കെജ്‌രിവാൾ മന്ത്രിസഭയിൽ വനിതകൾക്ക് സ്ഥാനമില്ലേ? ആതിഷി മാർലേനയെ അവഗണിച്ചതെന്തിന്?

By Web TeamFirst Published Feb 17, 2020, 12:39 PM IST
Highlights

'ആം ആദ്മി പാർട്ടി മുന്നോട്ടുവെക്കുന്നത് പഴഞ്ചൻ ഫോർമുലാ രാഷ്ട്രീയമല്ല' എന്നൊക്കെ നാഴികയ്ക്ക് നാല്പതുവട്ടം വീമ്പടിക്കുന്ന കെജ്‌രിവാൾ മന്ത്രിസഭ രൂപീകരിച്ചപ്പോൾ സ്ത്രീകളെ പാടെ തഴഞ്ഞതിൽ വ്യാപകമായ രോഷമുയരുന്നുണ്ട്.

ആം ആദ്മി പാർട്ടി ദില്ലി നിയമസഭാതെരഞ്ഞെടുപ്പിൽ 70 -ൽ 62 സീറ്റിലും ജയിച്ചു കയറിയതിനു പിന്നിൽ രണ്ടു ഘടകങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. ഒന്ന്, സംസ്ഥാനത്തെ വനിതാ വോട്ടർമാർ പാർട്ടിക്ക് നൽകിയ അകമഴിഞ്ഞ പിന്തുണ. രണ്ട്, പാർട്ടിയുടെ വനിതാ സ്ഥാനാർത്ഥികൾ നടത്തിയ ഉജ്ജ്വല പ്രകടനം. ഇത്തവണ നടന്ന തെരഞ്ഞെടുപ്പിൽ ദില്ലിയിലെ വനിതാ വോട്ടർമാർ ആം ആദ്മി പാർട്ടിക്ക് നൽകിയ പിന്തുണ കഴിഞ്ഞ തവണത്തേക്കാൾ എത്രയോ അധികമാണെന്നാണ് ഇന്ത്യൻ എക്സ്പ്രസിൽ പ്രസിദ്ധപ്പെടുത്തിയ CSDS സർവേ സൂചിപ്പിക്കുന്നത്.

2015 -ൽ പാർട്ടി രംഗത്തിറക്കിയത് ആറു വനിതാ സ്ഥാനാർത്ഥികളെ ആയിരുന്നു. അവർ ആറുപേരും ജയിച്ചുകേറിയിരുന്നു. 2020 ആയപ്പോഴേക്കും വനിതാ സ്ഥാനാർത്ഥികളുടെ എണ്ണം ഒമ്പതായി ഉയർന്നിരുന്നു, അതിൽ എട്ടുപേരെയും ജയിപ്പിച്ചെടുക്കാൻ പാർട്ടിക്ക് സാധിക്കുകയും ചെയ്തു. എന്നിട്ടും, കെജ്‌രിവാളിന്റെ ഏഴംഗ മന്ത്രിസഭയിൽ ഒരു വനിതാമന്ത്രി പോലും ഇല്ലാതെ പോയത് സ്ത്രീപക്ഷത്തെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. ഇതേപ്പറ്റി ചോദിച്ചപ്പോൾ, അത് പാർട്ടി നേതാവ് കെജ്‌രിവാളിന്റെ  തീരുമാനമാണ് എന്ന് പറഞ്ഞുകൊണ്ട് ഒഴിഞ്ഞു മാറുകയാണ് മനീഷ് സിസോദിയ ചെയ്തത്. സാമൂഹ്യമാധ്യമങ്ങളിൽ ഈ ഒരു കാര്യം ചൂണ്ടിക്കാട്ടി കെജ്‌രിവാളിനെതിരെ കടുത്ത വിമർശനങ്ങൾ നടക്കുന്നുണ്ട്. 

