ഇന്ത്യയില്‍ കണ്ടുമുട്ടി, ഡേറ്റ് ചെയ്‍തു, വിവാഹാഭ്യര്‍ത്ഥന നടത്തി; ചര്‍ച്ചില്‍ തന്‍റെ ആ കാമുകിക്ക് എഴുതിയ കത്ത്

By Web TeamFirst Published Jul 22, 2020, 3:53 PM IST
Highlights

മിക്കപ്പോഴും പമേലയും ചര്‍ച്ചിലും കണ്ടുമുട്ടാറുണ്ടായിരുന്നുവെന്നും ഇരുവരും മിക്കവാറും ഒരുമിച്ച് അത്താഴം കഴിച്ചുവെന്നും ഒരുമിച്ച് ഹൈദ്രാബാദില്‍ ആനസവാരി നടത്തിയെന്നും പറയപ്പെടുന്നു. 

ഇന്ത്യക്ക് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ അത്ര പ്രിയപ്പെട്ട പേരാകില്ല. കാരണം അയാള്‍ അത്രയേറെ ഇന്ത്യയെ വെറുക്കുകയും ഇന്ത്യക്കാരെ ദ്രോഹിക്കുകയും അപമാനിക്കുകയും ചെയ്‍തിരുന്നു. ഇപ്പോഴിതാ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ തന്‍റെ പ്രണയിനിക്കെഴുതിയ ഒരു കത്ത് വെളിച്ചത്ത് വന്നിരിക്കുന്നു. ഏതായാലും ആ പ്രണയത്തിന്‍റെ ബാക്ക്ഗ്രൗണ്ടില്‍ ഇന്ത്യയുണ്ട്. ഇന്ത്യയില്‍ വച്ചാണ് ഇരുവരും സ്നേഹത്തിലാവുന്നത്.

1896 -ല്‍ ഇന്ത്യയില്‍ വെച്ചാണ് 22 -കാരനായ ചര്‍ച്ചില്‍, പമേല ബള്‍വര്‍ ലിട്ടണെ കണ്ടുമുട്ടുന്നത്. 1896 ഒക്ടോബര്‍ 26 -ന് തന്‍റെ അമ്മക്കെഴുതിയ കത്തില്‍ 'താന്‍ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി' എന്നാണ് പമേലയെ കുറിച്ച് ചര്‍ച്ചില്‍ എഴുതിയിരിക്കുന്നത്. ഒരുപാട് വര്‍ഷങ്ങള്‍ അവര്‍ ഡേറ്റ് ചെയ്‍തു. അദ്ദേഹം അവളോട് വിവാഹാഭ്യര്‍ത്ഥന നടത്തി. എന്നാല്‍, അവള്‍ അത് നിരസിക്കുകയായിരുന്നു.

എന്നാല്‍, പുതുതായി പുറത്തുവന്ന ഈ കത്ത് വെളിപ്പെടുത്തുന്നത് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനുശേഷം, അറുപത് വര്‍ഷത്തിനിപ്പുറവും അവര്‍ നല്ല സുഹൃത്തുക്കളായിരുന്നു എന്നാണ്. 1957 ജൂലൈ 13 എന്നാണ് കത്തിലെ തീയതി നല്‍കിയിരിക്കുന്നത്. 'ഡിയര്‍ പമേല' എന്നാണ് എഴുത്ത് തുടങ്ങുന്നത്. അവസാനിക്കുന്നത് 'ഒരു സുഹൃത്തെന്ന നിലയില്‍ നിങ്ങളൊരു അത്ഭുതമാണ്, എല്ലാ സ്നേഹത്തോടെയും...' എന്നാണ്.

