കൊത്തിത്തിന്നുന്നത്? കോഴികള്‍ക്ക് തൈര് കൊടുക്കാമോ?

By Nitha S VFirst Published Dec 19, 2019, 3:41 PM IST
Highlights

ദഹനപ്രക്രിയ സുഗമമാക്കാനാണ് തൈര് കഴിക്കുന്നതെന്ന് നാടന്‍കോഴിക്കര്‍ഷകരോട് പറഞ്ഞുനോക്കൂ. കോഴി എന്തുകഴിച്ചാലും പെട്ടെന്ന് ദഹിക്കുന്ന പക്ഷിയാണെന്നേ അവര്‍ പറയൂ. പയറും ഗോതമ്പും ധാന്യമണികളും എന്നുവേണ്ട കട്ടികൂടിയ എന്തും അകത്താക്കുന്ന ഇവര്‍ക്ക് എന്ത് ദഹനപ്രശ്‌നം?

അടുത്തകാലത്തായി കണ്ടുവരുന്ന ഒരു പ്രവണതയാണ് കോഴികള്‍ക്ക് തൈര് കൊടുക്കുക എന്നത്. കൂടുതല്‍ മുട്ട കിട്ടുമെന്നോ, കോഴിയിലെ ദഹനപ്രക്രിയ എളുപ്പമാകുമെന്നോ ഒക്കെയുള്ള ചിന്തകളാണ് ഇതിന് പിന്നില്‍? എന്നാല്‍ ഇതിലെന്തെങ്കിലും വാസ്‍തവമുണ്ടോ? 

പകല്‍ സമയത്ത് കൂട് തുറന്നുവിട്ടാല്‍ പറമ്പില്‍ കൊത്തിപ്പെറുക്കുന്ന കോഴികള്‍ക്ക് മൃഷ്ടാന്ന ഭക്ഷണം കിട്ടുമല്ലോ. ആരെങ്കിലും കോഴികള്‍ക്ക് സമീകൃതാഹാരം നല്‍കാനൊക്കെ മെനക്കെടുമോ? അടുക്കളയില്‍ നിന്ന് വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളും മണ്ണിലെ പ്രാണികളും പിന്നെ വല്ല മണ്ണിരയെയും കണ്ടാല്‍ അതും ആഹാരമാക്കുന്ന കോഴികള്‍ക്ക് ഇനി തൈരും കൂടി കൊടുത്താല്‍ മുട്ട ധാരാളം തരുമോ?

 

തൈര് കുടിച്ച കോഴികള്‍ തരുന്ന മുട്ടയുടെ എണ്ണവും തൈര് കുടിക്കാത്ത കോഴികള്‍ തരുന്ന മുട്ടയുടെ എണ്ണവും തമ്മില്‍ വ്യത്യാസമുണ്ടോ? ഇതിന്റെയൊന്നും കണക്കുകള്‍ ആരുടെയും കൈയിലില്ല. എന്നിരുന്നാലും ഇതൊക്കെ ഒരു വിശ്വാസമല്ലേ. വാസ്തവത്തില്‍ ഈ തൈര് ഇത്ര കേമന്‍ ആണോ? സംഗതി ശരിയാണോന്നറിയാന്‍ കോഴി വളര്‍ത്തിയവരോട് തന്നെ ചോദിക്കണമല്ലോ. നമ്മുടെ നാടന്‍കോഴികളെ വളര്‍ത്തുന്ന നല്ല നാടന്‍കോഴിക്കര്‍ഷകര്‍ ഈ വിദ്യയെപ്പറ്റി കേട്ടിട്ടുപോലുമില്ല. തൈര് കഴിച്ചാല്‍ കൊഴുപ്പ് കൂടി കോഴി ചത്തുപോകില്ലേ എന്ന് ചിന്തിക്കുന്നവരും ഉണ്ട്.

ദഹനപ്രക്രിയ സുഗമമാക്കാനാണ് തൈര് കഴിക്കുന്നതെന്ന് നാടന്‍കോഴിക്കര്‍ഷകരോട് പറഞ്ഞുനോക്കൂ. കോഴി എന്തുകഴിച്ചാലും പെട്ടെന്ന് ദഹിക്കുന്ന പക്ഷിയാണെന്നേ അവര്‍ പറയൂ. പയറും ഗോതമ്പും ധാന്യമണികളും എന്നുവേണ്ട കട്ടികൂടിയ എന്തും അകത്താക്കുന്ന ഇവര്‍ക്ക് എന്ത് ദഹനപ്രശ്‌നം?

