'തെറാപ്പിക്ക് 1,500 രൂപ കളയുന്നതിലും ഭേദം ആ പൈസയ്ക്ക് ഷോപ്പിംഗ് നടത്തുന്നത്'; ഇന്നുമുണ്ടോ ഇങ്ങനെ ചിന്തിക്കുന്നവർ, പോസ്റ്റ്

Published : Jul 17, 2026, 09:43 AM IST
woman

Synopsis

സെൽഫ് കെയറിന് പണം ചെലവഴിക്കാൻ മടിക്കാത്തവർ പോലും മാനസികാരോഗ്യത്തിനായി പണം ചെലവഴിക്കാൻ മടിക്കുന്നതെന്തുകൊണ്ട്? ശ്രദ്ധേയമായി സൈക്കോളജി വിദ്യാർത്ഥിനിയുടെ ലിങ്ക്ഡ്ഇൻ പോസ്റ്റ്.

മാനസികാരോഗ്യത്തെ കുറിച്ച് ഇന്നും നമ്മുടെ സമൂഹത്തിന് കൃത്യമായ ഒരു ധാരണയില്ല. ചികിത്സ തേടുന്നതിനെ പോലും വളരെ മോശം കാര്യമായിട്ടാണ് പലരും കാണുന്നത്. അതുപോലെ, ഒരു സൈക്കോളജി വിദ്യാർത്ഥിനിയുടെ ലിങ്ക്ഡ്ഇൻ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. കൗൺസിലിംഗിനെക്കുറിച്ചുള്ള തെറ്റായ ധാരണകളും മറ്റും കാരണം ഇന്നും തെറാപ്പി തേടാൻ മടിക്കുന്നതിനെ കുറിച്ച് പറയുന്നതാണ് ഈ പോസ്റ്റ്. സെൽഫ് കെയറിന് പണം ചെലവഴിക്കാൻ മടിക്കാത്തവർ പോലും മാനസികാരോഗ്യത്തിനായി പണം ചെലവഴിക്കാൻ മടിക്കുന്നതെന്തുകൊണ്ടാണെന്ന ചോദ്യമാണ് പോസ്റ്റ് ഉയർത്തുന്നത്.

അനുഷ്ക ശശി രാമനാഥ് എന്ന വിദ്യാർത്ഥിനിയാണ് തനിക്ക് നേരിടേണ്ടി വന്ന ഒരു അനുഭവം പങ്കുവെച്ചുകൊണ്ട് ലിങ്ക്ഡ്ഇനിൽ ഈ കുറിപ്പ് പങ്കുവെച്ചത്. ഒപ്പമുള്ള ഒരാളോട് കൗൺസിലിംഗ് തേടാൻ നിർദ്ദേശിച്ചപ്പോൾ ലഭിച്ച മറുപടിയെ കുറിച്ചാണ് അനുഷ്ക പറയുന്നത്, 'തെറാപ്പിക്ക് 1,500 രൂപ കളയുന്നതിലും ഭേദം ആ പൈസയ്ക്ക് ഷോപ്പിംഗ് നടത്തുന്നതാണ്' എന്നായിരുന്നു ആ മറുപടി. 'അത് എന്നെ തികച്ചും അമ്പരപ്പിച്ചു കളഞ്ഞു. ഞാൻ തിരഞ്ഞെടുത്ത ഈ പഠന മേഖലയെക്കുറിച്ച് തന്നെ എനിക്ക് സംശയങ്ങൾ തോന്നി. ആളുകൾ തെറാപ്പിയെ കാണുന്നത് യഥാർത്ഥത്തിൽ ഇങ്ങനെയാണോ എന്ന് ഞാൻ ചിന്തിച്ചുപോയി' എന്നും അനുഷ്ക കുറിച്ചു.

എന്നാൽ പിന്നീട് ആ സംഭാഷണത്തെക്കുറിച്ച് ആഴത്തിൽ ആലോചിച്ചപ്പോഴാണ് അനുഷ്കയ്ക്ക് കാര്യം വ്യക്തമായത്. അത് കൗൺസിലിംഗിനോടുള്ള വിമുഖതയല്ല, മറിച്ച് തെറാപ്പിയിൽ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ചുള്ള കൃത്യമായ ധാരണയില്ലായ്മയിൽ നിന്നുണ്ടായ പ്രതികരണമാണ്. ആദ്യ സെഷനിൽ തന്നെ തങ്ങളുടെ വ്യക്തിപരമായ രഹസ്യങ്ങളെല്ലാം വെളിപ്പെടുത്തേണ്ടി വരുമെന്ന ഭയം പലരിലും കൗൺസിലിംഗിനോട് ഒരു ഭയമുണ്ടാക്കുന്നു. തങ്ങൾക്ക് അത്ര വലിയ മാനസിക സമ്മർദ്ദമില്ലെന്നും മറ്റുള്ളവർക്ക് തങ്ങളേക്കാൾ വലിയ പ്രശ്നങ്ങളുണ്ടെന്നും കരുതി പലരും പിന്നോട്ട് പോകുന്നതിന് ഇതാണ് കാരണം.

മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കുന്നത് ഇപ്പോഴും ഒരു മോശം കാര്യമായാണ് പലരും കാണുന്നത്. കഠിനമായ മാനസിക വെല്ലുവിളികൾ നേരിടുന്നവർ മാത്രം പോകേണ്ട ഒന്നാണ് തെറാപ്പി എന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ, പ്രതിസന്ധി ഘട്ടങ്ങളിൽ മാത്രമല്ല കൗൺസിലിംഗ് സഹായകരമാകുന്നത്. സ്വയം നന്നായി മനസ്സിലാക്കാനും, ജീവിതത്തിലെ മാറ്റങ്ങളെ ഉൾക്കൊള്ളാനും, ബന്ധങ്ങൾ മെച്ചപ്പെടുത്താനും, വികാരങ്ങളെ നിയന്ത്രിക്കാനും, യാതൊരുവിധ മുൻവിധികളുമില്ലാതെ സ്വന്തം ചിന്തകൾ തുറന്നുപറയാനുമുള്ള ഒരിടമാണ് തെറാപ്പി നൽകുന്നത്. മാനസികമായി പൂർണ്ണമായും തളർന്നുപോകുന്നതുവരെ സഹായം തേടാൻ ആരും കാത്തിരിക്കേണ്ടതില്ലെന്നും അനുഷ്ക കൂട്ടിച്ചേർത്തു. 'ചോദ്യം തെറാപ്പിക്ക് 1,500 രൂപയൊക്കെ വിലയുണ്ടോ എന്നതല്ല, മറിച്ച് നമ്മുടെ മാനസികാരോഗ്യത്തിന് നമ്മൾ അത്രമേൽ മൂല്യം കൽപ്പിക്കാൻ പഠിച്ചിട്ടുണ്ടോ എന്നതാണ്' എന്നും അനുഷ്ക പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

ഗർഭിണിയാണ്, ക്രാക്കേഴ്സ് കഴിച്ചോട്ടെ എന്ന് മാനേജർക്ക് മെസ്സേജയച്ചു, 3 മണിക്കൂറിനുള്ളിൽ പിരിച്ചുവിട്ടു!
ഡ്രസിംഗ് റൂമിൽ വച്ച് പീഡിപ്പിച്ചു; യുഎസ് എഴുത്തുകാരിക്ക് 54 കോടിയോളം രൂപ നഷ്ടപരിഹാരം നൽകി ട്രംപ്