ആതിഷി മാർലേനയെ തഴഞ്ഞതിൽ വ്യാപകപ്രതിഷേധം 

വളരെയധികം വിദ്യാഭ്യാസ യോഗ്യതയുള്ള ആതിഷി മാർലേന എന്ന നയതന്ത്രജ്ഞ ജയിച്ചു കയറിയിട്ടും അവർക്ക് ഒരു മന്ത്രിസ്ഥാനം നൽകാതെ പോയതിൽ പലർക്കും നിരാശയുണ്ട്. യോഗ്യതയുടെ അടിസ്ഥാനത്തിലാകും വകുപ്പുകളുടെ വിതരണം എന്ന് കെജ്‌രിവാൾ മുമ്പ് പറഞ്ഞിരുന്നു. "മന്ത്രിയാകാൻ യോഗ്യതയുള്ള ഒരു സ്ത്രീ എംഎൽഎയും ഇല്ലാത്തതാണോ, അതോ സ്ത്രീകളെ മന്ത്രിയാക്കാൻ കൊള്ളില്ലെന്ന് പാർട്ടി കരുതുന്നതാണോ, എന്താണ് നിങ്ങളുടെ ശരിക്കുള്ള പ്രശ്നം?" എന്ന് ദില്ലി സർവകലാശാലയിലെ പ്രൊഫസർ ഡോ. ചയനിക ഉനിയാൾ ട്വീറ്റ് ചെയ്തു. 

 

As ji used to claim- distribution of ministries on merits. Don't they have any meritorious or they don't believe do have merits. https://t.co/B1JRZe11rx

— Dr.Chayanika Uniyal (@dr_chayanika)

പാര്‍ട്ടിയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു എപ്പോഴും ആതിഷി. പക്വതയാര്‍ന്ന അവരുടെ സംസാരശൈലിയും മറ്റും എല്ലാവരെയും ആകര്‍ഷിച്ചിരുന്നു. യോഗേന്ദ്ര യാദവിന്‍റെ നേതൃത്വത്തിൽ ആം ആദ്‍മി പാർട്ടിയുടെ ആദ്യ പ്രകടനപത്രിക തയ്യാറാക്കിയത് ആതിഷിയായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തക എന്നതിലുപരി വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍ക്കൂടി പ്രസിദ്ധയാണ് ആതിഷി മര്‍ലേന എന്ന ആതിഷി. 2001 -ലാണ് ആതിഷി ദൽഹി സെന്റ് സ്റ്റീഫൻ കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദം നേടുന്നത്. സർവകലാശാലയിലെ ഒന്നാം റാങ്കുകാരിയായിരുന്നു അവരന്ന്. ചരിത്രത്തില്‍ ബിരുദാനന്തര ബിരുദമെടുക്കുന്നത് ഓക്സ്ഫോഡ് സർവകലാശാലയില്‍നിന്നും. 2003 -ൽ സ്കോളർഷിപ്പോടെയായിരുന്നു ആതിഷി ഓക്സ്ഫോഡില്‍ തന്‍റെ പഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് ഓക്സ്ഫോഡിൽതന്നെ ഗവേഷകയായും പ്രവർത്തിച്ചിട്ടുണ്ട്.  

വിദ്യാഭ്യാസമേഖലയിലെ ആതിഷിയുടെ ശ്രദ്ധേയമായ പ്രവര്‍ത്തനം

കഴിഞ്ഞ കുറച്ചു നാളുകളായി വിദ്യാഭ്യാസ മേഖലയിൽ ഡൽഹിയിലെ സർക്കാർ സ്‍കൂളുകൾ കൈവരിച്ച വിപ്ലവകരമായ നേട്ടങ്ങളുടെ പിന്നിൽ പ്രവർത്തിച്ച കരുത്തായിരുന്നു ആതിഷി. ദില്ലിയിലെ വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയയുടെ ഉപദേശകയായിരുന്നു അവർ. അവരുടെ നേതൃത്വത്തിൽ സർക്കാർ സ്‍കൂളുകൾ ദേശീയ പരീക്ഷകളിൽ സ്വകാര്യ സ്‍കൂളുകളേക്കാൾ മികച്ച ഫലങ്ങൾ നേടുകയുണ്ടായി. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനായി അവരുടെ മേൽനോട്ടത്തിൽ 8,000 പുതിയ ക്ലാസ് മുറികൾ നിർമ്മിക്കപ്പെട്ടു. എല്ലാ സ്‍കൂളുകളിലും ആദ്യമായി രക്ഷാകർതൃ-അധ്യാപക യോഗങ്ങൾ നടന്നു. അവരുടെ പ്രവർത്തങ്ങൾ എല്ലാവരിലും മതിപ്പുളവാക്കി.  