കോഴി കല്ല് കഴിക്കുന്നത് എന്തിന്?

കോഴിയെ വളര്‍ത്തി അനുഭവസമ്പത്തുള്ള കര്‍ഷകന്‍ കുരീപ്പുഴക്കാരനായ ജോണ്‍സണ്‍ പറയുന്നത് വാസ്തവമല്ലേ? ' കോഴി കല്ല് കൊത്തിക്കഴിക്കുമ്പോള്‍ ആമാശയത്തിന്റെ സങ്കോചവും വികാസവും കാരണം കല്ലുകള്‍ തമ്മില്‍ ഉരസും. അപ്പോള്‍ ദഹിക്കാതെ വരുന്ന ഭക്ഷണം പെട്ടെന്ന് പൊടിഞ്ഞുപോകും. അതിനുവേണ്ടിയാണ് കോഴികള്‍ കല്ല് കൊത്തിപ്പെറുക്കുന്നത്'. പിന്നെന്തിനാണ് ദഹനപ്രശ്‌നത്തിന് തൈര് കൊടുക്കുന്നതെന്ന് ചോദിച്ചാല്‍ ഉത്തരമുണ്ടോ?

പിന്നെ പെട്ടെന്ന് ദഹിക്കാനാണ് അവ പുല്ല് കൊത്തിക്കഴിക്കുന്നത്. പച്ചപ്പുല്ലും വെള്ളവും കൊടുത്താല്‍ പശുക്കള്‍ക്ക് പാല്‍ കിട്ടുന്നത് പോലെത്തന്നെയാണ് കോഴികള്‍ക്ക് നല്ല പോഷകങ്ങള്‍ കൊടുത്താല്‍ മുട്ട കിട്ടുന്നതെന്നും എന്നതാണ് ജോണ്‍സന്റെ അഭിപ്രായം.

'നമ്മള്‍ കോഴിക്ക് കൂടുതല്‍ ഭക്ഷണം കൊടുത്താല്‍ ആവശ്യമുള്ളത് മാത്രമേ അവ സ്വീകരിക്കുകയുള്ളു. ബാക്കിയുള്ളത് വിസര്‍ജ്ജനത്തിലൂടെ കളയും. അല്ലാതെ നാടന്‍ കോഴികളില്‍ ഇറച്ചിയായി മാറ്റപ്പെടില്ല. എന്നാല്‍ ബ്രോയിലര്‍ കോഴികളില്‍ നിങ്ങള്‍ എന്ത് ഭക്ഷണം കൊടുത്താലും 45 മുതല്‍ 50 ദിവസത്തിനുള്ളില്‍ നല്ല ഇറച്ചിയായി മാറും.' ജോണ്‍സണ്‍ നാടന്‍കോഴികളെ വളര്‍ത്തിയ അനുഭവത്തില്‍ നിന്നാണ് പറയുന്നത്.

കോഴിക്ക് തൈര് നല്‍കാം

മൃഗസംരക്ഷണ വകുപ്പിലെ സീനിയര്‍ വെറ്ററിനറി സര്‍ജനായ ഡോ.അജിത് ബാബു പറയുന്നത് ഇതാണ്, ' കോഴിക്ക് തൈര് നല്‍കാറുണ്ട്. അതില്‍ തെറ്റില്ല. ചൂട് കൂടുതലുള്ള സമയത്ത് കോഴിഫാമുകളില്‍ തൈര് നല്‍കുന്നത് കാണാറുണ്ട്. യഥാര്‍ഥത്തില്‍ പ്രോട്ടീന്‍ സപ്ലിമെന്റ് ആണല്ലോ തൈര്. പക്ഷേ തൈര് കൊടുക്കുന്നതുകൊണ്ട് മുട്ട കൂടുതല്‍ കിട്ടുമെന്നത് ശരിയല്ല'

 

അതുപോലെ തന്നെ വെറ്ററിനറി ഡോക്ടറായ ഡോ.മുഹമ്മദ് ആസിഫും പറയുന്നത് ഇതാണ് ' തൈര് പ്രോബയോട്ടിക് ആണ്. പച്ചപ്പുല്ല് കഷണങ്ങളാക്കിക്കൊടുക്കുമ്പോള്‍ കൂടെ തൈര് കൊടുക്കുന്നവരുണ്ട്. പക്ഷേ മുട്ട ഉത്പാദനം കൂടുമെന്നത് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.'

