എഴുതിപ്പൂർത്തിയാക്കിയ ഗവേഷണപ്രബന്ധത്തിന് 'നൂലുകെട്ട്' നടത്തി വിദ്യാർത്ഥിനി

Published : Jun 07, 2019, 01:23 PM ISTUpdated : Jun 07, 2019, 01:33 PM IST
എഴുതിപ്പൂർത്തിയാക്കിയ ഗവേഷണപ്രബന്ധത്തിന് 'നൂലുകെട്ട്' നടത്തി വിദ്യാർത്ഥിനി

Synopsis

ശരിക്കും ഒരു കുഞ്ഞുണ്ടായാൽ അമേരിക്കയിൽ എന്തൊക്കെ ചടങ്ങുകൾ നടത്തുമോ അതൊക്കെ നടത്തി,  ചിത്രങ്ങളും  പങ്കുവെച്ചുകൊണ്ടുള്ള ഒരു ട്വീറ്റിലൂടെയായിരുന്നു

നമ്മുടെ നാട്ടിലൊക്കെ ഒരു ഗവേഷണപ്രബന്ധം എഴുതിപ്പൂർത്തിയായാൽ സാധാരണ പതിവുള്ളത് ഒരു ഹാൾ ബുക്കുചെയ്ത് ബന്ധപ്പെട്ടവരെയൊക്കെ വിളിച്ചുകൂട്ടി, അവർക്കുമുന്നിൽ ആ പ്രബന്ധത്തെ 'ഡിഫൻഡ്' ചെയ്യുക  എന്ന ചടങ്ങാണുള്ളത്.  വ്യത്യസ്തമായ ഒരു ഗവേഷണ പ്രബന്ധാവതരണം കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് അമേരിക്കയിലെ അറ്റ്ലാന്റ സ്വദേശിയായ സാറ കർട്ടിസ്‌ എന്ന വിദ്യാർത്ഥിനി. തന്റെ ഗവേഷണ കാലയളവിലെ പത്തുമാസത്തെ ഗർഭത്തെപ്പോലെ കരുതി, ഒടുവിൽ പ്രബന്ധക്കുഞ്ഞ് പുറത്തുവന്നപ്പോൾ അതിനെ, സ്വന്തം കൈ കൊണ്ട് തുന്നിയെടുത്ത ഒരു കമ്പിളിപ്പുതപ്പൊക്കെ ചുറ്റിച്ച്, ഒരു പ്രൊഫഷണൽ ഫോട്ടോഷൂട്ട് ഒക്കെ  നടത്തി, ശരിക്കും ഒരു കുഞ്ഞുണ്ടായാൽ അമേരിക്കയിൽ എന്തൊക്കെ ചടങ്ങുകൾ നടത്തുമോ അതൊക്കെ നടത്തി,  ചിത്രങ്ങളും  പങ്കുവെച്ചുകൊണ്ടുള്ള ഒരു ട്വീറ്റിലൂടെയായിരുന്നു സാറയുടെ ഗവേഷണപ്രബന്ധത്തിന്റെ പ്രസിദ്ധപ്പെടുത്തൽ. 

 

ഒരു ഗർഭം ധരിക്കുക എന്നത് പലപ്പോഴും ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസമുള്ള ഒന്നായി മാറാറുണ്ട്. ഏറെ പ്രയാസങ്ങൾ നിറഞ്ഞ ഒരു കാലയളവാകാം പലർക്കും തങ്ങളുടെ ഗർഭകാലം. ചിലപ്പോൾ അതൊക്കെ  ഒരു ഗവേഷണത്തിനും ബാധകമായെന്നു വരാം. ഒരു പക്ഷേ, ഗർഭകാലത്ത് ഒരു സ്ത്രീ അനുഭവിക്കുന്ന അതേ സംഘർഷങ്ങൾ, ചിലപ്പോൾ അതിനേക്കാൾ കൂടിയ തോതിലുള്ള മാനസിക സമ്മർദ്ദങ്ങളിലൂടെയാവും ഒരു ഗവേഷകവിദ്യാർത്ഥിനിയ്ക്ക് കടന്നുപോകേണ്ടി വരിക. ബിരുദാനന്തര ബിരുദവും എംഫിലും ഒക്കെ കഴിഞ്ഞ് ഗവേഷണത്തിനുള്ള യോഗ്യതയും നേടി, നല്ലൊരു വിഷയം തെരഞ്ഞെടുത്ത്, ചേരുന്നൊരു ഗൈഡിനെയും കണ്ടെത്തി, സമ്മതിപ്പിച്ച് ഒടുക്കം ഗവേഷണം തുടങ്ങുന്ന പലർക്കും അത് ഒരു വല്ലാത്ത പരീക്ഷണമായി മാറാറുണ്ട്. സാധാരണ ഗതിയ്ക്ക് ഒരു ഗവേഷണത്തിന്റെ കാലാവധി 3-5  വർഷമെന്നാണ് യൂണിവേഴ്‌സിറ്റി കണക്കെങ്കിലും, പലപ്പോഴും അത് പല കാരണങ്ങളാലും 8-10  കൊല്ലം വരെയൊക്കെ നീണ്ടുപോവാറുണ്ട്. അതിനിടയിൽ വേണമെങ്കിൽ ഗൈഡുമായി തെറ്റി ഗവേഷണം അലസുക വരെ ചെയ്യാം. പലരും ഗവേഷണത്തെ ജീവന്മരണ പ്രശ്നമായി കണ്ട് അരയും തലയും മുറുക്കി പോരാടി ഒരു വിധം പ്രബന്ധം പൂർത്തിയാക്കി അവതരിപ്പിച്ച് തങ്ങളുടെ പേരിനു മുമ്പ് ഒരു ഡോ. സംഘടിപ്പിക്കും. 