 

Where are the women representatives ? https://t.co/mt8QaOmGOi

— Faye DSouza (@fayedsouza)

ആം ആദ്മി പാർട്ടിയുടെ വിശദീകരണം 

ഈ വിഷയത്തിൽ ആം ആദ്മി പാർട്ടിയുടെ നേതാവ് അങ്കിത് ലാലിന്റെ വിശദീകരണം ഇങ്ങനെ, "പാർട്ടിയിൽ മന്ത്രിതലത്തിൽ മാത്രമല്ല, എല്ലാ തലത്തിലും വനിതകളിൽ നിന്നുള്ള സഹകരണം അത്യന്താപേക്ഷിതമാണ്. അതിൽ ഒരു സംശയവുമില്ല. തെരഞ്ഞെടുപ്പിൽ ജയിച്ചുവന്ന എല്ലാ വനിതകൾക്കും വരും ദിവസങ്ങളിൽ ഗവൺമെന്റിൽ കാര്യമായ പങ്കുണ്ടാകും. ഭരണത്തിൽ പങ്കുചേരുക എന്നുപറഞ്ഞാൽ മന്ത്രിയാവുക എന്നതുമാത്രമല്ല, സുപ്രധാനമായ നിരവധി റോളുകൾ അവർക്ക് വേറെയും ഏറ്റെടുക്കാനുണ്ട്. എന്തായാലും ഇപ്പോൾ പ്രഖ്യാപിച്ച പോലെ കുറച്ചുനാൾ പോകട്ടെ. വേണമെങ്കിൽ കുറച്ചു നാൾ കഴിഞ്ഞ് പുനഃസംഘടനയെപ്പറ്റിയൊക്കെ ആലോചിക്കാവുന്നതാണ്" 

ആം ആദ്മി പാർട്ടി മുന്നോട്ടുവെക്കുന്നത് പഴഞ്ചൻ ഫോർമുലാ രാഷ്ട്രീയമല്ല എന്നും, അത് നവോത്ഥാനമൂല്യങ്ങൾ മുന്നോട്ടുവെക്കുന്ന, കാര്യക്ഷമതയുടെ രാഷ്ട്രീയമാണ് എന്നുമൊക്കെ നാഴികയ്ക്ക് നാല്പതുവട്ടം ആവർത്തിക്കുന്ന കെജ്‌രിവാളില്‍ നിന്ന് ഇങ്ങനെ സ്ത്രീകളെ അവഗണിക്കുന്ന നടപടി ഉണ്ടായതിലുള്ള രോഷം സോഷ്യൽ മീഡിയയിൽ പരക്കെ പ്രകടിപ്പിക്കപ്പെടുന്നുണ്ട്. ദീർഘകാലം ആം ആദ്മി പാർട്ടിയോട് ചേർന്നുനിന്ന, അതിന്റെ പേരിൽ വ്യക്തിപരമായ ആക്രമണങ്ങൾക്കു പോലും വിധേയയായ ആതിഷിയോട് ഇങ്ങനെ നന്ദികേട് കാണിക്കാൻ പാടില്ലായിരുന്നു എന്നും ചില പോസ്റ്റുകളിൽ പറയുന്നുണ്ട്. എന്തായാലും,  അരവിന്ദ് കെജ്‌രിവാളിന്റെ മന്ത്രിസഭയിൽ തൽക്കാലമുള്ളത് പഴയ മുഖങ്ങൾ തന്നെയാണ്. തനിക്ക് കൂടെ പ്രവർത്തിച്ചു പരിചയമുള്ള മന്ത്രിമാരിൽ നിന്ന് മാറി, പുതിയൊരു മുഖമായ ആതിഷിയെ മന്ത്രിസഭയിലുൾപ്പെടുത്തി ഇപ്പോഴുള്ള സംതുലനം കൈവിടേണ്ട എന്നാകും കെജ്‌രിവാൾ കരുതിയിട്ടുണ്ടാവുക. എന്നാലും ഇത്രയും പ്രതിഷേധങ്ങൾ ആതിഷിക്കുവേണ്ടി ഉയർന്നുവരുന്ന സ്ഥിതിക്ക് അടുത്ത മന്ത്രിസഭാ പുനസ്സംഘടനയിലെങ്കിലും അവരെ ഉൾപ്പെടുത്തും എന്ന് പ്രതീക്ഷിക്കാം.  

click me!