തീറ്റയില്‍ അല്‍പ്പം കാര്യം

കോഴിയെ വെറുതെ കൂട് തുറന്ന് മുറ്റത്തേക്കും പറമ്പിലേക്കും ഇറക്കിവിടുകയാണോ നിങ്ങള്‍ ചെയ്യുന്നത്? നാം വീട്ടുവളപ്പില്‍ അഴിച്ചുവിട്ടു വളര്‍ത്തുന്ന കോഴികളെ തീറ്റ ശേഖരിക്കാന്‍ പഠിപ്പിക്കണമല്ലോ. ആദ്യം കോഴിയെ കൂട് തുറന്ന് വിട്ട് കുറച്ച് കൈതീറ്റ അവിടെയെല്ലാം വിതറിക്കൊടുക്കുക. പിന്നീട് അല്‍പം ദൂരേയ്ക്ക് വിതറിക്കൊടുക്കുക. അങ്ങനെ അങ്ങനെ വീട്ടില്‍ ബാക്കി വരുന്ന ഭക്ഷണാവശിഷ്ടങ്ങളും കഴിക്കാന്‍ നമ്മള്‍ പഠിപ്പിക്കുന്നു.

സാധാരണ മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ക്ക് 8 ആഴ്ച വരെയുള്ളപ്പോള്‍ നല്‍കുന്ന സമീകൃത തീറ്റയാണ് സ്റ്റാര്‍ട്ടര്‍ തീറ്റ. സ്റ്റാര്‍ട്ടര്‍ തീറ്റയില്‍ 20 ശതമാനം പ്രോട്ടീന്‍ അഥവാ മാംസ്യം ഉണ്ടായിരിക്കണം. യഥാര്‍ഥത്തില്‍ കോഴികള്‍ എന്തും വലിച്ചുവാരി കൊത്തിപ്പെറുക്കി തിന്ന് മുട്ട തരുന്നതല്ല. കൃത്യമായ അളവില്‍ പോഷകാഹാരം അവയ്ക്കും ആവശ്യമുണ്ട്.

മഞ്ഞച്ചോളം, കടലപ്പിണ്ണാക്ക്, എള്ളിന്‍ പിണ്ണാക്ക്, ഉണക്കക്കപ്പ, ഗോതമ്പ്, നുറുക്ക് അരി, ഉപ്പില്ലാത്ത ഉണക്ക മീന്‍, ധാതുലവണ മിശ്രിതം എന്നിവയെല്ലാം വേണ്ടുന്ന അളവില്‍ ചേര്‍ത്തു പൊടിച്ചതാണ് ഈ പ്രായത്തില്‍ നല്‍കുന്ന സമീകൃത തീറ്റ.

ഈ കോഴിക്കുഞ്ഞുങ്ങള്‍ക്ക് 8 ആഴ്ച പ്രായമായാല്‍ ഒന്നര കി.ഗ്രാം തീറ്റ വേണം. പിന്നെ 9 ആഴ്ച മുതല്‍ 19 ആഴ്ച വരെയുള്ള സമയത്താണ് കോഴികള്‍ നന്നായി വളരുന്നത്. ഈ പ്രായത്തില്‍ നല്‍കുന്ന തീറ്റയാണ് ഗ്രോവര്‍ തീറ്റ. ഇതിലും 16 ശതമാനം മാംസ്യം അടങ്ങിയിരിക്കുന്നു. ഈ കാലയളവില്‍ ഒരു കോഴിക്ക് ഏകദേശം 6 കി.ഗ്രാം തീറ്റ വേണം.

വാദഗതികള്‍ എന്തായാലും പെട്ടെന്ന് മുട്ടയുത്പാദനം കൂട്ടാന്‍ എന്തും പരീക്ഷിക്കുന്ന രീതി ശരിയല്ല. കോഴി നമ്മുടെ അടുക്കളമുറ്റത്തെ കോഴിയായിരിക്കുന്നിടത്തോളം കാലം അവ സ്വൈര്യമായി ജീവിക്കട്ടെ. പൊന്‍മുട്ടയിടുന്ന താറാവിന്റെ അവസ്ഥ ഉണ്ടാക്കാതിരിക്കുന്നതല്ലേ ബുദ്ധി.


 

click me!