രണ്ടാം ലോക മഹായുദ്ധത്ത് തന്‍റെ സയന്‍റിഫിക് അഡ്വൈസറായിരുന്ന ബ്രിട്ടീഷ് ഫിസിസ്റ്റ് ഫ്രെഡറിക് ലിന്‍ഡര്‍മാന്‍റെ മരണത്തെ കുറിച്ചും അദ്ദേഹം കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അദ്ദേഹം ഇങ്ങനെയാണ് എഴുതിയത്: 'അദ്ദേഹത്തെ അറിയുന്നവര്‍ക്കും അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുന്നവര്‍ക്കും ഇതൊരു വലിയ നഷ്‍ടമാണ്. ഒരുമിച്ച് രസകരമായ അത്താഴം കഴിച്ചതിന്‍റെ ഓര്‍മ്മയുണ്ട്. 1920 -കളുടെ തുടക്കത്തില്‍ ആരംഭിച്ചതാണ് ആ സൗഹൃദം' എന്നെല്ലാം ആ വിവരണം നീളുന്നുണ്ട്. ഒറ്റപ്പേജിലായി കൈകൊണ്ട് എഴുതിയതാണ് കത്ത്. 'പ്രൈവറ്റ്' എന്ന് മാര്‍ക്ക് ചെയ്‍ത കത്തില്‍ ഇനിഷ്യലായ WSC എന്നാണ് സൈന്‍ ചെയ്‍തിരിക്കുന്നത്. സ്‍പെയിനിലെ മലാഗയില്‍ ഇന്‍റര്‍നാഷണല്‍ ഓട്ടോഗ്രാഫ് ലേലത്തില്‍ കത്ത് പിന്നീട് ലേലത്തിനുവെച്ചു.

മിക്കപ്പോഴും പമേലയും ചര്‍ച്ചിലും കണ്ടുമുട്ടാറുണ്ടായിരുന്നുവെന്നും ഇരുവരും മിക്കവാറും ഒരുമിച്ച് അത്താഴം കഴിച്ചുവെന്നും ഒരുമിച്ച് ഹൈദരാബാദില്‍ ആനസവാരി നടത്തിയെന്നും പറയപ്പെടുന്നു. 1988 നവംബര്‍ 28 -ന് ഈജിപ്‍തില്‍ നിന്നും ചര്‍ച്ചില്‍ പമേലയ്ക്ക് ഒരു കത്തെഴുതിയിരുന്നു. അവരുടെ ജീവിതത്തിലെ വളരെ ആര്‍ദ്രമായ ഒരു കാര്യത്തെക്കുറിച്ചാണ് കത്തിലെഴുതിയിരുന്നത്. അതില്‍ അദ്ദേഹം ഇങ്ങനെ എഴുതി: 'എനിക്ക് സ്നേഹിക്കാന്‍ കഴിവില്ലെന്ന് നിങ്ങൾ എന്തിനാണ് പറയുന്നത്? ആ ചിന്ത നശിപ്പിക്കുക. എല്ലാവരിലും ഉപരിയായി ഞാൻ ഒരാളെ സ്നേഹിക്കുന്നു. എന്‍റെ സ്നേഹം ആഴമേറിയതും ശക്തവുമാണ്.' രണ്ടാം ബോയര്‍ യുദ്ധകാലത്തും ഇരുവരുടെയും സൗഹൃദം തുടര്‍ന്നിരുന്നു. എന്നാല്‍, പിന്നീട് വിവാഹക്ഷണം പമേല നിരസിക്കുകയായിരുന്നു. പിന്നീട്, ചര്‍ച്ചില്‍ തന്‍റെ ഭാര്യയായിരുന്ന ക്ലെമന്‍റൈനെ കാണുന്നു, 1904 -ലായിരുന്നു ഇത്. പിന്നീട് 1908 -ല്‍ വീണ്ടും കാണുകയും വിവാഹിതരാവുകയും ചെയ്‍തു. 

1902 -ല്‍ വിക്ടറിന്‍റെയും പമേലയുടെയും വിവാഹം കഴിഞ്ഞു. 1922 മുതല്‍ 1927 വരെ ബംഗാള്‍ ഗവര്‍ണറായിരുന്നു വിക്ടര്‍. ആ സമയത്തെല്ലാം അവരിരുവരും ഇന്ത്യയിലുണ്ടായിരുന്നു. അന്നത്തെ അറിയപ്പെടുന്ന സുന്ദരി ആയിരുന്നു പമേല. അങ്ങനെ അവളും മകളും ഒരുമിച്ചുള്ള ചിത്രം 1911 -ല്‍ കൗണ്ടി ലൈഫില്‍ പ്രസിദ്ധീകരിച്ചുവന്നിരുന്നു. 1971 -ലാണ് പമേല മരിക്കുന്നത്. ചര്‍ച്ചില്‍ മരിച്ചുകഴിഞ്ഞ് ആറ് വര്‍ഷത്തിന് ശേഷമായിരുന്നു ഇത്.


 

click me!