അത്തരത്തിൽ ഏറെ നാൾ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ തന്റെ ഗവേഷണം മുഴുമിച്ചപ്പോൾ, അത് അല്പം വ്യത്യസ്തമായിത്തന്നെലെ സാറാ കർട്ടിസ് എന്ന വിദ്യാർത്ഥിനി. 'Epigenetic Variation and Exposure to Endocrine-disrupting Compounds' എന്ന വിഷയത്തിലാണ് അവർ ഗവേഷണം പൂർത്തിയാക്കിയത്. തലക്കെട്ട് വായിച്ചപ്പോൾ തന്നെ തലകറങ്ങിയോ..? സാരമില്ല. വായിച്ച മിക്കവരുടെയും കിളി പോയെങ്കിലും വർഷങ്ങൾ നീണ്ട കഠിനമായ തപസ്യയിലൂടെ പ്രബന്ധം എഴുതിതത്തീർത്ത് അടിവരയിട്ടു സാറ. ഒടുവിൽ തന്റെ പ്രബന്ധക്കുഞ്ഞിനെ, ഗവേഷണകാലയളവിൽ തുന്നിയെടുത്ത കമ്പിളിക്കുപ്പായത്തിൽ പൊതിഞ്ഞെടുത്ത് ഒരു ഫോട്ടോഷൂട്ട് തന്നെ നടത്തി അതിന്റെ ചിത്രങ്ങൾ ട്വീറ്റ് ചെയ്താണ് സാറ തന്റെ ഗവേഷണഗർഭത്തിന്റെ സുഖപ്രസവത്തെപ്പറ്റി പുറം ലോകത്തെ അറിയിച്ചത്. 

1678 -ൽ എലേനാ കോർനാറോ പിസ്‌കോപ്പിയ എന്ന വെനീഷ്യൻ വനിതയാണ് ലോകത്തിൽ ആദ്യമായി ഒരു ഗവേഷണ പ്രബന്ധം എഴുതി പൂർത്തിയാക്കി ഡോക്ടറേറ്റിന് അർഹയാവുന്നത്. അവരുടെ 373 പിറന്നാൾ ദിനത്തിലാണ് സാറയും തന്റെ സന്തോഷ വർത്തമാനം ഈ ലോകത്തെ അറിയിച്ചത്. അന്നേദിവസം ഗൂഗിൾ ഒരു ഡൂഡിലിലൂടെ എലേനയെ ആദരിക്കുകയുണ്ടായി. ഒരു തടിയൻ പുസ്തകത്തിനുള്ളിൽ തലപൂഴ്ത്തിയിരിക്കുന്ന എലേനയുടെ ചിത്രമായിരുന്നു ആ ഡൂഡിൽ.

എന്തായാലും സാറാ കർട്ടിസിന്റെ ട്വീറ്റും ചിത്രങ്ങളും ഗവേഷക വിദ്യാർത്ഥിനികൾക്കിടയിൽ വൈറലായി.  സാറയുടെ വഴിപിന്തുടർന്ന് നിരവധി ഗവേഷക വിദ്യാർത്ഥിനികൾ അതുപോലെ തന്നെ ചിത്രങ്ങളും മറ്റും ട്വീറ്റ് ചെയ്തു. ഗവേഷണങ്ങളുടെ വഴിത്താര എത്ര കല്ലും മുള്ളും നിറഞ്ഞതാണ് എന്ന നഗ്‌നസത്യത്തിലേക്ക്  ഒരിക്കൽ കൂടി വെളിച്ചം വീശാനാണ് അവർ ഈ രസകരമായ മാർഗം അവലംബിച്ചത്. 

PREV
click me!

Recommended Stories

മൈനസ് 8°C -യിലെ പ‍ർവ്വതാരോഹണം, കാമുകിയെ മരണത്തിന് വിട്ടുനൽകിയെന്ന് ആരോപിച്ച് കാമുകനെതിരെ കേസ്
പുള്ളിപ്പുലികളെ വന്ധ്യംകരിക്കണം; അവ നാട്ടിലിറങ്ങുന്നത് തടയാൻ ആടുകളെ കാട്ടിലേക്ക് വിടണം; മഹാരാഷ്ട്ര വനം മന്ത്രി