
ചൈനയിലെ ഹെനാൻ പ്രവിശ്യയിലുള്ള ഷാങ്‌ക്യൂവിൽ താമസിക്കുന്ന 36 വയസ്സുകാരിയായ ലി എന്ന യുവതിയുടെ കഥ സോഷ്യൽ മീഡിയയിൽ വലിയ സഹതാപ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. അസുഖം കാരണം മുടി കൊഴിഞ്ഞതിനെത്തുടർന്ന് ഭർത്താവ് ഇവരെ വിവാഹമോചനം ചെയ്തതാണ് വാർത്തയായത്.
രണ്ട് വർഷം മുമ്പാണ് ലിയുടെ മുടി പെട്ടെന്ന് നരച്ചു തുടങ്ങിയത്. പരിശോധനയിൽ അവർക്ക് വിറ്റിലിഗോ (Vitiligo) എന്ന ചർമ്മരോഗമാണെന്ന് കണ്ടെത്തി. ഈ രോഗം കാരണം ചർമ്മത്തിന്റെയും മുടിയുടെയും സ്വാഭാവിക നിറം നഷ്ടപ്പെടുകയും അവർ പ്രായം കൂടിയവളെപ്പോലെ കാണപ്പെടുകയും ചെയ്തു. അസുഖം വന്നത് മുതൽ ഭർത്താവ് അവരെ വെറുപ്പോടെയാണ് കണ്ടിരുന്നത്. ഭർത്താവിന്റെ അവഗണന വലിയ മാനസികാഘാതമാണ് അവർക്ക് ഉണ്ടാക്കിയത്. തന്റെ ഭർത്താവ് ഇത്രയും ക്രൂരനായ ഒരു മനുഷ്യനാണെന്ന് താൻ കരുതിയിരുന്നില്ലെന്ന് ലി പറയുന്നു. രോഗാവസ്ഥയിൽ താങ്ങായി നിൽക്കുന്നതിന് പകരം സൗന്ദര്യം പോയതിന്റെ പേരിൽ അയാൾ അവരെ മാനസികമായി പീഡിപ്പിക്കുകയും ഒടുവിൽ വിവാഹമോചനം നേടുകയുമായിരുന്നു.
ഭർത്താവിന്റെ ഈ നിഷ്ഠൂരമായ പെരുമാറ്റത്തിൽ മനംനൊന്ത് ലി മാധ്യമങ്ങളെ കണ്ട് തന്റെ അവസ്ഥ വിവരിക്കുകയായിരുന്നു. 16 വർഷത്തെ ദാമ്പത്യം ഇത്തരത്തിൽ അവസാനിച്ചത് അവരെ വലിയ വിഷാദത്തിലാഴ്ത്തി. സമൂഹത്തിൽ നിന്നും താൻ മാറ്റി നിർത്തപ്പെട്ടുവെന്നാണ് ലീ പറയുന്നത്. റോഡിലൂടെ നടന്നുപോകുമ്പോൾ കുട്ടികൾ ലിയെ പരിഹസിക്കാറുണ്ടായിരുന്നു. ചൈനീസ് ടെലിവിഷൻ പരമ്പരയായ 'ദ റൊമാൻസ് ഓഫ് ദ കോണ്ടർ ഹീറോസ്' ലെ 'ക്യു ക്വാൻചി' എന്ന കഥാപാത്രത്തോടാണ് കുട്ടികൾ ലിയെ ഉപമിച്ചിരുന്നത്.
ചികിത്സാച്ചെലവ് വഹിക്കാൻ താൽപ്പര്യമില്ലാത്തതിനാൽ ഭർത്താവ് ഒരിക്കൽ പോലും ലിയെ ആശുപത്രിയിൽ കൊണ്ടുപോകാനോ അസുഖത്തെക്കുറിച്ച് ചോദിക്കാനോ തയ്യാറായില്ല. ഭാര്യയെ കൂട്ടി ബന്ധുക്കളുടെ വീട്ടിലോ പാർട്ടികൾക്കോ പോകാനും അയാൾ വിസമ്മതിച്ചു. ലി കൂടെ വരുന്നത് തന്റെ അന്തസ്സിനെ ബാധിക്കുമെന്നായിരുന്നു അയാളുടെ വാദം. 16 വർഷം നീണ്ട ദാമ്പത്യത്തിനൊടുവിൽ ലിക്കിന് വിവാഹമോചനം അംഗീകരിക്കേണ്ടി വന്നു. കോടതി കുട്ടിയുടെ സംരക്ഷണ ചുമതല ഭർത്താവിനാണ് നൽകിയിരിക്കുന്നത്. ലിയുടെ ഈ ആരോപണങ്ങളോട് ഭർത്താവ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഹെനാനിലെ ഷെങ്‌ഷൗ ല്യൂക്കോഡെർമ ഹോസ്പിറ്റലിലെ സീനിയർ ഡോക്ടറായ ലു മാൻചുൻ ഈ രോഗാവസ്ഥയെക്കുറിച്ച് വിശദീകരിക്കുന്നത് ശരീരത്തിന്റെ ഏത് ഭാഗത്തും വരാവുന്ന ഒന്നാണ് വിറ്റിലിഗോ എന്നാണ്. ലോകമെമ്പാടുമുള്ള ഏകദേശം 0.5 മുതൽ 2 ശതമാനം വരെ ആളുകളെ ഈ രോഗം ബാധിക്കുന്നുണ്ട്. ലിയുടെ അവസ്ഥ തുടക്കത്തിൽ അത്ര ഗുരുതരമായിരുന്നില്ല. എന്നാൽ, ഭർത്താവിൽ നിന്നുള്ള അവഗണനയും പരിഹാസവും കാരണം അവർക്കുണ്ടായ ആശങ്ക, ദേഷ്യം, മറ്റ് മാനസിക വിഷമങ്ങൾ എന്നിവ രോഗം പടരാൻ കാരണമായി. പോസിറ്റീവ് ആയ ചിന്താഗതിയും സന്തോഷകരമായ മനസ്സാന്നിധ്യവും ഈ രോഗത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.